
പാലാ ജനറൽ ആശുപത്രിയിൽ മദ്യപിച്ചെത്തി ആക്രമണം: സെക്യൂരിറ്റി ജീവനക്കാരനെ അസഭ്യം പറയുകയും കാൻസർ വാർഡിലെ ജനൽ ചില്ലുകൾ കല്ലെറിഞ്ഞു തകർക്കുകയും ചെയ്തു; രാമപുരം സ്വദേശി അറസ്റ്റിൽ
സ്വന്തം ലേഖിക
കോട്ടയം: പാലാ ജനറൽ ആശുപത്രിയിൽ അക്രമം നടത്തിയ കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
രാമപുരം അമനകര ഭാഗത്ത് നെല്ലുകോട്ടിൽ വീട്ടിൽ മുരളി മകൻ മനു മുരളി (27) നെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ ഇന്നലെ രാത്രി പാലാ ജനറൽ ആശുപത്രിയിൽ മദ്യപിച്ച് എത്തി വനിതാ വാർഡിൽ കയറാൻ ശ്രമിക്കുകയും, ഇത് തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ ചീത്ത വിളിക്കുകയും ആക്രമിക്കുകയും ചെയ്തു. കൂടാതെ കാൻസർ വാർഡിലെ ജനൽ ചില്ലുകൾ കല്ലെറിഞ്ഞു തകർത്ത് ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
വിവരമറിഞ്ഞ സ്ഥലത്ത് എത്തിയ പാലാ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. ഇയാൾക്ക് രാമപുരം, തൃശ്ശൂർ ടൗൺ എന്നീ സ്റ്റേഷനുകളിൽ അടിപിടി കേസും മാല പൊട്ടിച്ച കേസും നിലവിലുണ്ട്.
പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ, എസ്.ഐ അശോകൻ, എ.എസ്.ഐ ബിജു കെ തോമസ്, സി.പി.ഓ മാരായ മഹേഷ്, അജു വി തോമസ്, രഞ്ജു പി രാജു, സുരേഷ് ബാബു എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.