play-sharp-fill
പാലായിൽ തിരഞ്ഞെടുപ്പ് പോരാട്ടം ചൂടുപിടിച്ചു: വികസനനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് യുഡിഎഫ്; പോരാട്ടം ശക്തമാക്കി എൽഡിഎഫ്; മോദിയും ശബരിമലയും തുണയ്ക്കുമെന്ന പ്രതീക്ഷയിൽ ബിജെപി

പാലായിൽ തിരഞ്ഞെടുപ്പ് പോരാട്ടം ചൂടുപിടിച്ചു: വികസനനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് യുഡിഎഫ്; പോരാട്ടം ശക്തമാക്കി എൽഡിഎഫ്; മോദിയും ശബരിമലയും തുണയ്ക്കുമെന്ന പ്രതീക്ഷയിൽ ബിജെപി

സ്വന്തം ലേഖകൻ

പാലാ: പാർലമെന്റ് തിരഞ്ഞെടുപ്പിൽ പാലാ മണ്ഡലത്തിൽ കുതിച്ചു പാ്ഞ്ഞ ലീഡ് കൂട്ടക്കുഴപ്പങ്ങൾക്കിടയിലും പാലായിലെ വോട്ടർമാർ നൽകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്പ്. എന്നാൽ, മാണി സി.കാപ്പനോടുള്ള സഹതാപ തരംഗം വോട്ടായി മാറിയാൽ തീർച്ചയായും അരനൂറ്റാണ്ടിന് ശേഷം പാലാ തിരികെ പിടിക്കാമെന്നാണ് ഇടതു മുന്നണിയുടെ വിശ്വാസം. പാലായിലെ വോട്ടിംങ് പാറ്റേണിൽ വിശ്വാസം അർപ്പിച്ച് കേരള കോൺഗ്രസും, അട്ടിമറി പ്രതീക്ഷയിൽ ഇടതു മുന്നണിയും സിപിഎമ്മും രംഗത്തിറങ്ങിയപ്പോൾ പാലാ മണ്ഡലത്തിൽ പോരാട്ടം കടുകട്ടിയായി.
കെ എം മാണിയുടെ ശ്രമഫലമായി എത്തിയ വികസനവും എൽഡിഎഫ് സർക്കാരിന്റെ ജനദ്രോഹ നടപടികളും ചൂണ്ടിക്കാട്ടി യൂഡിഎഫും, മണ്ഡലത്തിലെ വികസന മുരടിപ്പ് പുറത്തെടുത്ത് എൽഡിഎഫും, കേന്ദ്ര ഗവൺമെന്റിന്റെ വികസന പദ്ധതികളും ശബരിമല വിഷയത്തിൽ ഇരുമുന്നണികൾ സ്വീകരിച്ച നിലപാടുകളും വിവരിച്ച് എൻഡിഎയും ശക്തമായ പ്രചാരണത്തിലാണ് ഏർപ്പെടുന്നത്. ഒരു മുന്നണിയും ഒട്ടും വിട്ടുകൊടുക്കാത്ത പോരാട്ടം പാലായിൽ നടത്തുമ്പോൾ ഇഞ്ചോടിഞ്ചായ മത്സരമാണ് പാലാ മണ്ഡലത്തിൽ പ്രതീക്ഷിക്കുന്നത്.

സ്ഥാനാർത്ഥി നിർണ്ണയത്തിലുണ്ടായ അലോസരങ്ങളെത്തുടർന്ന് അൽപമൊന്ന് തണുത്തിരുന്ന യൂ ഡി എഫ് ക്യാമ്പ് വീണ്ടും സജീവമായി പ്രചാരണ രംഗത്തിറങ്ങിയിട്ടുണ്ട്. പ്രചാരണത്തിനിറങ്ങാൻ വൈമനസ്യം പ്രകടിപ്പിച്ചിരുന്ന പി ജെ ജോസഫ് താൻ കളത്തിലറങ്ങുമെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ വ്യക്തമാക്കിയതാണ് ഇതിന് മുഖ്യ കാരണം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് ഇവിടുത്തെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. തിരുവഞ്ചൂർ രാധാകൃഷ്ടനും കെ സി ജോസഫ് അടക്കമുള്ള ഒരു പറ്റം മുതിർന്ന കോൺഗ്രസ്സ് നേതാക്കളും ഘടകകക്ഷിനേതാക്കളിൽ ചിലരും മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് സജീവമായി പങ്കെടുക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ മന്ത്രിമാരുടെ സംഘം പാലായിൽ എത്തുന്നതോടെ പാലാ താത്ക്കാലികമായി തലസ്ഥാനമായി മാറും.18,19, 20 തിയതികളിൽ മുഖ്യമന്ത്രി പാലായിൽ താമസിച്ചാണ് പ്രചാരണം നടത്തുന്നത്. 18നു രാവിലെ മേലുകാവിൽ ആദ്യ സമ്മേളനം.തുടർന്നു വൈകുന്നേരം 4ന് കൊല്ലപ്പള്ളി, 5ന് കരൂർ എന്നിവിടങ്ങളിൽ പ്രസംഗിക്കും.19ന് 10 നു മുത്തോലി, 4ന് പൈക, 6 ന് എലിക്കുളം, 20ന് രാവിലെ 10ന് പനയ്ക്കപ്പാലം, 4ന് രാമപുരം, 6ന് പാലാ എന്നിവിടങ്ങളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് യോഗങ്ങൾ. മന്ത്രിമാരായ തോമസ് ഐസക്, എം എം മണി, ജി സുധാകരൻ, സി രവീന്ദ്രനാഥ്, പി തിലോത്തമൻ, ഏ കെ ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ കൃഷ്ണൻകുട്ടി തുടങ്ങിയവരും എം പിമാർ, എം എൽ എമാർ തുടങ്ങിയവരും ഈ ദിവസങ്ങളിൽ പ്രചാരണത്തിനെത്തുന്നുണ്ട്. ജി സുധാകരൻ, സി രവീന്ദ്രനാഥ് എന്നിവർ ഞായറാഴ്ചയിലും പാലായിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്.

