പാലായിൽ ഗാന്ധി സ്ക്വയറും ഗാന്ധി പ്രതിമയും സ്ഥാപിക്കാൻ നഗരസഭ അനുമതി നൽകി
സ്വന്തം ലേഖകൻ
പാലാ: ഗാന്ധിജിയുടെ 150 മത് ജന്മവാർഷികത്തോടനുബന്ധിച്ചു പാലായിൽ ഗാന്ധി പ്രതിമയും ഗാന്ധി സ്ക്വയറും നിർമ്മിക്കാൻ നഗരസഭാ കൗൺസിൽ അനുമതി നൽകി. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് സമർപ്പിച്ച അപേക്ഷയെത്തുടർന്നാണ് ഗാന്ധി സ്ക്വയർ നിർമ്മിക്കാൻ നഗരസഭാ കൗൺസിൽ യോഗം ഐക്യകണ്ഠേന അംഗീകാരം നൽകിയത്.
ചെയർപേഴ്സൺ ബിജി ജോജോ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ, ടോണി തോട്ടം, റോയി ഫ്രാൻസിസ്, ബിജു പാലൂപടവിൽ, പ്രസാദ് പെരുമ്പള്ളിൽ എന്നിവർ പ്രസംഗിച്ചു.
നഗരസഭയുടെ ഉടമസ്ഥതയിൽ മൂന്നാനിയിലുള്ള കോടതി സമുച്ചയത്തിലേയ്ക്കുള്ള വഴിയിലാണ് ഗാന്ധി സ്ക്വയർ സ്ഥാപിക്കാൻ തീരുമാനിച്ചിരിക്കുന്നത്. 50 അടി വീതിയിലും 200 അടിയിലേറെ നീളത്തിലുമുള്ള റോഡിന്റെ മധ്യഭാഗത്ത് 12 അടി സ്ക്വയറിലാണ് ഗാന്ധി പ്രതിമ സ്ഥാപിക്കുന്നത്. നിർദ്ദിഷ്ട ഗാന്ധി സ്ക്വയറിന് ഇരുവശത്തുകൂടിയും 19 അടി വീതം സ്ഥലമുള്ളതിനാൽ കോടതി സമുച്ചയത്തിലേയ്ക്കുള്ള ഗതാഗതത്തിനും തടസ്സമാവില്ല. വെങ്കലത്തിലും ചെമ്പിലുമായി പൊതുജന സഹകരണത്തോടെയാവും ഫൗണ്ടേഷൻ പ്രതിമ തയ്യാറാക്കുന്നത്. പ്രതിമാ നിർമ്മാണത്തിനുശേഷം പരിപാലന ചുമതലയും ഫൗണ്ടേഷൻ നിർവ്വഹിക്കും.
സ്വാതന്ത്രസമരവുമായി ബന്ധപ്പെട്ട സ്മാരകങ്ങളൊന്നും പാലായിൽ നിലവിൽ ഇല്ലാത്ത സാഹചര്യത്തിലാണ് ഗാന്ധിജിയുടെ 150 മത് ജന്മദിന സ്മാരകമായി ഗാന്ധിസ്ക്വയറും ഗാന്ധി പ്രതിമയും സ്ഥാപിക്കുവാൻ ഫൗണ്ടേഷൻ തീരുമാനിച്ചതെന്നു ചെയർമാൻ എബി ജെ. ജോസ് സെക്രട്ടറി സാംജി പഴേപറമ്പിൽ എന്നിവർ അറിയിച്ചു. പ്രശസ്ത ശില്പി എറണാകുളം സ്വദേശി കെ.എസ്. ശെൽവരാജാണ് പ്രതിമ നിർമ്മിക്കുന്നത്. അമേരിക്കയിലെ ഫ്ളോറിഡ സംസ്ഥാന എഞ്ചിനീയറിംഗ് വൈസ് ചെയർ ബാബു വർഗ്ഗീസിന്റെ മേൽനോട്ടത്തിൽ എഞ്ചിനീയർ എസ്. രാജേഷ് ഗാന്ധിസ്ക്വയറിന്റെ ഡിസൈൻ തയ്യാറാക്കും.
ചരിത്രപരമായ തീരുമാനമെടുത്ത പാലാ നഗരസഭാ ചെയർപേഴ്സൺ ബിജി ജോജോയെയും നഗരസഭാ കൗൺസിൽ അംഗങ്ങളെയും മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ അഭിനന്ദിച്ചു.