പാലായിൽ യുഡിഎഫ് സ്വതന്ത്രന് മുകളിൽ ഡമ്മി: യുഡിഎഫ് സ്ഥാനാർത്ഥി പട്ടികയിൽ ഏഴാമതായപ്പോൾ കേരള കോൺഗ്രസ് ഡമ്മിയ്ക്ക് മൂന്നാം സ്ഥാനം; ജോസഫിന്റെ ഭീഷണിയിൽ വലയുന്ന ജോസ് കെ.മാണിയ്ക്ക് മറ്റൊരു ഭീഷണി കൂടി; ഡമ്മി സ്ഥാനാർത്ഥിയായി പട്ടികയിൽ ഇടം പിടിച്ചത് ജോസ് കെ.മാണിയെ ചെയർമാനായി തിരഞ്ഞെടുത്തവരിൽ ഒരാൾ

പാലായിൽ യുഡിഎഫ് സ്വതന്ത്രന് മുകളിൽ ഡമ്മി: യുഡിഎഫ് സ്ഥാനാർത്ഥി പട്ടികയിൽ ഏഴാമതായപ്പോൾ കേരള കോൺഗ്രസ് ഡമ്മിയ്ക്ക് മൂന്നാം സ്ഥാനം; ജോസഫിന്റെ ഭീഷണിയിൽ വലയുന്ന ജോസ് കെ.മാണിയ്ക്ക് മറ്റൊരു ഭീഷണി കൂടി; ഡമ്മി സ്ഥാനാർത്ഥിയായി പട്ടികയിൽ ഇടം പിടിച്ചത് ജോസ് കെ.മാണിയെ ചെയർമാനായി തിരഞ്ഞെടുത്തവരിൽ ഒരാൾ

സ്വന്തം ലേഖകൻ

കോട്ടയം: പി.ജെ ജോസഫ് ഉടക്കി നിൽക്കുന്നതോടെ ജോസ് കെ.മാണിയ്ക്ക് അഭിമാന പ്രശ്‌നമായ പാലാ ഉപതിരഞ്ഞെടുപ്പിൽ പാളയത്തിൽ നിന്നു തന്നെ പട തുടങ്ങി. ജോസ് കെ.മാണിയെ ചെയർമാനായി തിരഞ്ഞെടുത്ത യോഗത്തിൽ പങ്കെടുത്ത് കൈപൊക്കിയ കേരള കോൺഗ്രസിന്റെ നേതാവ് ജോബി തോമസ് തന്നെ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായതോടെയാണ് ഇപ്പോൾ ജോസ് കെ.മാണി വെട്ടിലായിരിക്കുന്നത്. എൻസിപി സ്ഥാനാർത്ഥി മാണി സി.കാപ്പനും, ബി.ജെ.പി സ്ഥാനാർത്ഥി എൻ.ഹരിയ്ക്കും പിന്നാലെ മൂന്നാമത് ജോബി തോമസിന്റെ പേരാണ്. കേരള കോൺഗ്രസ് ലേബലിൽ യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന ജോസ് ടോമിന്റെ പേരാകട്ടെ പട്ടികയിൽ ഏഴാം സ്ഥാനത്ത് മാത്രമാണ്.
ജോസ് കെ.മാണിയെ കേരള കോൺഗ്രസ് എം ചെയർമാനായി തിരഞ്ഞെടുത്ത കോട്ടയം സി.എസ്.ഐ റിട്രീറ്റ് സെന്ററിലെ യോഗത്തിൽ പങ്കെടുത്ത് ജോസ് കെ.മാണിയ്ക്ക് വേണ്ടി കൈപൊക്കിയ നേതാക്കളിൽ ഒരാളാണ് ജോബി തോമസ്. കേരള കോൺഗ്രസിന്റെ തൊഴിലാളി സംഘടനയായ കെ.ടി.യു.സി എമ്മിന്റെ ജില്ലാ സെക്രട്ടറിമാരിൽ ഒരാളുമാണ് ജോബി തോമസ്.
കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായി ജോസ് ടോം മത്സരിക്കാനിറങ്ങുമ്പോൾ എതിർപ്പുമായി ജോസഫ് വിഭാഗം രംഗത്തുണ്ട്. ഈ സാഹചര്യത്തിൽ ജോബി കേരള കോൺഗ്രസിന്റെ ഡമ്മി സ്ഥാനാർത്ഥിയായാണ് പത്രിക നൽകിയതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ, ഡമ്മി സ്ഥാനാർത്ഥി പത്രിക പിൻവലിക്കുന്നതാണ് കീഴ് വഴക്കം. എന്നാൽ, ഇത് ഇവിടെ നടപ്പിലായില്ല. ബൂത്തിൽ കൂടുതൽ ഏജന്റുമാരെ ഇരുത്തുന്നതിനും, കൂടുതൽ കൗണ്ടിംങ് ഏജന്റുമാരെ ലഭിക്കുന്നതിനും ഇത്തരത്തിൽ പ്രശസ്തരല്ലാത്ത നേതാക്കളെ ഡമ്മിയായി നിർത്തുന്ന പതിവുണ്ട്. ഇത്തരത്തിൽ ഡമ്മി സ്ഥാനാർത്ഥിയെ നിർത്തുമ്പോൾ ഇവർ ഔദ്യോഗിക സ്ഥാനാർത്ഥിയ്ക്കു മുകളിൽ കയറി വരില്ലെന്നും, പ്രശസ്തരല്ലെന്നും ഉറപ്പുവരുത്താറുണ്ട്. എന്നാൽ, ഇതൊന്നും പാലായിൽ ഉണ്ടായില്ല. ഈ സാഹചര്യത്തിൽ വിമത സ്ഥാനാർത്ഥിയായി തന്നെയാണോ ഇദ്ദേഹം മത്സരിക്കുന്നത് എന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്.