മലയാളികൾ കൊടും വിഷം കഴിച്ച് വയർ നിറയ്ക്കുന്നു ; സ്വകാര്യ ആശുപത്രികൾ തഴച്ചു വളരുന്നതിന്റെ പിന്നിലെ കഥ ഇതു തന്നെ; പെയിന്റടിച്ച അരിയും ഫോർമാലിൻ ചേർത്ത മീനും, പാലും, അലക്കുകാരം കൊണ്ടുണ്ടാക്കിയ പപ്പടവും, മാരക വിഷം തളിച്ച പച്ചക്കറിയും വിപണിയിലേക്ക് ; നമ്മുടെ തീൻമേശയിലേക്ക് എത്തുന്നത് ഇവയൊക്കെ
ഏ കെ ശ്രീകുമാർ
കോട്ടയം: സംസ്ഥാനത്ത് അരി, പച്ചക്കറി ,പാൽ, തേങ്ങ തുടങ്ങി സകലമാന ഭക്ഷ്യ വസ്തുക്കളുടേയും ആഭ്യന്തര ഉൽപാദനം കുത്തനെ കുറഞ്ഞു.ഇതോടെ മറ്റു സംസ്ഥാനങ്ങളെ ആശ്രയിച്ച് ദൈനദിനം തള്ളിവിടേണ്ട ഗതികേടിലായി മലയാളികൾ.അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്നതാകട്ടെ മാരക വിഷം ചേർത്ത ഭക്ഷ്യഉൽപന്നങ്ങളും.
പച്ചക്കറി
Whatsapp Group 1 | Whatsapp Group 2 |Telegram Group
തമിഴ്‌നാട്ടിൽ നിന്നും കർണാടകത്തിൽ നിന്നും പച്ചക്കറികൾ കേരള വിപണിയിലേക്ക് എത്തുന്നത് മാരക രോഗങ്ങൾക്ക് കാരണമാകുന്ന എൻഡോസൾഫാനടക്കമുള്ള കീടാനാശിനികൾ തളിച്ച്.അത് മാത്രമാണ് മലയാളികൾക്ക് കാൻസറും വൃക്കരോഗങ്ങളും പിടിപെട്ട് നിത്യരോഗികളായി മാറുന്നതിന് പ്രധാന കാരണവും.
തമിഴ്‌നാട്ടിലെ കൃഷി സ്ഥലങ്ങളിൽ കേരളീയർക്ക് വിഷം തളിച്ച പച്ചക്കറിയും തമിഴർക്ക് ജൈവകൃഷി രീതിയിൽ ഉൽപാദിപ്പിച്ച പച്ചക്കറിയുമാണ് ഉൽപാദിപ്പിക്കുന്നതെന്ന് തെളുവുകൾ സഹിതം പുറത്തുവന്നിരുന്നു.പച്ചക്കറികളിൽ മാരകവിഷം തളിക്കുന്നതോടെ ഈച്ചയും പ്രാണികളും വരില്ലെന്നു മാത്രമല്ല പച്ചക്കറികൾ ദിവസങ്ങളോളം കേടുകൂടാതെയിരിക്കുകയും ചെയ്യും. മുൻ കാലങ്ങളിൽ വീടിൻ്റെ തൊടിയിലും ചുറ്റുവട്ടത്തും വീട്ടമ്മമാർ പച്ചക്കറി കൃഷി ചെയ്തിരുന്നു, ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാ പച്ചക്കറിയും ഇവിടെ ഉണ്ടാകുമായിരുന്നു. ഇന്ന് വീട്ടമ്മമാർ തിരക്ക് പിടിച്ച ജീവിത രീതികളിലേക്ക് മാറുകയും, പരിഷ്കാരം വന്ന് മുറ്റവും തൊടിയും ടൈലുകൾ ഇടാനും തുടങ്ങിയതോടെ കൃഷി ഇല്ലാതായി; തമിഴ്നാനാട്ടിലെ വിഷം തളിച്ച പച്ചക്കറിയെ ആശ്രയിച്ചു ജീവിക്കാൻ തുടങ്ങി. ഇതോടെ കാൻസറും, വൃക്ക രോഗവും നമ്മളെ തേടിയെത്തി
