ദില്ലി: രാജസ്ഥാനില്‍ ചാരപ്രവര്‍ത്തനത്തിനിടെ പാക് റേഞ്ചര്‍ അറസ്റ്റിലായെന്ന് റിപ്പോർട്ട്. പാകിസ്ഥാനിലെ ബഹാവര്‍പുര്‍ സ്വദേശിയാണ് പിടിയിലായതെന്നാണ് സൂചന. ഇന്ത്യയുടെ ജവാനെ പാകിസ്ഥാൻ വിട്ടയക്കാത്തപ്പോഴാണ് പാക് ജവാൻ്റെ അറസ്റ്റിൻ്റെ വിവരങ്ങൾ വരുന്നത്. ജവാനെ അറസ്റ്റ് ചെയ്തതിൽ ബിഎസ്എഫ് ഇതുവരെ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. അതേസമയം, രാജസ്ഥാന്‍ അതിര്‍ത്തിയില്‍ കനത്ത് ജാഗ്രത ഏര്‍പ്പെടുത്തി.
നിയന്ത്രണ രേഖയിൽ പലയിടത്തും പ്രകോപനം തുടരുകയാണ്. എട്ടിടത്ത് പാക് വെടിവെയ്പ് ഉണ്ടായി. ശക്തമായ തിരിച്ചടി നല്‍കിയെന്ന് ഇന്ത്യന്‍ സേന അറിയിച്ചു.
അതിനിടെ, അനന്ത നാഗിലെ വനമേഖലയിൽ ഭക്ഷ്യവസ്തുക്കൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. സൈന്യം നടത്തിയ തെരച്ചിലിൽ വനത്തിനുള്ളിൽ നിന്നാണ് ഇത് കണ്ടെത്തിയത്. ഭീകരർക്ക് പ്രാദേശിക സഹായം ലഭിക്കുന്നുണ്ടെന്ന സംശയത്തിലാണ് അന്വേഷണ ഏജൻസികൾ. പാകം ചെയ്യാത്ത ഭക്ഷ്യവസ്തുക്കളാണ് കിട്ടിയത് എന്നത് സംശയം ബലപ്പെടുത്തുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബിഎസ്എഫ് ജവാനെ വിട്ടയക്കാതെ പാകിസ്ഥാൻ

അതേസമയം, അതിർത്തിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ വിട്ടയക്കാതെ പാകിസ്ഥാൻ. ഫ്ളാഗ് മീറ്റിംഗ് നടത്തിയിട്ടും പശ്ചിമ ബംഗാളിലെ ഹൂഗ്ളി സ്വദേശി പൂർണ്ണം കുമാർ ഷായെ വിട്ടയക്കാൻ പാകിസ്ഥാൻ തയ്യാറായിട്ടില്ല.
അബദ്ധത്തിൽ അതിർത്തി കടന്ന ബിഎസ്എഫ് ജവാനെ ഇന്ത്യയുടെ തിരിച്ചടി ഒഴിവാക്കാനുള്ള കവചമായി പാകിസ്ഥാൻ ഉപയോഗിക്കുന്നു എന്നാണ് സർക്കാർ വിലയിരുത്തുന്നത്.
ജമ്മു കശ്മീരിൽ പരിശോധന തുടരുന്നു
പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിൽ പരിശോധനയും ജാഗ്രതയും തുടരുന്നു. ഭീകരർക്കായുള്ള തെരച്ചിൽ ഊർജിതമായി മുന്നോട്ടുപോകുന്നതായി സുരക്ഷാ സേന അറിയിച്ചു.
അതേസമയം, ശ്രീനഗറിൽ കഴിഞ്ഞ മാസം 19 ന് ആക്രമണം നടക്കുമെന്ന് രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നു. ഇതിൻറെ അടിസ്ഥാനത്തിൽ ശ്രീനഗറിൽ സുരക്ഷ വർധിപ്പിച്ചിരുന്നു.
എന്നാൽ പഹൽഗാമിൽ ആക്രമണം നടക്കുമെന്നതിനെ സംബന്ധിച്ച് സൂചനകൾ ഉണ്ടായിരുന്നില്ല എന്നാണ് വിവരം. ഇതിനിടെ, വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ റഷ്യൻ വിദേശകാര്യ മന്ത്രിയുമായി ടെലഫോണിൽ സംസാരിച്ചു. ഭീകരാക്രമണത്തെ സംബന്ധിച്ച് ഇരുമന്ത്രിമാരും ചർച്ച നടത്തി. ഇന്നലെ നാവികസേന മേധാവി അഡ്മിറൽ ദിനേഷ് കെ.ത്രിപാഠി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടിരുന്നു.