വീണ്ടും മത്സരിക്കുമെന്ന് മാണി സി കാപ്പൻ; കേരള കോൺഗ്രസ് എം 13 സീറ്റിൽ മത്സരിക്കുമെന്ന് ജോസ് കെ.മാണി; ഷോൺ ജോർജിനെ കളത്തിലിറക്കാൻ ബിജെപിയും; പാലായിൽ ഇത്തവണ നടക്കുക ശക്തമായ ത്രികോണ മത്സരം…!

Spread the love

കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിൽ പാലാ നിയോജക മണ്ഡലം മാണി സി. കാപ്പനും ജോസ് കെ. മാണിയും ഷോൺ ജോർജും തമ്മിലുള്ള പോരാട്ടത്തിനു വേദിയായേക്കും.

video
play-sharp-fill

സിറ്റിംഗ് എംഎൽഎ മാണി സി. കാപ്പൻ താൻ വീണ്ടും മത്സരിക്കുമെന്നും പ്രചാരണം തുടങ്ങിയെന്നും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
യുഡിഎഫിലേക്ക് ആരു വന്നാലും കുഴപ്പമില്ലെന്നും പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്നും കാപ്പൻ പറഞ്ഞിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പും തുടർന്ന് പാലാ മുനിസിപ്പാലിറ്റിയിലടക്കം ഭരണം യുഡിഎഫിനു ലഭിക്കുന്നതിനുള്ള നിർണായക നീക്കങ്ങളിലും മാണി സി. കാപ്പൻ സജീവമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണിയും പാലായിൽ മത്സരിക്കുമെന്നുള്ള സൂചന നല്കിയിരുന്നു. കേരള കോൺഗ്രസ് എം 13 സീറ്റിൽ മത്സരിക്കുമെന്നും സീറ്റു വച്ചുമാറ്റവും മറ്റും ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്നുമാണ് ജോസ് കെ.മാണിയുടെ സൂചന.

മത്സരിക്കുമെന്നുള്ള സൂചനയിൽ പാലായിൽ പ്രവർത്തനങ്ങൾ സജീവമാക്കിയ ജോസ് കെ.മാണി മണ്ഡലത്തിൽ സജീവമാണ്. കഴിഞ്ഞ ദിവസം മണ്ഡലത്തിലെ വിവിധ പള്ളികളിൽ നടന്ന തിരുനാളിലും ളാലത്തുത്സവത്തിലും മറ്റും സജീവമായിരുന്നു ജോസ് കെ. മാണി. കൂടാതെ പാലായിലെ കേരള കോൺഗ്രസ് എം, സിപിഎം, സിപിഐ നേതൃത്വവുമായും ജോസ് കെ.മാണി ആശയവിനിമയം നടത്തിയിരുന്നു.

കഴിഞ്ഞ ദിവസം പാലായിൽ ഒരു വിവാഹ ചടങ്ങളിൽ പങ്കെടുക്കാനെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ജോസ് കെ. മാണിയുടെ വീട്ടിലെത്തുകയും ദീർഘനേരം ചർച്ച നടത്തുകയും ചെയ്തിരുന്നു. പാലായിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു സൗഹൃദ സന്ദർശനത്തിൽ മുഖ്യമായും ചര്ച്ച.

കഴിഞ്ഞ തവണ പാലായിൽ പരാജയപ്പെട്ടതിനാൽ ഇത്തവണ കടുത്തുരുത്തിയിലേക്ക് ജോസ് കെ മാണി മാറുമെന്ന് വലിയ രീതിയിൽ പ്രചാരണമുണ്ടായിരുന്നു. എന്നാൽ പാലായിൽ തന്നെ മത്സരിക്കാനുള്ള തീരുമാനത്തിൽ ജോസ് കെ. മാണിയും കേരള കോൺഗ്രസും എത്തിയതായാണ് സൂചന.

ബിജെപിയുടെ എ ക്ലാസ് മണ്ഡലമല്ലെങ്കിലും പാലായിൽ സംസ്ഥാന വൈസ് പ്രസിഡന്റും സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരന്റെ ഏറ്റവും അടുത്ത അനുയായിയുമായ ഷോൺ ജോർജിനെ മത്സരിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം. കഴിഞ്ഞ ദിവസം ചേർന്ന ബിജെപി കോർ കമ്മിറ്റിയിൽ ഇതു സംബന്ധിച്ച്‌ വ്യക്തമായ സൂചന ഷോണിനു ബിജെപി നേതൃത്വം നൽകി.

പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, പാലാ മണ്ഡലങ്ങളിൽ ഒരിടത്തു മത്സരിക്കാനാണ് ഷോണിനോട് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്. ഷോൺ ജില്ലാ പഞ്ചായത്തംഗമായിരുന്നപ്പോൾ ഡിവിഷൻ ഉൾപ്പെട്ടിരുന്ന മേലുകാവ്, തലനാട്, മൂന്നിലവ്, തലപ്പലം പഞ്ചായത്തുകളും മുൻപ് പൂഞ്ഞാർ നിയോജക മണ്ഡലത്തിലുണ്ടായിരുന്ന ഭരണങ്ങാനം, കടനാട് പഞ്ചായയത്തുകളും ഇപ്പോൾ പാലാ മണ്ഡലത്തിലാണ് ഇത് ഷോണിനു അനുകൂലമാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.

ഷോൺ ജോർജ് ഇതിനോടകം പാലാ മണ്ഡലത്തിൽ സജീവമാണ്. മാണി സി. കാപ്പനും ജോസ് കെ.മാണിയും ഷോൺ ജോർജും മത്സരരംഗത്ത് എത്തിയാൽ കേരളത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന മത്സരമായി പാലാ മാറും. ഒപ്പം ശക്തമായ ത്രികോണ മത്സരത്തിനാകും പാലാ സാക്ഷ്യം വഹിക്കുക. രാഷ്ട്രീയ ധ്രുവീകരണവും സമുദായ വോട്ടുകളും ഒക്കെ എങ്ങനെ പ്രതിഫലിക്കുമെന്നു പോലും പറയാൻ വയ്യാത്ത രീതിയിലായിരിക്കും മത്സരം.