പാലാ നഗരസഭയില്‍ വീണ്ടും അട്ടിമറി വിജയവുമായി യു.ഡി.എഫ് ; ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ തെരഞ്ഞെടുപ്പിലാണ് യു.ഡി.എഫ് വിജയം
കോട്ടയം : പാലാ നഗരസഭയില്‍ വീണ്ടും അട്ടിമറി; ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് തോല്‍വി. എല്‍.ഡി.എഫിന് ഭൂരിപക്ഷമുള്ള സമിതിയില്‍ നറുക്കെടുപ്പിലൂടെയാണ് യു.ഡി.എഫ് വിജയിച്ചത്. എയർപോഡ് വിവാദത്തിന് പിന്നാലെ സ്ഥിരസമിതി അധ്യക്ഷ തെരഞ്ഞെടുപ്പിലെ തോല്‍വി ഇടതുമുന്നണിയെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ്.
എയർപോഡ് മോഷണ കേസിലെ പരാതിക്കാരനായ കേരള കോണ്‍ഗ്രസ് എം കൗണ്‍സിലർ ജോസ് ചീരാംകുഴിയാണ് പരാജയപ്പെട്ടത്. കേസിലെ ആരോപണവിധേയനായ സി.പി.എം കൗണ്‍സിലർ ബിനു പുളിക്കക്കണ്ടം വോട്ടിങ്ങില്‍ നിന്നും വിട്ടുനിന്നു.
നാല് അംഗങ്ങളാണ് ആരോഗ്യ സ്ഥിരംസമിതിയില്‍ ഉള്ളത്. ഇതില്‍ രണ്ട് സി.പി.എം അംഗങ്ങളും ഒരു കേരള കോണ്‍ഗ്രസ് അംഗവും ഒരു യു.ഡി.എഫ് അംഗവും ഉള്‍പ്പെടുന്നു. രണ്ട് സി.പി.എം അംഗങ്ങളും വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നതോടെ കേരള കോണ്‍ഗ്രസ്, യു.ഡി.എഫ് അംഗങ്ങളുടെ പത്രിക സ്വീകരിച്ച് തെരഞ്ഞെടുപ്പ് നടത്തുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ഒക്ടോബറിലായിരുന്നു ജോസ് ചീരാംകുഴിയുടെ എയർപോഡ് മോഷണം പോയത്. തുടർന്ന് ഇതുസംബന്ധിച്ച് ജോസ് ചീരാംകുഴി പൊലീസില്‍ പരാതി നല്‍കി. ആദ്യം നല്‍കിയ പരാതിയില്‍ സി.പി.എം കൗണ്‍സിലറുടെ പേര് ഉണ്ടായിരുന്നില്ല. തുടർന്ന് നല്‍കിയ രണ്ടാമത്തെ പരാതിയില്‍ സി.പി.എം കൗണ്‍സിലറുടെ പേരും ഉള്‍പ്പെടുത്തിയിരുന്നു. ഇതോടെയാണ് വിവാദം ചൂടുപിടിക്കുകയും വിഷയം സി.പി.എമ്മും കേരള കോണ്‍ഗ്രസും തമ്മിലുള്ള തർക്കത്തിന് കാരണമാവുകയും ചെയ്തിരുന്നു.