
കോട്ടയം: അടുത്ത നിയമസഭാ രെത്തെടുപ്പിൽ പാലാ കാണാൻ പോകുന്നത് ഒരു സവിശേഷ മത്സരമായിരിക്കും. കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയുടെ ഭാര്യ നിഷ യാകും പാലായിൽ സ്ഥാനാർത്ഥി . അങ്ങനെയെങ്കിൽ കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ വിശുദ്ധ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന പാലായില്‍ വരാനിരിക്കുന്നത് ഉജ്ജ്വലമായ ഒരു തെരഞ്ഞെടുപ്പ് പോരാട്ടം മാത്രമായിരിക്കില്ല, കേരള കോണ്‍ഗ്രസ് എം എന്ന പാർട്ടിയിലെ നിർണ്ണായകമായ ഒരു അധികാര വടംവലിയുടെ അധ്യായം കൂടിയാകുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.
കെഎം മാണി എന്ന അതികായന്റെ പാരമ്പര്യം പേറുന്ന മണ്ഡലത്തില്‍ ഇത്തവണ ജോസ് കെ. മാണിക്ക് പകരം ഭാര്യ നിഷ ജോസ് കെ. മാണി സ്ഥാനാർത്ഥിയായേക്കുമെന്ന ചർച്ചകള്‍ക്ക് ചൂടേറുകയാണ്. ഒപ്പം ഈ നീക്കത്തെ പ്രതിരോധിക്കാൻ മന്ത്രി റോഷി അഗസ്റ്റിൻ നടത്തുന്ന നീക്കങ്ങളും പാര്‍ട്ടിയില്‍ ഭിന്നിപ്പിന് വഴിവെച്ചിരിക്കുകയാണ്.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പാലാ മണ്ഡലത്തിലെ ചെറുതും വലുതുമായ എല്ലാ പരിപാടികളിലും നിഷ ജോസ് കെ. മാണി ഇപ്പോള്‍ സജീവമാണ്. പുലിയന്നൂർ ക്ഷേത്രത്തിലെ ഗാനമേളയില്‍ കുട്ടികളോടൊപ്പം നിഷ നൃത്തം ചെയ്ത വീഡിയോ വൈറലായത് വെറുമൊരു ആഘോഷമായല്ല രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. 2021-ല്‍ പാലായില്‍ നേരിട്ട തോല്‍വി ഇത്തവണ ജോസിന് ആവർത്തിച്ചാല്‍ അത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയെയും നിലവിലെ രാജ്യസഭാ സ്ഥാനത്തെയും ബാധിച്ചേക്കാം. അതുകൊണ്ട് തന്നെ ‘സേഫ് ഗെയിം’ എന്ന നിലയില്‍ നിഷയെ മത്സരിപ്പിക്കാനാണ് ജോസ് വിഭാഗത്തിന്റെ പദ്ധതിയെന്നാണ് സംസാരം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സാമുദായിക ചടങ്ങുകളിലും വികസന പരിപാടികളിലും ഒരു സ്ഥാനാർത്ഥിയെപ്പോലെ നിഷ നടത്തുന്ന ഇടപെടലുകള്‍ പാലായില്‍ ചർച്ചയാകുന്നുണ്ട്. നിഷയുടെ സ്ഥാനാർത്ഥിത്വത്തെ നേരത്തെ മണത്തറിഞ്ഞ റോഷി വിഭാഗം ചരടുവലികള്‍ തുടങ്ങിയെന്നും അടുത്തിടെ നടന്ന സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. വാർത്താസമ്മേളനത്തിനിടെ ജോസിന്റെ കയ്യില്‍ നിന്നും മൈക്ക് വാങ്ങി റോഷി നടത്തിയ പ്രഖ്യാപനത്തെയും അങ്ങനെ കാണാമെന്ന് ചിലര്‍ വിലയിരുത്തുന്നു. പാലായില്‍ ജോസ് കെ. മാണി തന്നെ മത്സരിക്കും, അതിലെന്ത് സംശയം?” എന്നായിരുന്നു മൈക്ക് പിടിച്ചുവാങ്ങിയുള്ള റോഷിയുടെ പ്രസ്താവന.
കെ.എം. മാണിയുടെ കാലത്ത് പാർട്ടി ചെയർമാൻ പറയുന്നതായിരുന്നു അവസാന വാക്ക്. എന്നാല്‍ ഇന്ന് റോഷി അഗസ്റ്റിൻ സിപിഎം നേതൃത്വത്തോടും മുഖ്യമന്ത്രി പിണറായി വിജയനോടും പുലർത്തുന്ന അടുത്ത ബന്ധം അദ്ദേഹത്തിന് പാർട്ടിയില്‍ രണ്ടാമത്തെ അധികാര കേന്ദ്രം എന്ന പരിവേഷം നല്‍കിയിട്ടുണ്ട്. ഇടതുമുന്നണിയില്‍ തുടരണമെന്ന റോഷിയുടെ കർക്കശ നിലപാടാണ് ഇന്ന് പാർട്ടിയെ മുന്നണിയില്‍ സുരക്ഷിതമാക്കിയത്. ഇത് ജോസ് കെ. മാണിയുടെ ആധിപത്യത്തിന് മേല്‍ റോഷിയുടെ സ്വാധീനം വർദ്ധിപ്പിച്ചു.
എന്നാല്‍ ആരെയും എതിർക്കാൻ അല്ല പാർട്ടിയുടെ താല്പര്യങ്ങള് സംരക്ഷിക്കാനാണ് റോഷി ശ്രമിക്കുന്നത് എന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ വിശദീകരിക്കുന്നു. കെഎം മാണിയുടെ മകന്റെ രാഷ്ട്രീയത്തെ തള്ളിക്കളഞ്ഞ പാലാക്കാർ എങ്ങനെ മരുമകളെ സ്വീകരിക്കും എന്നാണ് അവർ ചോദിക്കുന്നത്. നിഷയുടെ ഇടപെടലുകളിലെ അതിശയോക്തിയും നാടകീയതയും ജനങ്ങള്‍ക്ക് മുമ്പില്‍ പരിഹാസ വിഷയമാണെന്നും കാപ്പനെ പോലെ ശക്തനായ ഒരു എതിരാളിയെ നേരിടുവാൻ നിഷ അനുയോജയായ സ്ഥാനാർത്ഥി അല്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നുണ്ട്.
.



