
പാലക്കാട്: പാലക്കാട് പുതുനഗരത്തിൽ വീട്ടില്‍ ഇന്നലെ പന്നിപ്പടക്കം പൊട്ടിത്തെറിച്ച് അപകടമുണ്ടായ സംഭവത്തില്‍ പരുക്കേറ്റ ഷരീഫിനെ സംശയമുണ്ടെന്ന് പൊലീസ്. പന്നിപ്പടക്കം കൊണ്ടുവന്നത് ഷരീഫ് ആണോ എന്നാണ് പൊലീസിന്‍റെ സംശയം. ഷരീഫിന്‍റെ വീട്ടിൽ ഇന്ന് പൊലീസ് പരിശോധന നടത്തും. പന്നിപ്പടക്കം ഷരീഫിന്‍റെ കയ്യിൽ നിന്ന് വീണു പൊട്ടിയതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഷരീഫ് സഹോദരിയെ കാണാനാണ് വീട്ടിൽ എത്തിയത്. അപകടത്തില്‍ ഇയാളുടെ സഹോദരിക്കും പരിക്കേറ്റിട്ടുണ്ട്. ഷരീഫിന്‍റെ രാഷ്ട്രീയ പശ്ചാത്തലവും അന്വേഷിക്കും എന്നാണ് വിവരം.
വീടിനുള്ളിൽ നടത്തിയ പരിശോധനയിൽ മറ്റു സ്ഫോടക വസ്തുക്കൾ കണ്ടെത്തിനായില്ലെന്നും പരിക്കേറ്റ ഷരീഫ് പന്നിപ്പടക്കമുപയോഗിച്ച് പന്നികളെ പിടികൂടാറുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. പുതുനഗരത്തെ വീട്ടിൽ ഗ്യാസ് സിലണ്ടറോ, വീട്ടുപകരണങ്ങളോ അല്ല പൊട്ടിത്തെറിച്ചതെന്ന് നേരത്തെ തന്നെ പൊലീസ് വിശദീകരിച്ചിരുന്നു. പുതുനഗരം മാങ്ങോട് ലക്ഷംവീട് നഗറിലെ വീട്ടിലാണ് പൊട്ടിത്തെറിച്ച് തീ ആളിക്കത്തിയത്. സഹോദരങ്ങളായ ഷരീഫ്, ഷഹാന എന്നിവർക്കാണ് പൊട്ടിത്തെറിയിൽ പരിക്കേറ്റത്. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ ബോംബ് സ്ക്വാഡും, ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.