play-sharp-fill
പാലാ ഉപതിരഞ്ഞെടുപ്പ്: രാജ്യ സഭാ സീറ്റ് രാജി വച്ച് ജോസ് കെ.മാണി മത്സരിക്കുന്നതിനെതിരെ കോൺഗ്രസിൽ പ്രതിഷേധം; ജോസ് കെ.മാണിയുടെ നീക്കത്തിനെതിരെ രാഹുൽ ഗാന്ധിയ്ക്ക് യുവ കോൺഗ്രസ് പ്രവർത്തകരുടെ കത്ത്; പാലാ സീറ്റ് കോൺഗ്രസ് ഏറ്റെടുത്ത് മത്സരിക്കണം

പാലാ ഉപതിരഞ്ഞെടുപ്പ്: രാജ്യ സഭാ സീറ്റ് രാജി വച്ച് ജോസ് കെ.മാണി മത്സരിക്കുന്നതിനെതിരെ കോൺഗ്രസിൽ പ്രതിഷേധം; ജോസ് കെ.മാണിയുടെ നീക്കത്തിനെതിരെ രാഹുൽ ഗാന്ധിയ്ക്ക് യുവ കോൺഗ്രസ് പ്രവർത്തകരുടെ കത്ത്; പാലാ സീറ്റ് കോൺഗ്രസ് ഏറ്റെടുത്ത് മത്സരിക്കണം

