പാലായിൽ പോരിന്റെ ചിത്രം തെളിഞ്ഞു തുടങ്ങി: പ്രമുഖരും വിമതനും അടക്കം 17 സ്ഥാനാർത്ഥികൾ; വ്യാഴാഴ്ച നാമനിർദേശപത്രികയുടെ സ്‌ക്രൂട്ടിണി

പാലായിൽ പോരിന്റെ ചിത്രം തെളിഞ്ഞു തുടങ്ങി: പ്രമുഖരും വിമതനും അടക്കം 17 സ്ഥാനാർത്ഥികൾ; വ്യാഴാഴ്ച നാമനിർദേശപത്രികയുടെ സ്‌ക്രൂട്ടിണി

സ്വന്തം ലേഖകൻ
കോട്ടയം: പാലായിൽ കെ.എം മാണിയുടെ അരനൂറ്റാണ്ടിന്റെ പാരമ്പര്യം പേറുന്ന എംഎൽഎയെ തിരഞ്ഞെടുക്കാനുള്ള മത്സരത്തിന്റെ ചിത്രം വ്യക്തമായി. പ്രമുഖ മുന്നണി സ്ഥാനാർത്ഥികളെയും വിമതനെയും അടക്കം 17 സ്ഥാനാർത്ഥികളാണ് പാലായിൽ പത്രിക സമർപ്പിച്ചിരിക്കുന്നത്. ഇതോടെ പാലാ നിയോജക മണ്ഡലത്തിൽ മത്സരം കടുക്കുമെന്ന് ഉറപ്പായി. വ്യാഴാഴ്ച നടക്കുന്ന സ്‌ക്രൂട്ടിണിയോടെ സ്ഥാനാർത്ഥികളുടെ പത്രിക സംബന്ധിച്ചുള്ള പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടും. ഏഴിനാണ് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.
സ്വതന്ത്ര സ്ഥാനാർത്ഥിയായ ഡോ.കെ.പത്മരാജനാണ് ആദ്യം പത്രിക സമർപ്പിച്ചത്. എൽഡിഎഫിന്റെ എൻ.സി.പി സ്ഥാനാർത്ഥി മാണി സി.കാപ്പൻ, കേരള കോൺഗ്രസ് എമ്മിന്റെ പാനലിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജോസ് ടോം, ബിജെപി സ്ഥാനാർത്ഥി എൻ.ഹരി എന്നവരാണ് പ്രധാന സ്ഥാനാർത്ഥികൾ. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ വിമതനായി ജോസഫ് കണ്ടത്തിലും പത്രിക സമർപ്പിച്ചിട്ടുണ്ട്. ഇവരെ കൂടാതെ, ജോർജ് ഫ്രാൻസിസ്, ഇഗ്നേഷ്യസ് ഇല്ലിമൂട്ടിൽ, മജു, ബേബി മത്തായി, ജോഷി തോമസ്, സി.ജെ ഫിലിപ്പ്, ശശികുമാർ, സുനിൽകുമാർ, ജോസഫ് സെബാസ്റ്റ്യൻ, ടോം തോമസ്, ജോമോൻ ജോസ് എന്നിവരും മത്സര രംഗത്തുണ്ട്.
നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായിരുന്ന ബുധനാഴ്ച 12 പേരാണ് പത്രിക നൽകിയത്. ഇതോടെ ആകെ 28 സെന്റ് നാമനിർദേശ പത്രികയാണ് ഇവിടെ സമർപ്പിച്ചിരിക്കുന്നത്. പത്രികകളുടെ സൂക്ഷ്മപരിശോധന വ്യാഴാഴ്ച രാവിലെ 11 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.
124 സ്ഥലങ്ങളിലായി 176 പോളിംങ് സ്‌റ്റേഷനുകളാണ് പാലായിലുള്ളത്. സെപ്റ്റംബർ 23 ന് നടക്കുന്ന വോട്ടെടുപ്പിൽ ആര് പാലായിലെ എംഎൽഎയാകുമെന്നാണ് കാത്തിരിക്കുന്നത്.