
പാലാ : ജനറലാശുപത്രിയിലെ രോഗികളും, കൂട്ടിരിപ്പുകാരുമൊക്കെ ഇപ്പോള്‍ പൂടപ്പഴത്തിന്റെ പുളികലർന്ന മധുരം നുകരുകയാണ്.
ആശുപത്രി വളപ്പിലെ പച്ചക്കറിത്തോട്ടത്തില്‍ പൂടപ്പഴത്തിന്റെ ഒരു വിത്ത് ഇട്ടതേയുള്ളൂ.
ഇപ്പോള്‍ അവിടമാകെ നിറഞ്ഞുനില്‍ക്കുകയാണ്. ഈ കാഴ്ച കാണാനും, മധുരം നുകരാനും നിരവധിപ്പേർ എത്തുന്നുണ്ടെന്ന് ഇത് നട്ട് പരിപാലിച്ച ആശുപത്രിയിലെ പാർട് ടൈം സ്വീപ്പർകൂടിയായ മറ്റക്കര ഐക്കരക്കുഴിയില്‍ എ.എസ്.ഹരികുമാർ പറയുന്നു.
കളച്ചെടി എന്നറിയപ്പെടുന്ന പൂടപ്പഴം പുതുതലമുറയ്ക്ക് അത്ര പരിചിതമല്ല.
പണ്ടുകാലത്ത് ജനങ്ങളുടെ വിശപ്പടക്കിയിരുന്ന ഈ പഴം ഇന്ന് അന്യംനിന്ന് പോയി. പാഷൻ ഫ്രൂട്ടിന്റെ കുടുംബക്കാരനായ പാസിഫ്‌ളോറ ഫിറ്റിഡ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന പൂടപ്പഴം, അമ്മൂമ്മപ്പഴം, പൂച്ചപ്പഴം, കുരങ്ങൻപഴം, കുറുക്കൻപഴം തുടങ്ങിയ പല പേരുകളിലും അറിയപ്പെടുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
”പച്ചക്കറിത്തോട്ടത്തിനായി നിലമൊരുക്കിയപ്പോള്‍ കൗതുകം തോന്നുന്ന കായയും ഒരു ചെടിയും കിട്ടി. ഇതേപ്പറ്റി ഗൂഗിളില്‍ തെരഞ്ഞപ്പോള്‍ പൂടപ്പഴത്തിന്റെ കായും ചെടിയുമാണെന്ന് മനസിലായി. നാലുമാസം മുൻപാണ് നട്ടത്. ജല്ലികൊണ്ട് ആവരണം ചെയ്ത ഒരു കറുത്ത കുരു പൂടപ്പഴത്തിനുള്ളില്‍ കാണുന്നു.
സർവരോഗ സംഹാരി
വിവിധ നാടുകളില്‍ വിവിധ പേരുകളില്‍ അറിയപ്പെടുന്ന പൂടപ്പഴം സർവരോഗ സംഹാരിയായ ഔഷധ സസ്യമാണെന്ന് പഴമക്കാർ പറയുന്നു. അള്‍സറിനെ
സുഖപ്പെടുത്താൻ, എല്ലുകളുടെ ശേഷി വർദ്ധിപ്പിക്കാൻ, ബി.പി കുറയ്ക്കാൻ എല്ലാത്തിനും ഉത്തമം. അയണ്‍, വിറ്റാമിൻ സി, പൊട്ടാസ്യം തുടങ്ങിയവയും അടങ്ങിയിരിക്കുന്നു.
ആസ്മ, ത്വക് രോഗങ്ങള്‍, ഹിസ്റ്റീരിയ തുടങ്ങിയവയ്‌ക്കും നല്ലതാണ്. ചെടി സമൂലം വെള്ളത്തില്‍ തിളപ്പിച്ച് കുടിച്ചാല്‍ കുട്ടികളിലെ വിരശല്യം മാറും.