
ഗ്യാസ് ഏജൻസിയുടെ പേരിൽ വീട്ടിലെത്തി ഗൃഹനാഥനെ കബളിപ്പിച്ച് അലമാരയിൽ സൂക്ഷിച്ചിരുന്ന 25,000 രൂപ മോഷ്ടിച്ചു ; പ്രതികളെ പിടികൂടി പാലാ പോലീസ്
പാലാ : മധ്യവയസ്കനായ ഗൃഹനാഥനെ കബളിപ്പിച്ച് വീട്ടിൽ നിന്നും പണം മോഷ്ടിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം കീരിക്കാട് ഐക്യജംഗ്ഷൻ ഞാവക്കാട്ട് തെക്കേതിൽ വീട്ടിൽ ഷിജാർ.എച്ച് (52), കായംകുളം കീരിക്കാട് ഐക്യ ജംഗ്ഷൻ ഓണംപള്ളികിഴക്കേത്തറ വീട്ടിൽ നവാസ്.ജെ (43) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ സംഘം ചേർന്ന് കഴിഞ്ഞമാസം നാലാം തീയതി വള്ളിച്ചിറ ഭാഗത്തുള്ള വീട്ടിൽ മധ്യവയസ്കനായ ഗൃഹനാഥൻ ഒറ്റയ്ക്കായിരുന്ന സമയം ഗ്യാസ് ഏജൻസിയിൽ നിന്നും ഗ്യാസ് സ്റ്റൗ സർവീസ് ചെയ്യാൻ വന്നതാണെന്ന വ്യാജേനെ കാറിലെത്തുകയായിരുന്നു. തുടർന്ന് ഇവരിൽ ഒരാൾ സ്റ്റൗ നന്നാക്കാൻ എന്ന വ്യാജേനെ മധ്യവയസ്കനുമായി അടുക്കളയിലേക്ക് പോയ സമയം, കാറിൽ ഇരുന്ന് ഒരാൾ പരിസരം വീക്ഷിക്കുകയും, ഈ സമയം കൂടെയുണ്ടായിരുന്ന മറ്റൊരാൾ വീട്ടിൽ കയറി ബെഡ്റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 25,000 രൂപ മോഷ്ടിക്കുകയുമായിരുന്നു.
പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ ഇവിടെയെത്തിയ മോഷ്ടാക്കളെ തിരിച്ചറിയുകയും തുടർന്ന് പിടികൂടുകയുമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലാ സ്റ്റേഷൻ എസ്.ഐ ബിനു വി. എൽ, സി.പി.ഓ മാരായ അരുൺ, ജോബി, രഞ്ജിത്ത്, ശ്രീജേഷ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാണ്ട് ചെയ്തു. മറ്റു പ്രതിക്കായി തിരച്ചില്‍ ശക്തമാക്കി.