ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട കോട്ടയം പാലാ സ്വദേശിയായ വീട്ടമ്മയുടെ നഗ്നചിത്രങ്ങളും വീഡിയോയും കൈക്കലാക്കി; ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു; പണം നൽകാതായതോടെ ഇവ ഫേയ്സ്ബുക്കിലൂടെ പ്രചരിപ്പിച്ചു; ഉത്തർപ്രദേശ് സ്വദേശിയായ യുവാവിനെ ഡൽഹി വിമാനത്താവളത്തിൽ നിന്നും പാലാ പൊലീസ് പിടികൂടി

സ്വന്തം ലേഖിക

കോട്ടയം: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ച് വീട്ടമ്മയുടെ നഗ്നചിത്രങ്ങളും വീഡിയോയും കൈവശപ്പെടുത്തി പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ ഉത്തർപ്രദേശ് സ്വദേശി പിടിയിൽ.

ഉത്തർപ്രദേശ് ഗൊരഖ്പൂർ ചാർഗ് വാൻ രപ്തിനഗർ ഫേസിൽ മോനുകുമാർ റാവത്തിനെയാണ് (25) പാലാ സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്‌പെക്ടർ കെ.പി ടോംസണിന്റെ നേതൃത്വത്തിലുള്ള സംഘം ഡൽഹി വിമാനത്താവളത്തിൽ നിന്നും അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2020 ജൂലായിലാണ് പ്രതിയായ യുവാവും പാലാ സ്വദേശിയായ യുവതിയും തമ്മിൽ ഫെയ്‌സ്ബുക്കിലൂടെ സൗഹൃദത്തിലാകുന്നത്. തുടർന്നു, ഫെയ്‌സ്ബുക്ക് മെസഞ്ചർ വഴിയും, വാട്‌സ്അപ്പ് വഴിയും യുവതിയുമായി പ്രതി അടുപ്പത്തിലായി.

യുവതിയിൽ നിന്നും നഗ്നചിത്രങ്ങളും, വീഡിയോയും കൈവശപ്പെടുത്തിയ ശേഷം വീഡിയോയും ചിത്രവും പുറത്തു വിടാതിരിക്കണമെങ്കിൽ പണം നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

പണം നൽകാതെ വന്നതോടെ പ്രതി ഈ ചിത്രങ്ങളും വീഡിയോയും 2021 ഏപ്രിൽ മുതൽ ഫെയ്‌സ്ബുക്ക് മെസഞ്ചർ വഴി പലർക്കും അയച്ചു. ഇതേ തുടർന്നാണ് യുവതി പാലാ പൊലീസിൽ പരാതി നൽകിയത്.

ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് സംഘം പ്രതി യുപി സ്വദേശിയായ മോനുകുമാറാണ് എന്നു തിരിച്ചറിഞ്ഞു.

തുടർന്ന് ഇയാൾക്കായി അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ് ഇയാൾ വിദേശത്താണ് എന്ന വിവരം പൊലീസിനു ലഭിച്ചത്.

തുടർന്നു, പ്രതിയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഈ ലുക്ക് ഔട്ട് നോട്ടീസ് നില നിൽക്കെ പ്രതി കഴിഞ്ഞ ദിവസം ഡൽഹി വിമാനത്താവളത്തിൽ എത്തി.

വിമാനത്താവള അധികൃതരും, സുരക്ഷാ സേനയും തടഞ്ഞു വച്ച പ്രതിയെ പാലാ പൊലീസ് എത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.