പാൽ
അന്യ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന പാലിൽ കൊഴുപ്പ് വർദ്ധിപ്പിക്കുന്നതിനായ് മാൽ ടോക്‌സ് , മൃതശരീരം കേടുകൂടാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ഫോർമാലിൻ എന്നീ രാസവസ്തുക്കൾ ചേർക്കുന്നതായാണ് കണ്ടെത്തൽ.അര ലിറ്റർ പാലിൽ മാൽ ടോക്‌സും വെള്ളവും ചേർത്താൽ കൊഴുപ്പിന്റെ അംശം ഇരട്ടിയായ് വർദ്ധിച്ച് രണ്ട് ലിറ്റർ പാലായി മാറും. തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിലും പരിസരപ്രദേശങ്ങളിലും ഇത്തരത്തിൽ മാരകരോഗങ്ങൾക്ക് കാരണമാകുന്ന പാൽ ഉൽപാദിപ്പിച്ച് കേരളത്തിൽ വിപണനം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്.ഫോർമാലിൻ ചേർത്ത പാലും തൈരും ഫ്രിഡ്ജിൽ വയ്ക്കാതെ പുറത്തുവച്ചാലും ഒരാഴ്ചയോളം കേടുകൂടാതെയിരിക്കും.എന്നാൽ മായം ചേർക്കാത്ത പാൽ പുറത്തു വച്ച് മണിക്കൂറുകൾക്കുള്ളിൽ കേടാകുമെന്നതാണ് വൈരൂദ്ധ്യം.
തേയിലപൊടികളിലും വിഷം
തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് കയറ്റി വിടുന്ന തേയിലപൊടികളിൽ മാരകമായ വിഷം ചേർക്കുന്നതായാണ് കണ്ടെത്തൽ.നല്ല നിറവും സ്വാദും കടുപ്പവുമുള്ള ചായപ്പൊടിക്ക് സൺസെറ്റ് യെല്ലോ,ടാർട്രാസിൻ തുടങ്ങിയ നിറങ്ങളാണ് ചേർക്കുന്നത്.ഇവ കരൾ വൃക്ക തകരാറുകൾക്കിടയാക്കും.ടി ബോർഡ് ഡെവലപ്‌മെന്റ് ഓഫീസർ എം കാർത്തിക്കിന്റെ നേത്യത്ത്വത്തിൽ മായം ചേർത്ത ആയിരം കിലോയോളം തേയിലപ്പൊടി പിടികൂടി കഴിഞ്ഞ ദിവസം നശിപ്പിച്ചിരുന്നു.
വെളിച്ചെണ്ണ
വെളിച്ചെണ്ണയിലും കൊടും വിഷം. മായം ചേർക്കുന്നതായി കണ്ടെത്തിയ എഴുപത്തിനാല് ബ്രാൻഡുകൾ കഴിഞ്ഞ വർഷം നിരോധിച്ചിരുന്നുവെങ്കിലും അവയെല്ലാം പേരുമാറി പുതിയ രൂപത്തിൽ മാർക്കറ്റിൽ സുലഭമാണ്.മായം ചേർത്തതായി കണ്ടെത്തിയ സൂര്യ, ആയില്യം തുടങ്ങിയ ബ്രാൻഡുകൾ കഴിഞ്ഞമാസം നിരോധിച്ചിരുന്നു.ഇതേ കമ്പനി സൗഭാഗ്യ, സുരഭി എന്നീ പേരുകളിൽ വെളിച്ചെണ്ണ മാർക്കറ്റിൽ എത്തിക്കുന്നു.ഇവയെല്ലാം തമിഴ്‌നാട്ടിലെ തിരുപ്പൂരിലും പൊള്ളാച്ചിയിലുമാണ് നിർമ്മിക്കുന്നത്.
