പാകിസ്താനില്‍ വോട്ടെടുപ്പ് തുടങ്ങി; ബിലാവലും നവാസ് ശരീഫും നേര്‍ക്കു നേര്‍, സ്വതന്ത്രരായി ഇമ്രാന്റെ സംഘവും; ജനാധിപത്യ ‘നാടക’ത്തില്‍ ജയം ആര്‍ക്ക്
പാകിസ്താനില്‍ വോട്ടെടുപ്പ് തുടങ്ങി; ബിലാവലും നവാസ് ശരീഫും നേര്‍ക്കു നേര്‍, സ്വതന്ത്രരായി ഇമ്രാന്റെ സംഘവും; ജനാധിപത്യ ‘നാടക’ത്തില്‍ ജയം ആര്‍ക്ക്
ഇസ്‌ലാമാബാദ്: വോട്ടെടുപ്പ് നടക്കുകയും തെരഞ്ഞെടുക്കപ്പെട്ടവര്‍ അധികാരമേറുകയും പിന്നാലെ അട്ടിമറികള്‍ സംഭവിക്കുകയും ചെയ്യുന്ന പാക് ജനാധിപത്യ നാടകത്തില്‍ ഇത്തവണ ആരെന്ന ഉറ്റു നോക്കുകയാണ് ലോകം. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് വിദേശത്ത് പ്രവാസത്തില്‍ കഴിഞ്ഞ പാകിസ്താന്‍ മുസ്‌ലിം ലീഗിലെ നവാസ് ശരീഫും പാകിസ്താന്‍ പീപ്ള്‍സ് പാര്‍ട്ടി നേതാവും ബേനസീര്‍ ഭുട്ടോയുടെ മകനുമായ ബിലാവല്‍ ഭൂട്ടോ സര്‍ദാരിയും തമ്മിലാണ് പ്രധാന മത്സരം. അഡിയാല ജയിലിലിരുന്ന് ഇമ്രാന്‍ ഖാനും ചരട് വലിക്കുന്നുണ്ട്.
വ്യവസ്ഥാപരമായി പാര്‍ലമെന്ററി ജനാധിപത്യമാണ് പാകിസ്താനില്‍. പാര്‍ലമെന്റിനാണ് അധികാരം. എന്നാല്‍ സൈന്യം പ്രത്യക്ഷമായും പരോക്ഷമായും ഇടപ്പെട്ട് തെരഞ്ഞെടുപ്പ് നടത്തുന്നതാണ് പതിവു കാഴ്ച. തങ്ങള്‍ക്ക് താത്പര്യമുളളവരെ വാഴിക്കും, ഇല്ലെങ്കില്‍ അസ്ഥിരപ്പെടുത്തും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാകിസ്താന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ സൈനിക സംവിധാനത്തിന്റെ കൈകടത്തല്‍ എന്നുമുണ്ടായിരുന്നു. എന്നാല്‍ ഇത്തവണത്തെ അത്ര മോശപ്പെട്ട ഒരു തെരഞ്ഞെടുപ്പ് ഇതിന് മുന്‍പ് ഉണ്ടായിട്ടില്ലെന്നാണ് പാകിസ്താനിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സാഹിദ് ഹുസൈന്‍ അഭിപ്രായപ്പെടുന്നത്. തെരഞ്ഞെടുപ്പ് ഫലം പോലും നേരത്തെ തീരുമാനിക്കപ്പെട്ടതാണ്. ഫെബ്രുവരി എട്ടിന് നടക്കുന്നത് വെറും ഔപചാരികം മാത്രമാണെന്നാണ് ദ വയറിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.
167 അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളിലെ സ്ഥാനാര്‍ഥികളും സ്വതന്ത്രരുമായി പാര്‍ലമെന്റിലേക്ക് 5121 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. ഇവരില്‍ 4806 പേര്‍ പുരുഷന്‍മാരും 312 പേര്‍ വനിതകളും രണ്ട് പേര്‍ ഭിന്നലിംഗത്തില്‍പ്പെട്ടവരുമാണ്. ഏറ്റവും കൂടുതല്‍ യുവ വോട്ടര്‍മാരുള്ളതും ഇത്തവണയാണ്. 6.9 കോടി പുരുഷ വോട്ടര്‍മാരും 5.9 കോടി സ്ത്രീ വോട്ടര്‍മാരുമാണുള്ളത്. 2018ല്‍ 51.9 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
പാര്‍ലമെന്റിലേക്കും പഞ്ചാബ്, സിന്ധ്, ബലൂചിസ്താന്‍, ഖൈബര്‍ പഖ്തൂന്‍ഖ്വ എന്നീ നാല് പ്രവിശ്യ നിയമനിര്‍മാണ സഭകളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്ന പ്രവിശ്യകള്‍.
മുന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ പാകിസ്താന്‍ തഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടിക്ക് ഔദ്യോഗിക തെരഞ്ഞെടുപ്പ് ചിഹ്നമായ ക്രിക്കറ്റ് ബാറ്റ് ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. അതിനാല്‍, സ്വതന്ത്രരായാണ് പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത്. മൂന്ന് വ്യത്യസ്ത കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഇംറാന്‍ ഖാന്‍ മത്സര രംഗത്തില്ല.
ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാനാണ് സൈന്യത്തിന്റെ ശത്രു. അതുകൊണ്ടുതന്നെ ജനകീയനായ രാഷ്ട്രീയ നേതാവ് തെരഞ്ഞെടുപ്പ് കാലത്തും ജയിലിലാണ്. സമയം പിന്നിടുന്തോറും ഇമ്രാനെതിരെ അതിവേഗം തെളിയുന്ന കുറ്റങ്ങളുടെ എണ്ണം കൂടിവരികയാണ്. 2018ലെ തെരഞ്ഞെടുപ്പില്‍ സൈന്യത്തിന്റെ പ്രിയങ്കരനായിരുന്നു ഇമ്രാന്‍ ഖാന്‍. പിന്നീട് ഭരണത്തിലിരിക്കെയാണ് തമ്മില്‍ അകലുന്നതും ഇമ്രാന്‍ ഖാന്‍ സൈന്യത്തിനെതിരെ പരസ്യമായി രംഗത്തുവരുന്നതും.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ തുടരുമ്പോഴും പാകിസ്താനില്‍ നടത്തിയ അഭിപ്രായ സര്‍വേകളില്‍ പിടിഐക്കാണ് 60 മുതല്‍ 80 ശതമാനം വരെ പിന്തുണ. എന്നാല്‍ ഇത് വോട്ടായി മാറുമോ അല്ലെങ്കില്‍ മാറാന്‍ സൈന്യം അനുവദിക്കുമോ എന്ന ചോദ്യം നിലനില്‍ക്കുകയാണ്.