play-sharp-fill
പാലായിൽ പോരാട്ടം നയിച്ച് ജോഷി ഫിലിപ്പ്; യുഡിഎഫിന്റെ വിജയത്തുടർച്ചയ്ക്ക് കരുത്തോടെ രംഗത്തിറങ്ങി കോൺഗ്രസ് പ്രവർത്തകർ

പാലായിൽ പോരാട്ടം നയിച്ച് ജോഷി ഫിലിപ്പ്; യുഡിഎഫിന്റെ വിജയത്തുടർച്ചയ്ക്ക് കരുത്തോടെ രംഗത്തിറങ്ങി കോൺഗ്രസ് പ്രവർത്തകർ

പൊളിറ്റിക്കൽ ഡെസ്‌ക്

പാലാ: പാലാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ബുദ്ധി കേന്ദ്രം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ആണെങ്കിൽ, താഴേത്തട്ടിലെ കോൺഗ്രസ് പ്രവർത്തകരെ ഉണർത്തി അട്ടിത്തട്ടിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് കോൺഗ്രസിന്റെ ജില്ലയിലെ കരുത്തനായ നേതാവായ ജോഷി ഫിലിപ്പാണ്. മുന്നണിയ്ക്കുള്ളിലെ ചെറുകാറ്റിൽ ഉലഞ്ഞ പാലായിലെ വള്ളത്തെ മുങ്ങാതെ കാത്തു രക്ഷിച്ചത് കോട്ടയത്തിന്റെ കരുത്തനായ ഡിസിസി പ്രസിഡന്റായിരുന്നു.
കെ.എം മാണിയുടെ നിര്യാണത്തോടെ ഒഴിവ് വന്ന പാലാ മണ്ഡലത്തിൽ മത്സരത്തിനിറങ്ങുമ്പോൾ യുഡിഎഫിന് തന്നെയായിരുന്നു നൂറ്ു ശതമാനം വിജയ സാധ്യതയും. എന്നാൽ, കേരള കോൺഗ്രസിനുള്ളിലെ തകർക്കങ്ങളും സ്ഥാനാർത്ഥി നിർണ്ണയ തർക്കവും രണ്ടിലയില്ലാതെ സ്ഥാനാർത്ഥി മത്സര രംഗത്തിറങ്ങിയതും എല്ലാം ആശങ്കയ്ക്കിടയാക്കിയിരുന്നു.

കേരള കോൺഗ്രസ് പ്രവർത്തകർ എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിൽ പ്രവർത്തനത്തിനിറങ്ങാൻ പോലും പകച്ചു നിന്നപ്പോഴാണ് യുഡിഎഫിലെ ഏറ്റവും ശക്തനായ കക്ഷിയായ കോൺഗ്രസ് ഒറ്റയ്ക്ക് പാലായിലെ പ്രചാരണ പ്രവർത്തനങ്ങൾ ആദ്യ ഘട്ടത്തിൽ ഏറ്റെടുത്തത്.
തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും, ജോസ് കെ.മാണി എംപിയുടെയും ആശിർവാദത്തോടെയും അനുഗ്രഹത്തോടെയും ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോഷി ഫിലിപ്പ് തന്നെയാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്. അൽപം ഒന്ന് മനസ് മടിച്ചു നിന്ന പാലായിലെ കോൺഗ്രസ് പ്രവർത്തകരുടെ കയ്യിലേയ്ക്ക് കോൺഗ്രസിന്റെ ത്രിവർണ പതാക പിടിപ്പിച്ചു നൽകിയ ജോഷി ഫിലിപ്പ് ഇവരെ കരുത്തരാക്കി മാറ്റി. കോൺഗ്രസിന്റെ സ്വന്തം മണ്ഡലത്തിൽ സ്വന്തം സ്ഥാനാർത്ഥി മത്സരിക്കുന്നു എന്നു തന്നെ കരുതിയായിരുന്നു ജോഷി ഫിലിപ്പിന്റെയും കോൺഗ്രസ് പ്രവർത്തതരുടെയും പ്രചാരണ പ്രവർത്തനങ്ങൾ എല്ലാം തന്നെ. കോൺഗ്രസിന്റെ ഡിസിസി ഭാരവാഹികൾ എല്ലാം തന്നെ ഒറ്റക്കെട്ടായി രംഗത്തിറങ്ങുക കൂടി ചെയ്തതോടെ യുഡിഎഫിന്റെ വിജയം സുനിശ്ചിതമാണ് എന്ന നിലയിൽ എത്തി.
പണത്തിന്റെയും അധികാരത്തിന്റെയും ബലത്തിൽ കോടികൾ വാരിയെറിഞ്ഞ് ബിജെപിയും സിപിഎമ്മും നടത്തുന്ന പ്രചാരണ പ്രവർത്തനത്തെ എല്ലാം തകർക്കാനുള്ള നട്ടെല്ലും ശേഷിയും കോൺഗ്രസ് കൈവരിച്ചത് കൈമെയ് മറന്നുള്ള യുഡിഎഫ് പ്രവർത്തകരുടെ കരുത്തുറ്റ പോരാട്ടത്തിന്റെ ഫലമായായിരുന്നു. ആദ്യ ഘട്ട തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ശേഷം രണ്ട് ഘട്ടത്തിലേയ്ക്ക് കടക്കുമ്പോൾ യുഡിഎഫിനും കോൺഗ്രസിനും തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ അൽപം മുൻതൂക്കം നൽകിയത് ജോഷി ഫിലിപ്പിന്റെയും ചങ്ക് പറിച്ച് കൂടെ നിൽക്കുന്ന പ്രവർത്തകരുടെയും ആത്മവിശ്വാസത്തോടെയുള്ള പ്രവർത്തനങ്ങളാണ്. ഇതോടെ ഇവരും ഉറപ്പിക്കുന്നു പാലായിൽ വിജയം യുഡിഎഫിന് ഒപ്പം തന്നെ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group