ലിക്വിഡ് പാരഫിൻ , നിറം മാറ്റിയ കരിഓയിൽ,പാം കെർണൽ ഓയിൽ,സോൾവെന്റ് ഓയിൽ തുടങ്ങിയവയാണ് വെളിച്ചെണ്ണയിൽ ചേർക്കുന്ന രാസവസ്തുക്കൾ.ശുദ്ധമായ വെളിച്ചെണ്ണയുടെ മൂന്നിൽ ഒന്ന് വിലയ്ക്ക് ഇത്തരം എണ്ണകൾ വിപണിയിൽ എത്തിക്കാമെന്നാതാണ് ഇതിന്റെ പ്രത്യേകത.കാൻസർ,വൃക്ക,കരൾ മുതലായ രോഗങ്ങൾക്ക് ഇവയുടെ ഉപയോഗം കാരണമാകുന്നു.
അരി
പച്ചരിയിൽ കളർ ചേർത്ത് കുത്തരിയാക്കി മാറ്റുന്ന ജാല വിദ്യയുടെ ഇരയും മലയാളി തന്നെയാണ്.പച്ചരിയിൽ അമിതമായി തവിടും തവിടെണ്ണയും കളറും കെമിക്കൽ ഓയിലുകളും റെഡ്ഓക്‌സൈഡും ചേർത്താണ് കുത്തരിയാക്കി മാറ്റുന്നത്.അരിമണികളുടെ തുടിപ്പ് കൂട്ടാനായി നെല്ല് പുഴുങ്ങുമ്പോൾ രാസപദാർത്ഥങ്ങളും തവിടെണ്ണയും ചേർക്കും .അരി കഴുകുമ്പോൾ നിറം ഇളകുന്നുണ്ടെങ്കിൽ മായം ചേർത്തതായും വഴുവഴുപ്പു അനുഭവപ്പെടുന്നുണ്ടെങ്കിൽ തവിടെണ്ണ ചേർത്തതിന്റെയും സൂചനയാണ്.
മീൻ
ശവശരീരം കേടുകൂടാതെ സൂക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന ഫോർമാലിനും അമോണിയയും ചേർത്താണ് മത്സ്യം കേടുകൂടാതെ ആഴ്ചകളോളം സൂക്ഷിക്കുന്നത്.ഇവയാണ് മുന്നൂറും നാനൂറും കൊടുത്തു മലയാളികൾ വാങ്ങി കഴിക്കുന്നത്.
കുടിവെള്ളം
കുടിവെള്ളത്തിൽ ഇകോളി ബാക്ടീരിയയുടെ (ഇകോളീ ബാക്ടീരിയ എന്നാൽ കക്കൂസ് മാലിന്യം അടങ്ങിയിട്ടുണ്ടെന്നർത്ഥം )സാന്നിധ്യം കണ്ടെത്തിയിട്ടും അധികമായില്ല. പ്രമുഖ കുപ്പിവെള്ള ബ്രൻഡായിരുന്ന മാക്‌ഡെവലിന്റെ ഉൽപാദനവും വിതരണവും നിരോധിച്ചത് ഏതാനും മാസം മുൻപ് മാത്രമാണ്
പഞ്ചസാര
കാഴ്ചയിൽ പഞ്ചസാര തരികളോട് സമാനമായ യൂറിയയും ചോക്കുപൊടിയും സാക്കറിനും ചേർക്കുന്നു.മാരകരോഗത്തിന് കാരണമാകുന്നവയാണ് ഇവയെല്ലാം.അധിക മധുരം കിട്ടാൻ ചേർക്കുന്ന രാസവസ്തുവാണ് സാക്കറിൻ.ഇവ ഐസ്‌ക്രീമിലും ശർക്കരയിലും ചേർക്കാറുണ്ട്.
