play-sharp-fill
നാനൂറിലധികം സൗര വഴിവിളക്കുകള്‍ കണ്ണടച്ചു ; പാലാ-പൊന്‍കുന്നം റോഡിലൂടെയുള്ള യാത്ര ഇരുട്ടിലൂടെ

നാനൂറിലധികം സൗര വഴിവിളക്കുകള്‍ കണ്ണടച്ചു ; പാലാ-പൊന്‍കുന്നം റോഡിലൂടെയുള്ള യാത്ര ഇരുട്ടിലൂടെ

സ്വന്തം ലേഖകൻ

പൊന്‍കുന്നം:മൂവാറ്റുപുഴ – പുനലൂര്‍ സംസ്‌ഥാനപാതാ നവീകരണം കഴിഞ്ഞപ്പോള്‍ രാജകീയപാതയായി , രാത്രി പകല്‍ പോലെ വെളിച്ചമേകി, സൗര വഴിവിളക്കുകള്‍ നാനൂറിലധികം …., വഴിവിളക്കുകളുടെ എന്തൊരു പ്രൗഢിയായിരുന്നു പാലാ-പൊന്‍കുന്നം റോഡിന്‌. എന്നാൽ ഇപ്പോൾ ഈ റോഡിലൂടെയുള്ള യാത്ര ദുരിതം.

21 കീ.മീറ്റര്‍ ദൂരത്തില്‍ 45 മീറ്റര്‍ ഇടവിട്ട്‌ ഇരുവശങ്ങളിലുമായി ഉയരമുള്ള തൂണുകളില്‍ സ്‌ഥാപിച്ച സൗരോര്‍ജപാനലുകളും ബാറ്ററിയും ഒക്കെ ചേര്‍ന്ന വഴിവിളക്കുകള്‍ വാറന്റി കാലാവധി പിന്നിട്ടതോടെ പൂര്‍ണമായും തകരാറിലായി. ഇപ്പോള്‍ രണ്ടുവര്‍ഷത്തിലേറെയായി ഒരെണ്ണം പോലും തെളിയുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനങ്ങളിടിച്ച്‌ കേടായ വിളക്കുകള്‍ക്കെല്ലാം അമ്ബതിനായിരം മുതല്‍ ഒരുലക്ഷം രൂപ വരെ വാഹന ഉടമകളില്‍ നിന്ന്‌ സര്‍ക്കാരിലേക്ക്‌ നഷ്‌ടപരിഹാരം ഈടാക്കിയെങ്കിലും ഒന്നുപോലും പുന:സ്‌ഥാപിച്ചില്ല. ഒടിഞ്ഞ്‌ വഴിയില്‍ വീണുകിടന്ന തൂണുകളില്‍ നിന്ന്‌ ബാറ്ററികള്‍ മോഷണം പോവുകയും ചെയ്‌തു. ബാറ്ററിയുടെയും പാനലിന്റെയും തകരാര്‍ മൂലം ബാക്കി വഴിവിളക്കുകളും പ്രവര്‍ത്തനരഹിതമായതോടെ നിരവധി ബാറ്ററികള്‍ മോഷ്‌ടിക്കപ്പെട്ടു.

ഏതാനും സംഘങ്ങളെ പോലീസ്‌ പിടികൂടുകയും ചെയ്‌തു. നാട്ടുകാരും തദ്ദേശസ്‌ഥാപനങ്ങളും നിരന്തരം പരാതി നല്‍കിയിട്ടും വഴിവിളക്കുകള്‍ നന്നാക്കാന്‍ പൊതുമരാമത്ത്‌ വകുപ്പ്‌ നടപടിയെടുത്തില്ല. എല്ലാം ശരിയാക്കാമെന്ന്‌ പാലാ, കാഞ്ഞിരപ്പള്ളി എം.എല്‍.എ.മാര്‍ നല്‍കിയ വാഗ്‌ദാനവും പാലിക്കപ്പെട്ടില്ല. കെല്‍ട്രോണ്‍, അനര്‍ട്ട്‌ തുടങ്ങിയ ഏതെങ്കിലും ഏജന്‍സിക്ക്‌ പരിപാലന ചുമതല നല്‍കുന്ന കാര്യം ആലോചിച്ചെങ്കിലും തുടര്‍നടപടിയുണ്ടായില്ല.

രാത്രി വെളിച്ചമില്ലാത്തതിനാല്‍ നിരവധി അപകടങ്ങളുണ്ടായിട്ടുണ്ട്‌. ശബരിമല തീര്‍ഥാടന കാലയളവിലായിരുന്നു ഏറെ അപകടം. എല്ലാവര്‍ഷവും കാല്‍നടയാത്രക്കാര്‍ വാഹനമിടിച്ച്‌ പരുക്കേറ്റിട്ടുണ്ട്‌. അപകടമരണങ്ങളും നടന്നു. ഹെഡ്‌ലൈറ്റിന്റെ തീവ്രപ്രകാശത്തില്‍ വഴിയാത്രക്കാരെ ഡ്രൈവര്‍മാര്‍ക്ക്‌ കാണാനാകില്ലെന്നതാണ്‌ പ്രശ്‌നം. വഴിവിളക്കുണ്ടായിരുന്നുവെങ്കില്‍ ദൃശ്യമാകുമായിരുന്നു.

കോടികള്‍ മുടക്കി ഹൈവേയില്‍ വഴിവിളക്കുകള്‍ സ്‌ഥാപിക്കപ്പെട്ടതിനാല്‍ പിന്നീട്‌ പരിധിയിലെ പഞ്ചായത്തുകളൊന്നും പി.പി.റോഡില്‍ വഴിവിളക്കുകള്‍ക്കായി ഫണ്ട്‌ മാറ്റി വെച്ചില്ല. എം.പി.ഫണ്ട്‌, ജില്ലാപഞ്ചായത്ത്‌ ഫണ്ട്‌ എന്നിവ ഉപയോഗിച്ച്‌ ഏതാനും ഹൈമാസ്‌റ്റ്, മിനി മാസ്‌റ്റ് ലൈറ്റുകള്‍ പ്രധാന കവലകളില്‍ സ്‌ഥാപിച്ചതുമാത്രമാണ്‌ പിന്നീടുണ്ടായത്‌. ചിറക്കടവ്‌ പഞ്ചായത്ത്‌ പൊന്‍കുന്നം മുതല്‍ ഒന്നാംമൈല്‍ കവല വരെ ഒന്നരകിലോമീറ്റര്‍ ദൂരത്തില്‍ ഏതാനും എല്‍.ഇ.ഡി.വഴിവിളക്കുകള്‍ സ്‌ഥാപിച്ചു. എന്നാല്‍ എലിക്കുളം പഞ്ചായത്താകട്ടെ ഒന്നു പോലും സ്‌ഥാപിച്ചിട്ടില്ല.