
പാലക്കാട്: ചികിത്സ പിഴവിനെ തുടർന്ന് പല്ലശ്ശന സ്വദേശിനിയായ ഒൻപത് വയസ്സുകാരിയുടെ വലതു കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ കുട്ടിയുടെ ചികിത്സയും കുടുംബത്തിന് നഷ്ടപരിഹാരവും ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനും ആരോഗ്യ വകുപ്പ് ഡയറക്ടർക്കും പരാതി നൽകി യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ശ്യാം ദേവദാസ്.
കഴിഞ്ഞ സെപ്റ്റംബറിൽ ആണ് പല്ലശ്ശന സ്വദേശിയായ എട്ടുവയസ്സുകാരി വിനോദിനി ഒടിഞ്ഞ കൈയുമായി ചിറ്റൂർ താലൂക്ക് ആശുപത്രിയിലും, പാലക്കാട് ജില്ലാ ആശുപത്രിയിലുമായി ചികിത്സ തേടിയെത്തിയത്.
തുടർ ചികിത്സകളിൽ വന്ന ഗുരുതരമായ പിഴവിനെ തുടർന്നാണ് വലതു കൈ മുട്ടിനു താഴെ വച്ച് മുറിച്ചു മാറ്റിയത്. ഡോക്ടർമാരുടെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ച ഉണ്ടായതായി ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിലും കണ്ടെത്തിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ കുറ്റകരമായ അനാസ്ഥ കാണിച്ച ഡോക്ടർമാർക്കെതിരെ കാര്യക്ഷമമായ നടപടി സ്വീകരിക്കാതെ സസ്പെൻഷനിൽ ഒതുക്കിയെന്നും പരാതിയിൽ ആരോപിച്ചു.
തുടർന്ന് കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നും കുറ്റക്കാരായ ഡോക്ടർമാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ 3ന് ആരോഗ്യ വകുപ്പ് മന്ത്രിക്കും ഡയറക്ടർക്കും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല.
വീഴ്ച വരുത്തിയ ഡോക്ടർമാരെ സംരക്ഷിക്കാനാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നതെന്നും പരാതിയിൽ ആരോപിച്ചു



