
കോട്ടയം: പാലായില്‍ ഏത് മുന്നണിയെ പിന്തുണക്കണമെന്നതില്‍ പുളിക്കകണ്ടം കുടുംബത്തിന്റെ പ്രഖ്യാപനം നാളെ. ഇന്ന് മുന്നണികളുമായി നേരിട്ട് ചർച്ച നടക്കും.
യുഡിഎഫിനെ പിന്തുണക്കാനാണ് സാധ്യത കൂടുതല്‍. ജനസഭയില്‍ ഭൂരിപക്ഷവും ആവശ്യപ്പെട്ടത് യുഡിഎഫിനെ പിന്തുണക്കണമെന്നായിരുന്നു. ആരെ പിന്തുണച്ചാലും ദിയ ബിനുവിന് രണ്ടര വർഷം ചെയർപേഴ്സണ്‍ സ്ഥാനം ആവശ്യപ്പെടും.
പൊതുജനങ്ങളില്‍ നിന്നും അഭിപ്രായം എഴുതി വാങ്ങി, ആവശ്യം അംഗീകരിക്കുന്നവരെ പിന്തുണയ്ക്കാനാണ് ഏകദേശ ധാരണ. ജനസഭയില്‍ വെച്ച് ഭൂരിപക്ഷം ആളുകളും യുഡിഎഫിന് പിന്തുണയ്ക്കണം എന്നാണ് ആവശ്യപ്പെട്ടത്. ഇതിനടിസ്ഥാനത്തില്‍ യുഡിഎഫുമായിട്ടായിരിക്കും ആദ്യം ചർച്ച നടത്തുക. എല്‍ഡിഎഫ് നേതാക്കളുമായും ചർച്ച നടത്തുമെന്ന് ബിനു പുളക്കകണ്ടം യോഗത്തില്‍ പറഞ്ഞു. ജനസഭയില്‍ ഒരു വന്ന അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് ചൊവ്വാഴ്ച അന്തിമ തീരുമാനം പ്രഖ്യാപിക്കും.
പുളിക്കകണ്ടം കുടുംബത്തിലെ കൗണ്‍സിലർമാരായ ബിനു പുളിക്കകണ്ടം, ബിജു പുളിക്കകണ്ടം, ദിയ ബിനു പുളിക്കകണ്ടം എന്നിവര്‍ വിജയിച്ച മൂന്നു വാര്‍ഡുകളിലെ പൊതുജനങ്ങളാണ് ജനസഭയില്‍ പങ്കെടുത്തത്. പിന്തുണ തേടി സമീപിച്ച എല്‍ഡിഎഫ്, യുഡിഎഫ് നേതാക്കളെയും പുളിക്കകണ്ടം കുടുംബം ജനസഭയിലെ തീരുമാനം അറിയിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പുളിക്കകണ്ടം കുടുംബത്തില്‍ നിന്നും വിജയിച്ച സ്വതന്ത്ര അംഗങ്ങളടക്കം ഇന്നലെ സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഇതിനുശേഷമാണ് വൈകിട്ട് ജനസഭ നടന്നത്. എല്‍ഡിഎഫിനും യുഡിഎഫിനും കേവല ഭൂരിപക്ഷമില്ലാത്ത പാല നഗരസഭയില്‍ സ്വതന്ത്രരായി ജയിച്ച പുളിക്കകണ്ടം കുടുംബത്തിലെ മൂന്ന് കൗണ്‍സിലർമാരുടെ തീരുമാനം ഭരണത്തില്‍ ഏറെ നിര്‍ണായകമാണ്. കേരള കോണ്‍ഗ്രസ് എമ്മിന് ഭരണം നഷ്ടമായ നഗരസഭയാണ് പാലാ. ഇവിടെ സ്വതന്ത്രരുടെ പിന്തുണ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് രണ്ട് മുന്നണികളും.
ആകെയുള്ള 26 സീറ്റില്‍ 12 സീറ്റിലും എല്‍ഡിഎഫ് ആണ് വിജയിച്ചത്. പത്ത് സീറ്റില്‍ യുഡിഎഫും വിജയിച്ചു. നാലിടത്താണ് സ്വതന്ത്രര്‍ വിജയിച്ചത്. സ്വതന്ത്രരില്‍ മൂന്ന് പേരാണ് പുളിക്കകണ്ടം കുടുംബത്തില്‍ നിന്നുള്ളത്. മുൻ സിപിഎം കൗണ്‍സിലർ ബിനു പുളിക്കക്കണ്ടം, സഹോദരൻ ബിജു പുളിക്കക്കണ്ടം, ബിനുവിന്‍റെ മകള്‍ ദിയ പുളിക്കണ്ടം എന്നിവരാണ് സ്വതന്ത്രരായി ഒരേ കുടുംബത്തില്‍ നിന്ന് വിജയിച്ച മൂന്നുപേര്‍. ഇതിനുപുറമെ 19ാം വാര്‍ഡില്‍ നിന്ന് കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മായ രാഹുലും വിജയിച്ചു. നാലു പേരുടെയും അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണ് മുന്നണികള്‍.
ആദ്യം യുഡിഎഫുമായി ചര്‍ച്ച നടത്തുമെന്നാണ് ജനസഭയില്‍ ബിനു പുളിക്കകണ്ടം വ്യക്തമാക്കിയിട്ടുള്ളത്.
ബിനുവും ബിജുവും ദിയയും മത്സരിച്ച വാർഡുകളില്‍ യുഡിഎഫ് സ്ഥാനാർത്ഥികളെ നിർത്തിയിരുന്നില്ല. ഇതിനാല്‍ പുളിക്കകണ്ടം കുടുംബം പിന്തുണയ്ക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് യുഡിഎഫ്. കോണ്‍ഗ്രസ് വിമതയായിരുന്നെങ്കിലും മായ രാഹുലും പുളിക്കക്കണ്ടം കുടുംബത്തിന്‍റെ തീരുമാനത്തിനൊപ്പം നിന്നേക്കും. ആദ്യ ടേമില്‍ തന്നെ ചെയർപേഴ്സണ്‍ സ്ഥാനം നല്‍കാൻ യുഡിഎഫ് തയ്യാറാണ്.



