
ഇസ്ലാമാബാദ്: പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടര്‍ വഹാബ് റിയാസിന്റെ കണ്‍സല്‍ട്ടന്റായി മുൻ താരം സല്മാൻ ബട്ടിനെ നിയമിച്ച തീരുമാനത്തില്‍നിന്ന് ഒരു ദിവസത്തിനകം പിന്മാറി പാകിസ്താൻ ക്രിക്കറ്റ് ബോര്‍ഡ്. പി.സി.ബിക്കകത്തുനിന്ന് തന്നെ വിമര്‍ശനം ഉയര്‍ന്നതോടെയാണ് തീരുമാനത്തില്‍നിന്നുള്ള മലക്കം മറിച്ചില്‍.
2010ല്‍ ലോര്‍ഡ്സില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റില്‍ വാതുവെപ്പ് നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് താരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സല്മാൻ ബട്ടിനെതിരെ വിമര്‍ശനം ഉയര്‍ന്നത്. ചീഫ് സെലക്ടര്‍ വഹാബ് റിയാസ് ശനിയാഴ്ച നടത്തിയ പ്രത്യേക വാര്‍ത്ത സമ്മേളനത്തില്‍ കണ്‍സല്‍ട്ടൻസി പാനലില്‍നിന്ന് സല്മാൻ ബട്ടിന്റെ പേര് പിൻവലിക്കുന്നതായി അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് മുൻ താരങ്ങളായ കമ്രാൻ അക്മല്‍, ഇഫ്തിഖാര്‍ അൻജൂം, സല്മാൻ ബട്ട് എന്നിവരെ കണ്‍സല്‍ട്ടന്റ് അംഗങ്ങളായി നിയമിച്ചത്. ജനുവരിയില്‍ നടക്കുന്ന ന്യൂസിലാൻഡിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്ബരയായിരുന്നു ഇവരുടെ ആദ്യ ദൗത്യം. ഇതില്‍നിന്നാണ് 39കാരനായ സല്മാൻ ബട്ടിനെ പുറത്താക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group