പാലായിലെ മോഷണ പരമ്പര: പ്രതി പരമ്പരാഗത കള്ളൻ; പകൽ കറങ്ങി നടന്ന് വീടുകൽ കണ്ടു വയ്ക്കും; രാത്രി ഓടിളക്കി അകത്ത് കയറി എല്ലാം കവരും; മോഷണത്തിനിടെ തടയാൻ വന്നാൽ കൊലപാതകം ഉറപ്പ്
സ്വന്തം ലേഖകൻ
പാലാ: പകൽ കറങ്ങി നടന്ന് വീടുകണ്ടുവച്ച ശേഷം മോഷണം നടത്തുന്ന അന്തർ സംസ്ഥാന മോഷ്ടാവ് പിടിയിൽ. മോഷണം നടത്തുന്നതിനിടെ തടയാൻ ആരെങ്കിലും എത്തിയാൽ കൊലപ്പെടുത്താൻ പോലും മടിക്കാത്ത, കയ്യിൽ എപ്പോഴും അയുധങ്ങളുമായി നടക്കുന്ന പ്രതിയെയാണ് പൊലീസ് സംഘം പിടികൂടിയത്.
പാലായിലും പരിസര പ്രദേശങ്ങളിലും മോഷണ പരമ്പര തന്നെ നടത്തിയ ഈരാറ്റുപേട്ട കളത്തൂക്കടവ് ഇടപ്പുങ്കൽ വെട്ടിക്കാട്ട് സെയ്ദ് മുഹമ്മദിന്റെ മകൻ സിയാദി (38)നെയാണ് പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ രാജൻ കെ.അരമന അറസ്റ്റ് ചെയ്തത്.
ഒട്ടുപാൽ അടക്കമുള്ള ശേഖരിക്കാനെന്ന പേരിൽ പകൽ സമയത്ത് കറങ്ങി നടന്നാണ് ഇയാൾ മോഷണം നടത്താനുള്ള വീടുകൾ കണ്ടെത്തിയിരുന്നത്. ഇത്തരത്തിൽ കണ്ടെത്തുന്ന വീടുകളിൽ എത്തി മോഷണം നടത്തി മടങ്ങുന്നതാണ് പ്രതിയുടെ രീതി. പിടിയിലാകുമ്പോൾ കത്തി, സ്‌കൂഡ്രൈവർ തുടങ്ങിയവ ഇയാളിൽനിന്നും പോലീസ് പിടിച്ചെടുത്തു. മോഷ്ടിച്ച സ്വർണ്ണ ഉരുപ്പടികളിൽ ചിലത് ഈരാറ്റുപേട്ടയിലെ രണ്ടു സ്ഥാപനങ്ങളിൽ പണയം വച്ചതായി ഇയാൾ സമ്മതിച്ചതായി പോലീസ് അറിയിച്ചു. മോഷ്ടിച്ച മുക്കാൽ കിലോയോളം സ്വർണ്ണം ഇയാൾ ഉരുക്കി സ്വന്തം ആവശ്യത്തിനായി ഉപയോഗിച്ചിരുന്നതായും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
കൊഴുവനാൽ, മേവിട, നെച്ചിപ്പുഴൂർ, പാലാ, തിടനാട്, മരങ്ങാട്ടുപിളളി തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന മോഷണങ്ങൾക്കു പിന്നിൽ പ്രതി തന്നെയാണെന്ന് കൃത്യമായ സൂചന പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇതേ തുടർന്ന് ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട് പ്രതിയ്‌ക്കെതിരെ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കൊച്ചിടപ്പാടി കിഴക്കേവേലിയ്ക്കകത്ത് ബിനോയിയുടെ വീട്ടിൽ മോഷണം നടത്തിയതായി പ്രതി സമ്മതിച്ചതായി പോലീസ് അറിയിച്ചു. വീട്ടിലുള്ളവർ സ്ഥലത്തില്ലാതിരുന്ന ദിവസമാണ് മോഷണം നടത്തിയത്. വീട്ടിൽ കടന്നു കയറിയ സിയാദ് വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും വീടുപണിക്കായി സൂക്ഷിച്ചിരുന്ന നാൽപതിനായിരത്തിൽപരം രൂപയും അഞ്ചു പവനോളം സ്വർണ്ണവുമാണ് കവർച്ച ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാലാ ഡി വൈ എസ് പി ഷാജിമോൻ ജോസഫ്, സി ഐ രാജൻ കെ.അരമന, എസ് ഐ ബിനോദ് കുമാർ, എസ്.ഐ.ഷാജി സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ ചോദ്യം ചെയ്തു വരികയാണ്. പാലായിലും പരിസര പ്രദേശങ്ങളിലും നടന്ന മറ്റു മോഷണ കേസുകളിലും ഇയാൾക്ക് ബന്ധമുണ്ടോയെന്നു പോലീസ് അന്വേഷിച്ചുവരികയാണ്.