പാലാ ബിഷപ്പ് ഹൗസിലെ വാഹനം മോഷ്ടിച്ച് ഡ്രൈവറെ തട്ടിക്കൊണ്ടു പോയി: പ്രതികൾക്ക് പതിനഞ്ച് വർഷം കഠിന തടവും പിഴയും

Spread the love
സ്വന്തം ലേഖകൻ
കോട്ടയം: ഡ്രൈവറെ തട്ടിക്കൊണ്ടു പോയി പാലാ ബിഷപ്പ് ഹൗസിലെ വാഹനം തട്ടിയെടുത്ത കേസിൽ പ്രതികൾക്ക് പതിനഞ്ച് വർഷം വർഷം കഠിന തടവും പിഴയും. കാഞ്ഞിരപ്പള്ളി പുലിയത്താനയിൽ അജ്മൽ, നെല്ലിമല രാജേഷ്, മൈക്കിൾ (ലെയ്‌സൺ), വെണ്ണിലത്ത് വീട്ടിൽ അൻസാരി, രാമച്ചനാട്ട് വീട്ടിൽ എബ്രഹാം (ദീപു), പുളിമൂട്ടിൽ വീട്ടിൽ താഹ എന്നിവരെയാണ് കോട്ടയം അഡീഷണൽ സെഷൻസ് ജഡ്ജി വി.ബി സുമയമ്മ ശിക്ഷിച്ചത്. ഒന്നു മുതൽ ആറു വരെ പ്രതികൾക്ക് 15 വർഷം കഠിനതടവും 75000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ മൂന്നു വർഷം തടവ് അനുഭവിക്കണം. ഏഴാം പ്രതിയ്ക്ക് മൂന്നു വർഷം കഠിന തടവും വിധിച്ചു.
2008 മേയ് 28 നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതികൾ ചേർന്ന് വാടകയ്ക്ക് എടുത്ത ഇൻഡിക്കാ കാറിൽ പാലാ ബിഷപ്പ് ഹൗസിലെ ഡ്രൈവർ പാലാ മീനച്ചിൽ കടവ്പുഴയിൽ വീട്ടിൽ ബാലകൃഷ്ണനെ (63) തട്ടിക്കൊണ്ടു  പോയി, പാലാ ബിഷപ്പ് ഹൗസിന്റെ ഉടമസ്ഥതയിലുള്ള വാഹനം തട്ടിയെടുത്തെന്നായിരുന്നു കേസ്. പ്ലാശിനാൽ – പ്രവിത്താനം റോഡിൽ വാഹനം പാർക്ക് ചെയ്ത ശേഷം മയങ്ങുകയായിരുന്നു ബാലകൃഷ്ണൻ. ഇവിടെ എത്തിയ പ്രതികൾ ബാലകൃഷ്ണനെ വിളിച്ചെഴുന്നേൽപ്പിച്ച ശേഷം കാറിനുള്ളിലേയ്ക്ക് കയറി. തുടർന്ന് ബാലകൃഷ്ണന്റെ വായും കൈകളും കൂട്ടിക്കെട്ടി കാറിന്റെ പിന്നിൽ തള്ളി. ഇയാളുടെ മൊബൈൽ ഫോണും കയ്യിലുണ്ടായിരുന്ന പണവും കവർന്നെടുത്ത ശേഷം വളഞ്ഞങ്ങാനം ഭാഗത്ത് കാട്ടിൽ ഉപേക്ഷിച്ചു. തുടർന്ന് പ്രതികൾ ബംഗളൂരുവിൽ എത്തി കാർ വിൽപ്പന നടത്തുകയായിരുന്നു. ബാലകൃഷ്ണന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഈരാറ്റുപേട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടി. ഈരാറ്റുപേട്ട സി.ഐമാരായിരുന്ന പി.എം ജോസഫ് സാജു, എ.സി ചെറിയാൻ, കെ.വി വിജയകുമാർ, നിമ്മൽ ബോസ് എന്നിവരാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ഗിരിജ ബിജു ഹാജരായി.