പൊളിറ്റിക്കൽ ഡെസ്‌ക്

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിൽ രാജ്യസഭാ എം.പി സ്ഥാനം രാജി വച്ച് ജോസ് കെ.മാണി മത്സരിച്ചേക്കുമെന്ന പ്രചാരണത്തിനിനിടെ പ്രതിഷേധവുമായി ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ. കോൺഗ്രസിന്റെ പക്കൽ നിന്നും പിടിച്ചു വാങ്ങിയ രാജ്യസഭാ സീറ്റ് നഷ്ടപ്പെടുത്താനുള്ള കേരള കോൺഗ്രസിന്റെയും ജോസ് കെ.മാണിയുടെയും നീക്കത്തിനെതിരെയാണ് പ്രതിഷേധവുമായി യുവ കോൺഗ്രസ് പ്രവർത്തകർ രംഗത്ത് എത്തിയിരിക്കുന്നത്. ജോസ് കെ.മാണിയാണ് മത്സരിക്കാനിറങ്ങുന്നതെങ്കിൽ പാലാ സീറ്റ് കോ്ൺഗ്രസ് ഏറ്റെടുക്കണമെന്നും ഇവിടെ യുവ കോൺഗ്രസ് നേതാവിനെ മത്സരിപ്പിക്കണമെന്നുമാണ് ഇവർ കത്തിൽ ആവശ്യപ്പെടുന്നത്.
പാർലമെന്റ് തിരഞ്ഞെടുപ്പിന് ആറു മാസം മുൻപാണ് കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ എം.പി സ്ഥാനം രാജി വച്ച് ജോസ് കെ.മാണി രാജ്യസഭ അംഗത്വം ഏറ്റെടുത്തത്. കോൺഗ്രസിനുള്ളിൽ രാജ്യസഭാ സീറ്റ് സംബന്ധിച്ചുള്ള തർക്കം അതിരൂക്ഷമായതോടെ കോൺഗ്രസ് സീറ്റ് കേരള കോൺഗ്രസിന് കൈമാറി പ്രശ്‌നം പരിഹരിക്കുകയായിരുന്നു. എന്നാൽ, സീറ്റ് ഏറ്റെടുത്ത കേരള കോൺഗ്രസ് എം.പി സ്ഥാനം രാജി വപ്പിച്ച് ജോസ് കെ.മാണിയെ തന്നെ ഈ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കി. ഈ തീരുമാനത്തിനെതിരെ അന്ന് തന്നെ കോൺഗ്രസിനുള്ളിൽ പ്രതിഷേധം ശക്തമായി ഉയർന്നിരുന്നു. കോൺഗ്രസിന്റെ യുവ നേതാക്കളും പ്രവർത്തകരും കടുത്ത പ്രതിഷേധമാണ് ഇതിനെതിരെ ഉയർത്തിയിരുന്നത്. എന്നാൽ, ഇതെല്ലാം പിന്നീട് കെട്ടടങ്ങുകയും ചെയ്തു.
ഇതിനിടെയാണ് ഇപ്പോൾ പാലായിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ തിരഞ്ഞെടുപ്പിൽ ആ്ദ്യം ജോസ് കെ.മാണിയുടെ ഭാര്യ നിഷയുടെ പേരാണ് പരിഗണിച്ചിരുന്നത്. പിന്നീട്, പല കേരള കോൺഗ്രസ് നേതാക്കളുടെ പേരുകളും പരിഗണിച്ചു. എന്നാൽ, ഏറ്റവും ഒടുവിൽ പുറത്ത് വന്ന ചർച്ചകൾ അനുസരിച്ച് ജോസ് കെ.മാണി തന്നെ രാജ്യസഭ എംപി സ്ഥാനം രാജി വച്ച് പാലായിൽ നിന്നും മത്സരിക്കുമെന്ന വിവരമാണ് പുറത്ത് വരുന്നത്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ രാജ്യസഭയിൽ നിന്നും ജോസ് കെ.മാണി രാജി വച്ചാൽ യുപിഎയ്ക്ക് ഒരു അംഗത്തിന്റെ കുറവുണ്ടാകും. കേരള നിയമസഭയിലെ അംഗബലം വച്ച് ഈ സ്ഥാനത്തേയ്ക്ക എൽഡിഎഫ് നിർത്തുന്ന സ്ഥാനാർത്ഥിയാകും വിജയിക്കുക. ഇതാണ് യുവ കോൺഗ്രസ് പ്രവർത്തകരെ കൂടുതൽ പ്രകോപിപ്പിച്ചിരിക്കുന്നത്.
എഗ്രൂപ്പിന്റെ പിടിപ്പുകേട് കൊണ്ടാണ് നേരത്തെ രാജ്യസഭ സീറ്റ് കേരള കോ്ൺഗ്രസിന് ന്ൽകേണ്ടി വന്നതെന്ന വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ ജോസ് കെ.മാണി എംപി സ്ഥാനം രാജി വയ്ക്കുകയാണെങ്കിൽ മറുപടി പറയേണ്ടി വരിക ഉമ്മൻചാണ്ടി അടക്കമുള്ള എ ഗ്രൂപ്പ് നേതാക്കളാവും. നിലവിലെ സാഹചര്യത്തിൽ സീറ്റ് നഷ്ടപ്പെടുന്ന അവസ്ഥ കൂടിയുണ്ടായാൽ ഇത് കോ്ൺഗ്രസിനെ വീണ്ടും പ്രതിക്കൂട്ടിലാക്കും. ഈ സാഹചര്യത്തിലാണ് പാലാ സീറ്റ് കോൺഗ്രസ് ഏറ്റെടുത്ത് യുവ കോൺഗ്രസ് പ്രവർത്തകർക്ക് മത്സരിക്കാൻ അവസരം ഒരുക്കണമെന്ന് ജില്ലയിലെ ഒരു വിഭാഗം യുവ കോൺഗ്രസ് പ്രവർത്തകർ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ആവശ്യം ഉന്നയിച്ച് ഇവർ ഹൈക്കമാൻഡിനും രാഹുൽ ഗാന്ധിയ്ക്കും കത്തയച്ചിട്ടുമുണ്ട്.കോൺഗ്രസ് പാലാ സീറ്റ് ഏറ്റെടുക്കുമെന്ന പ്രഖ്യാപനം നേരത്തെ പുറത്ത് വന്നപ്പോൾ ആവേശത്തോടെയാണ് കോൺഗ്രസ് പ്രവർത്തകർ ഇത് ഏറ്റെടുത്തിരുന്നത്. കേരള കോൺഗ്രസിന്റെ കുടുംബാധിപത്യത്തിനെതിരെ ശക്തമായ പ്രതികരണം വേണമെന്നത് തന്നെയാണ് കോൺഗ്രസ് പ്രവർത്തകരുടെ വികാരവും.