ഞായറാഴ്‌ചയും മത്സരം; ജില്ലാസ്‌കൂള്‍ കായികമേള നാളെ മുതല്‍ പാലായില്‍; രാവിലെ 9.30ന്‌ പതാക ഉയര്‍ത്തും

Spread the love

 

സ്വന്തം ലേഖിക

പാലാ: ജില്ലാ സ്‌കൂള്‍ കായികമേള ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ പാലാ നഗരസഭാ സിന്തറ്റിക്‌ ട്രാക്‌ സ്‌റ്റേഡിയത്തില്‍ നടക്കുമെന്ന്‌ അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കായികമേളയില്‍ 13 ഉപജില്ലകളില്‍നിന്നായി 3700 കുട്ടികള്‍ പങ്കെടുക്കും. 98 ഇനങ്ങളിലാണ്‌ മത്സരം.

ഉപജില്ലാതല മത്സരങ്ങള്‍ ഇന്ന്‌ പൂര്‍ത്തിയാകും. മേളയുടെ നടത്തിപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. ഹയര്‍സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ഥികള്‍ക്ക്‌ പരീക്ഷ നടക്കുന്നതിനാല്‍ അവരുടെ അധ്യയനം നഷ്‌ടപ്പെടാതിരിക്കാന്‍ ഇക്കുറി ഞായറാഴ്‌ചയും മത്സരങ്ങള്‍ തുടരും. യു.പി ഹൈസ്‌കൂള്‍ വിഭാഗങ്ങള്‍ക്കൊപ്പം ശനി, ഞായര്‍ ദിവസങ്ങളിലായി ഹയര്‍സെക്കന്‍ഡറി വിഭാഗം മത്സരങ്ങള്‍ പൂര്‍ത്തിയാവും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാളെ രാവിലെ 9.30ന്‌ ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്‌ടര്‍ സുബിന്‍പോള്‍ സ്‌റ്റേഡിയത്തില്‍ പതാക ഉയര്‍ത്തും. 9.45ന്‌ മാണി സി.കാപ്പന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ തോമസ്‌ ചാഴികാടന്‍ എം.പി മേള ഉദ്‌ഘാടനം ചെയ്യും. തിങ്കളാഴ്‌ച വൈകിട്ട്‌ ജോസ്‌ കെ. മാണി എം.പി. സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യും.

സ്‌കൂള്‍ വിഭാഗത്തില്‍ പൂഞ്ഞാര്‍ എസ്‌.എം.വി.എച്ച്‌.എസ്‌.എസാണ്‌ നിലവിലെ ചാമ്പ്യന്മാര്‍. പാലാ സെന്റ്‌ തോമസ്‌ സ്‌കൂളാണ്‌ രണ്ടാം സ്‌ഥാനക്കാര്‍. ഈ മാസം 16 മുതലാണ്‌ സംസ്‌ഥാന കായിക മേള. പത്രസമ്മേളനത്തില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടര്‍ സുബിന്‍ പോള്‍, ജോബിന്‍ വര്‍ഗീസ്‌, റെന്നി സെബാസ്‌റ്റ്യന്‍, മാത്യു തോമസ്‌, അജിമോന്‍ തോമസ്‌, കെ. രാജ്‌കുമാര്‍, സി. അനൂപ്‌ എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.