
പാക്കിസ്ഥാന്‍ ജയിലില്‍ ഉള്ളത് 54 അഭിനന്ദന്മാര്‍
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ വൈമാനികന്‍ അഭിനന്ദന്‍ വര്‍ദ്ധമാന്റെ മോചനം സാധ്യമാകാന്‍ പോകുന്നതിനിടെ ചര്‍ച്ചയായി പാക്കിസ്ഥാന്റെ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ തടവുകാര്‍. ഇന്ത്യയുടെ 54ഓളം സൈനികര്‍ പാകിസ്താന്‍ തടവിലുണ്ടെന്ന് അനൗദ്യോഗിക കണക്കുകള്‍. പാക് ജയിലിലുള്ളത് 54 ഇന്ത്യന്‍ സൈനികരാണെന്ന് സര്‍ക്കാരിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ 54 പേരും 1971നു ശേഷം പിടിയിലായവരാണ്. 30 പേര്‍ കരസേനയിലെ സൈ നികരും, 24 പേര്‍ ഇന്ത്യന്‍ വ്യോമസേനാംഗങ്ങളും ആണെന്നാണ് കണക്ക്. എന്നാല്‍ ഇതില്‍ എത്രപേര്‍ ജീവിച്ചിരിപ്പുണ്ടെന്നു വ്യക്തമല്ല. ഇവര്‍ ‘മിസിങ് 54’ എന്ന പേരില്‍ ഒരു പുകമറയായി തുടരുകയാണ്. 2010 നു ശേഷം തടവുകാരെ സംബന്ധിച്ച ഔദ്യോഗിക കണക്കുകള്‍ ഇന്ത്യ പുറത്തു വിട്ടിട്ടുമില്ല. എന്നാല്‍, ഇന്ത്യന്‍ സൈനികരാരും ജയിലിലില്ലെന്നാണു പാക്കിസ്ഥാന്റെ നിലപാട്. ചൈനയിലാകട്ടെ ഇന്ത്യന്‍ സൈനികത്തടവുകാരില്ല.
നിരന്തര നയതന്ത്ര ശ്രമങ്ങളെത്തുടര്‍ന്ന് 2007 ജൂണില്‍ ഇന്ത്യയില്‍ നിന്നു ബന്ധുക്കളുടെ സംഘത്തിനു പാക് ജയിലുകള്‍ സന്ദര്‍ശിക്കാന്‍ അനുമതി ലഭിച്ചിരുന്നു. 10 ജയിലുകള്‍ സന്ദര്‍ശിച്ചെങ്കിലും ആരെയും കണ്ടെത്താന്‍ സംഘത്തിനു കഴിഞ്ഞില്ല. തുടര്‍നടപടികള്‍ക്കായി പ്രതിരോധ മന്ത്രാലയത്തില്‍ കമ്മിറ്റിക്കു രൂപം നല്‍കിയിരുന്നു. പക്ഷേ, ഇന്ത്യന്‍ സൈനികത്തടവുകാരില്ലെന്ന നിലപാടില്‍ പാകിസ്താന്‍ ഉറച്ചുനിന്നു. സൈനികര്‍ പിടിയിലായാല്‍ ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരസ്പരം കൈമാറണമെന്നാണു ഷിംല കരാറിലെ വ്യവസ്ഥ. അതുകൊണ്ടു തന്നെ, 1965, 1971 യുദ്ധങ്ങള്‍ കഴിഞ്ഞ് 7 വര്‍ഷമായിട്ടും തിരിച്ചെത്താത്ത സൈനികര്‍ മരിച്ചതായി കണക്കാക്കി കുടുംബങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

2017 ല്‍ സമുദ്രാതിര്‍ത്തി ലംഘിച്ചതിന് പാക് പിടിയിലായ 440 മത്സ്യത്തൊഴിലാളികളെ തിരിച്ചയച്ചതായി മുന്‍ വിദേശ സഹമന്ത്രി എംജെ അക്ബര്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ലോക്സഭയെ അറിയിച്ചിരുന്നു. 2017 ല്‍ പാക് അതിര്‍ത്തി കടന്നതിനു പിടിയിലായ മറ്റ് 72 പേരെയും തിരിച്ചയച്ചിരുന്നു.