തപാൽ വകുപ്പിൽ ജോലി നൽകാമെന്ന് വാഗ്‌ദാനം ; ജോലിയ്ക്കായി നൽകിയത് നാല് ലക്ഷം രൂപ ; ഒടുവിൽ പണവും പോയി ജോലിയുമില്ല ; കേസിൽ യുവതി അറസ്റ്റിൽ
സ്വന്തം ലേഖകൻ
കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ വകുപ്പിൽ ജോലി വാഗ്ദാനം നൽകി തൃപ്പൂണിത്തുറ സ്വദേശിനിയിൽ നിന്ന് നാല് ലക്ഷം രൂപ കൈപ്പറ്റിയ കേസിലാണ് അറസ്റ്റ്. ബാങ്ക് അക്കൗണ്ട് വഴിയാണ് പണം വാങ്ങിയത്.
പണം നൽകിയിട്ടും ജോലി കിട്ടാതെ വന്നതോടെ തൃപ്പൂണിത്തുറ സ്വദേശിനി പണം തിരികെ ആവശ്യപ്പെട്ടെങ്കിലും അത് നൽകാൻ മേരി തയ്യാറായില്ല. തുടർന്നാണ് പണം നൽകിയയാൾ കളമശ്ശേരി പൊലീസിൽ പരാതി നൽകിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സിംഗ് സി.ആറിന്റെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫീസർമാരായ മാഹിൻ, ഷിബു, വെൽമ എന്നിവർ ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് മേരി ദീന പിടിയിലായത്. കളമശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.