ഐസ്‌ക്രിം
ഐസ്‌ക്രം പതയാൻ ഉപയോഗിക്കുന്ന പ്രധാന കെമിക്കലാണ് വാഷിങ് പൗഡർ.മധുരമൂറുന്നു ഐസ്‌ക്രീം കഴിക്കുമ്പോൾ വയറിന് അസ്വസ്ഥത അനുഭവപ്പെട്ടാൽ മറ്റൊന്നും കരുതണ്ട അതിൽ വാഷിങ് പൗഡർ ചേർന്നിട്ടുണ്ട്.കൂടുതൽ സമയം നാവിൽ മധുരം നിൽക്കാനായി സാക്കറിനും ചേർക്കുന്നു.
പപ്പടം
കേരള വിപണി ലക്ഷ്യമിട്ട് തമിഴ്‌നാട്ടിൽ വൻതോതിൽ പപ്പട നിർമ്മാണം നടക്കുന്നുണ്ട്.പഴനി,കോയമ്പത്തൂർ,മധുര തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് വ്യാജ പപ്പടം കേരളത്തിലേക്ക് എത്തുന്നത്.അലക്കുകാരവും മൃതദേഹം കേടുകൂടാതെ സൂക്ഷിക്കുന്ന രാസവസ്തുക്കളുമാണ് ഇതിൽ പ്രധാനമായും ചേർക്കുന്നത്.ഇതിന് മായം ചേർക്കാത്ത പപ്പടവുമായി നിറത്തിലോ മണത്തിലോ വിത്യസമില്ല എന്നാൽ വില കുറവാണന്നതാണ് പ്രധാന ആകർഷണം.
ഉപ്പ്
ഉപ്പ് കട്ട പിടിക്കാതിരിക്കാനായ് ചേർക്കുന്ന ആന്റി കേക്കാണ് പൊടിയുപ്പിന്റെ പ്രധാന ഭീഷണി.ഇതിനായ് സോഡിയം സിലിക്കേറ്റ് അടങ്ങിയ കുപ്പിച്ചില്ലുപൊടിയോ പൂഴിപ്പൊടിയോ ആണ് ചേർക്കുന്നത്.ഇത്തരം ഉപ്പ് പതിവായി കഴിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും.
മുളക്‌പൊടി
മുളകുപൊടിയിൽ സുഡാൻഡൈ , ഇഷ്ടിക പൊടി, അറക്കപ്പൊടി,സ്റ്റാർച്ച് തുടങ്ങിയവയൊക്കെയാണ് ചേർക്കുന്നത്.അസംസ്‌കൃത വസ്തുക്കളിൽ നിന്നുണ്ടാക്കുന്ന മുളകു പൊടിക്ക് നല്ല കളർ കിട്ടാനാണ് സുഡാൻഡൈ ചേർക്കുന്നത്.ഇത് കരളിനേയും വൃക്കയേയും ഗുരുതരമായി ബാധിക്കും.
ചുരുക്കി പറഞ്ഞാൽ മലയാളി ഭക്ഷണത്തേക്കാളേറെ വിഷം കഴിച്ചാണ് വയർ നിറക്കുന്നത്. ഇവയൊക്കെയാണ് കാൻസർ, വൃക്ക , കരൾ രോഗം തുടങ്ങിയ മാരകരോഗങ്ങൾ ദേശീയ ശരാശരിയിലും ഉയർന്ന നിലയിൽ കേരളത്തിൽ കണ്ടുവരുന്നതിന് കാരണം.ഇതുതന്നെയാണ് കേരളത്തിലെ സ്വകാര്യ കുത്തക ആശുപത്രിളുടെ ഭീമാകാരമായ വളർച്ചയ്ക്കും കാരണം.