
പാലക്കാട്: സി പി ഐയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആരാണ് സി പി ഐയെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ചോദിച്ചതെന്ന് ചൂണ്ടിക്കാട്ടിയ സതീശൻ, നാണം കെട്ട് എന്തിനാണ് ഇങ്ങനെ എല്‍ ഡി എഫില്‍ നില്‍ക്കുന്നതെന്നും ചോദിച്ചു.
താൻ സി പി ഐയെ മുന്നണിയിലേക്ക് ക്ഷണിക്കുന്നില്ലെന്നും സതീശൻ പറഞ്ഞു. എൻ ഡി എയില്‍ നിന്നും എല്‍ ഡി എഫില്‍ നിന്നും നിരവധിപാർട്ടികള്‍ യു ഡി എഫിലേക്ക് വരാനായി കാത്തു നില്‍ക്കുന്നുണ്ട്. എന്നാല്‍ നിലവില്‍ ചർച്ചകള്‍ നടത്തിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
കേന്ദ്ര ഫണ്ട് വാങ്ങുന്നതില്‍ തെറ്റില്ല
അതേസമയം പി എം ശ്രീ പദ്ധതിയുടെ കാര്യത്തിലും സതീശൻ നിലപാട് വ്യക്തമാക്കി. കേന്ദ്ര ഫണ്ട് വാങ്ങുന്നതില്‍ തെറ്റില്ലെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ്, ബി ജെ പിയുടെ വർഗീയ അജണ്ട നടപ്പിലാക്കാൻ പാടില്ലെന്നും അഭിപ്രായപ്പെട്ടു. മോദിയുടെ വീട്ടില്‍ നിന്നല്ല കേന്ദ്ര ഫണ്ട് നല്‍കുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ തങ്ങള്‍ അധികാരത്തില്‍ വരുന്നതിന് മുമ്പാണ് പി എം ശ്രീ പദ്ധതി നടപ്പാക്കിയതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ദേവസ്വം മന്ത്രി രാജിവെക്കണം
സ്വർണ്ണ കവർച്ചയില്‍ ദേവസ്വം മന്ത്രി രാജിവെക്കണമെന്ന പ്രതിപക്ഷ ആവശ്യം കോടതി പൂർണ്ണമായും അംഗീകരിച്ചെന്നും വി ഡി സതീശൻ അഭിപ്രായപ്പെട്ടു. ഞെട്ടിക്കുന്ന തെളിവുകളാണ് കോടതി കണ്ടെത്തിയത്. ശബരിമലയില്‍ നടന്നത് സ്വർണ്ണ കവർച്ചയാണെന്ന് ഹൈക്കോടതി കണ്ടെത്തിയിരിക്കുകയാണ്.
ഇപ്പോഴത്തെ ദേവസ്വം ബോർഡിന് ബന്ധമില്ല എന്ന സർക്കാരിന്റെ വാദം കോടതി തന്നെ തള്ളി. പ്രതിപക്ഷം കേരളത്തില്‍ പറഞ്ഞത് മുഴുവൻ കാര്യങ്ങളും 100% ശരിയാണെന്ന് കോടതി തന്നെ പറഞ്ഞു. ദേവസ്വം ബോർഡിനെ ചവിട്ടി പുറത്താക്കണം. ദേവസ്വം മന്ത്രി രാജിവെക്കണം.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ കാര്യത്തില്‍ ദേവസ്വം പ്രസിഡന്‍റ് ഇടപെട്ടിട്ടുണ്ട്. ഇപ്പോഴത്തെ ദേവസ്വം പ്രസിഡണ്ടും കള്ളൻ തന്നെയാണെന്നും സതീശൻ അഭിപ്രായപ്പെട്ടു.