ശനിയാഴ്ച സ്ഥാനാർത്ഥികളുടെ മണ്ഡലത്തിലെ വാഹന പര്യടനം ആരംഭിക്കും. എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ തലപ്പലം പഞ്ചായത്തിലെ പനയ്ക്കപ്പാലത്തുനിന്നാണ് പര്യടനം ആരംഭിക്കുന്നത്.രാവിലെ 7.30 -ന് മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്യും.എൽ ഡി എഫിന്റെ പ്രമുഖ നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും. ഈ പഞ്ചായത്തിലെ 14 കേന്ദ്രങ്ങളിലാണ് സ്വീകരണം ഒരുക്കിയിട്ടുള്ളത്.തുടർന്ന് തലനാട് പഞ്ചായത്തിലാണ് പര്യടനം.ഇലവുംപാറക്കവലയിലാണ് ഉച്ചഭക്ഷണം ക്രമീകരിച്ചിട്ടുള്ളത്.ഇവിടെ 12 കേന്ദ്രങ്ങളിലെ സ്വീകരണ പരിപാടികളിൽ സ്ഥാനാർത്ഥി പങ്കെടുക്കും3.45 -ഓടെ പര്യടനം മൂന്നിലവ് പഞ്ചായത്തിൽ പ്രവേശിക്കും.ഇവിടെ 11 കേന്ദ്രങ്ങളിലെ സ്വീകരണ പരിപാടികളിൽ സ്ഥാനാർത്ഥി പങ്കെടുക്കും.6.15-ഓടെ മൂന്നിലവിലാണ് സമാപനം.
രാവിലെ 8.30-തോടെ കൊഴുവനാൽ പഞ്ചായത്തിലെ മേവടയിൽ നിന്നാണ് യൂഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ജോസ് ടോമിന്റെ പര്യടനം ആരംഭിക്കുക. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും.യൂ ഡി എഫിന്റെ പ്രമുഖ നേതാക്കൾ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണ യോഗങ്ങളിൽ സംബന്ധിക്കും.പഞ്ചായത്തിലേ 13 കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുള്ള സ്വീകരണപരിപാടികളിൽ സ്ഥാനാർത്ഥി പങ്കെടുക്കും.ഉച്ചയ്ക്ക് 12 മണിയോടെ ഈ പഞ്ചായത്തിലെ സ്വീകരണപരിപാടികൾ അവസാനിപ്പിക്കും. വൈകിട്ട് 3.30 -മുതൽ രാത്രി 8 വരെ മുത്തോലി പഞ്ചായത്തിലാണ് പര്യടനം.പഞ്ചായത്തിലെ 19 കേന്ദ്രങ്ങളിലാണ് സ്ഥാനാർത്ഥിക്ക് സ്വീകരണം ഒരുക്കിയിട്ടുള്ളത്.രാത്രി 8-ന് നെല്ലിയാനിയിലാണ് സമാപനം.
എൻ ഡി എ സ്ഥാനാർത്ഥി എൻ ഹരിയുടെ വാഹന പര്യടനം തലനാട് പഞ്ചായയത്തിലെ ചാമപ്പാറയിൽ നിന്നാണ് ആരംഭിക്കുന്നത്.രാവിലെ 8-ന് പി സി ജോർജ്ജ് എംഎൽഎ പര്യടനം ഉദ്ഘാടനം ചെയ്യും.ഈ പഞ്ചായത്തിലെ നാല് കേന്ദ്രങ്ങളിലാണ് സ്വീകരണം ഒരുക്കിയിട്ടുള്ളത്.തുടർന്ന് മൂന്നിലവ് പഞ്ചായത്തിലെ 12 കേന്ദ്രങ്ങളിലും മേലുകാവ് പഞ്ചായത്തിലെ 8 കേന്ദ്രങ്ങളിലും കടനാട് പഞ്ചായത്തിലെ 10 കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുള്ള സ്വീകരണ പരിപാടികളിൽ സംബന്ധിക്കും.വൈകിട്ട് 645-ന് കൊല്ലപ്പിള്ളിയിലാണ് സമാപനം.
സ്വീകരണ പരിപാടികൾ കൊഴിുപ്പിക്കാൻ മൂന്ന് മുന്നണികളും തിരക്കിട്ട നീക്കത്തിലാണ്.പരമാവധി പ്രവർത്തകരെ പങ്കെടുപ്പിക്കുന്നതിന് അണിയറയിൽ നീക്കം ശക്തമാണ്. മൂന്ന് സ്ഥാനാർത്ഥികളും മണ്ഡലത്തിലെ പ്രധാന വ്യക്തികളെ കണ്ടും സ്ഥാപനങ്ങളിലെത്തിയും വോട്ടുതേടുന്ന തിരക്കിലാണ്. നാളെ 3-ന് കൊല്ലപ്പിള്ളിയിലും 4-ന് മൂന്നിലവിലും 5-മേലുകാവിലും 7-ന് രാമപുരത്തും പാലായിലും യൂ ഡി എഫ് നേതൃയോഗങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.