
സ്വന്തം ലേഖകൻ
ന്യൂയോർക്ക്: പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്‌കർ-ഇ-ത്വയ്ബ (എൽഇടി) ഭീകരൻ അബ്ദുൾ റഹ്മാൻ മക്കിയെ ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാ കൗൺസിൽ(യുഎൻഎസ്‌സി) ആഗോള ഭീകരനായി പട്ടികപ്പെടുത്തി.
ലഷ്കറെ തയിബ തലവനും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയീദിന്റെ ഭാര്യ സഹോദരനുമാണ് മക്കി.
കഴിഞ്ഞ വർഷം ജൂണിൽ മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിന് ഇന്ത്യയും യുഎസും യുഎന്നിൽ നടത്തിയ നീക്കം ചൈന തടഞ്ഞിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യുഎൻ ഉപരോധ സമിതിയിൽ ഇതു സംബന്ധിച്ച കൊണ്ടുവന്ന പ്രമേയം പാക്കിസ്ഥാനുമായി അടുപ്പം പുലർത്തുന്ന ചൈന ആറു മാസത്തേക്ക് തടയുകയായിരുന്നു. ഇതു പിൻവലിച്ചതിനെ തുടർന്ന് ഇന്നലെ യുഎൻ ഉപരോധ സമിതി പ്രമേയത്തിന് അംഗീകാരം നൽകുകയായിരുന്നു.
തീവ്രവാദ പ്രവർത്തനങ്ങൾക്കു വേണ്ടി ഫണ്ട് സ്വരൂപിക്കുന്നതിലും യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിലും ജമ്മു കശ്മീരിലടക്കം ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിലും മക്കി ഉൾപ്പെട്ടിട്ടുണ്ട്.
2020ൽ, ഒരു പാകിസ്ഥാൻ തീവ്രവാദ വിരുദ്ധ കോടതി, തീവ്രവാദത്തിന് ധനസഹായം നൽകിയതിന്‍റെ പേരിൽ മക്കിയെ തടവിന് ശിക്ഷിച്ചിരുന്നതായാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ റിപ്പോർട്ട്.