അപകടഭീഷണിയിൽ പാലാ ബൈപാസ്; സീബ്ര വരകൾ പെരിനുമാത്രം

Spread the love

കോട്ടയം (പാലാ): സീബ്രാ വരകളുണ്ടങ്കിലും പാലാ ബൈപ്പാസ് റോഡിൽ അതൊന്നും യാതൊരു സുരക്ഷിതത്വമൊരുക്കുന്നില്ല. കയറ്റമിറങ്ങി ചീറിപ്പാഞ്ഞുവരുന്ന വാഹനങ്ങളെ ഭയന്ന് വേണം റോഡ് മറികടക്കുവാൻ.

video
play-sharp-fill

പാലാ സെയ്ന്റ് മേരീസ് സ്‌കൂളിന് മുൻവശത്താണ് ഏറെ അപകടകരമായ സാഹചര്യമുള്ളത്. രാവിലെയും വൈകീട്ടും സ്‌കൂൾ കുട്ടികൾ സുരക്ഷിതമായ് റോഡ് മുറിച്ചുകടക്കുന്നതിനായി നാലോളം പോലീസുകാർ കഠിനപ്രയത്‌നം നടത്തേണ്ട അവസ്ഥയാണ്.

ഇരുവശത്തുനിന്നുമായി രണ്ട് റോഡുകൾ ബൈപ്പാസിലേക്ക് എത്തിച്ചേരുന്ന ഭാഗം കൂടെയായതിനാൽ സാഹചര്യം മോശമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബൈപ്പാസിൽ പുത്തൻപള്ളി കുന്നിൽ നിന്നാരംഭിക്കുന്ന വലിയ ഇറക്കം അപകടകരമാണ്. പുത്തൻപള്ളി ഭാഗത്ത് നിന്ന് ഇറക്കം ഇറങ്ങിവരുന്ന വാഹനങ്ങൾ പോലീസ് തടഞ്ഞുനിർത്താൻ ശ്രമിക്കുമ്പോൾ പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നതും അപകടത്തിനിടയാക്കുന്നു. കൂടാതെ തൊട്ടുപിറകെ നിൽക്കുന്ന വാഹനം പെട്ടെന്ന് മറികടന്ന് വരുന്നതും അപകടത്തിന് ഇടയാക്കുകയാണ്.

ബൈപ്പാസ് റോഡും പാലാ-കൂത്താട്ടുകുളം റോഡും സിവിൽസ്റ്റേഷൻ ജങ്ഷനിൽ സംഗമിക്കുന്നിടത്താണ് ഗതാഗതക്കുരുക്ക് പതിവാകുന്നത്. ഇടതടവില്ലാതെ വാഹനങ്ങൾ പായുമ്പോൾ സിവിൽസ്റ്റേഷൻ ജങ്ഷനിൽ വാഹനഗതാഗതം ദുരിതമേറിയതാകുന്നു. സിവിൽസ്റ്റേഷൻ ജംഗ്ഷനിലെ ഗതാഗത കുരുക്കിന് ആശ്വാസം പകരാനാണ് ബൈപ്പാസ് റോഡ് പണിതത്.

നഗരത്തിലെ പ്രധാനജങ്ഷനുകൾ കൂടാതെ മറ്റൊരു തിരക്കേറിയ നാൽക്കവല കൂടിയുണ്ടായതോടെ ഗതാഗതം നിയന്ത്രിക്കുവാൻ പോലീസും പാടുപെടുകയാണ്.

ബൈപ്പാസിലൂടെ കോട്ടയം ഭാഗത്തുനിന്നുള്ള വാഹനങ്ങൾ പുത്തൻപള്ളിക്കുന്ന് ഇറക്കമിറങ്ങി അമിത വേഗതയിലാണ് പലപ്പോഴും വരുന്നത്. ഇതും അപകടഭീഷണി ഉയർത്തുന്നുണ്ട്. ഇവിടെ ഇറക്കത്തിന്റെ തുടക്കം മുതൽ വാഹനങ്ങളുടെ വേഗത കുറച്ച് യാത്ര ചെയ്യുന്നതിനുള്ള നിയന്ത്രണ സംവിധാനമാണ് വേണ്ടത്.