
പഹൽഗാം ആക്രമണം: നാല് ഭീകരരെ തിരിച്ചറിഞ്ഞു; ഇവരുടെ രേഖാചിത്രം പുറത്തുവിട്ടു; രണ്ടുപേർ പാകിസ്ഥാനികളും രണ്ടുപേർ കശ്മീരി ഭീകരരും; ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല
ന്യൂഡൽഹി: പഹൽഗാം ആക്രമണത്തിലെ രണ്ട് ഭീകരരുടെ രേഖാ ചിത്രം കൂടി പുറത്ത് വിട്ടു. അഞ്ചിൽ നാല് ഭീകരരെ തിരിച്ചറിഞ്ഞു. രണ്ട് പേർ പാകിസ്ഥാനികളെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചു. അലി തൽഹ, ആസിഫ് ഫൗജി എന്നിവരാണ് പാകിസ്ഥാനി ഭീകരർ.
ആദിൽ തോക്കർ, അഹ്സാൻ എന്നിവരാണ് കശ്മീരി ഭീകരർ. ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും അന്വേഷണ സംഘം അറിയിച്ചു. അതേസമയം, പഹൽഗാം ഭീകരാക്രമണത്തെ കുറിച്ച് അന്വേഷിക്കാൻ അനന്ത്നാഗ് അഡീഷണൽ എസ്പിയുടെ നേതൃത്വത്തിൽ ജമ്മുകശ്മീർ പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു.
എൻഐഎ സംഘം ബൈസരണിൽ നിന്നും ഫൊറൻസിക് തെളിവുകൾ അടക്കം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദിയും ഇന്ന് ജമ്മുകശ്മീരിലെത്തുന്നുണ്ട്. അതേസമയം, പാകിസ്ഥാൻ പഞ്ചാബ് അതിർത്തിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ മോചിപ്പിക്കാനുള്ള ചർച്ചകൾ തുടരുകയാണ്. ഇതുവരെ ജവാനെ മോചിപ്പിക്കാൻ പാകിസ്ഥാൻ തയ്യാറായിട്ടില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അബദ്ധത്തിൽ അന്താരാഷ്ട്ര അതിർത്തി കടന്നപ്പോഴാണ് ജവാനെ കസ്റ്റഡിയിലെടുത്തത്. അതിർത്തിയിൽ കൃഷി ചെയ്യുന്നവരെ സഹായിക്കാൻ പോയ ജവാനാണ് പാകിസ്ഥാൻ പിടിയിലായത്. ജവാൻ്റെ ചിത്രം പാക് സേന പുറത്തുവിട്ടിരുന്നു. ഫ്ളാഗ് മീറ്റിംഗ് വഴി ചർച്ചയിലൂടെ മോചിപ്പിക്കാനാണ് ശ്രമം തുടരുന്നത്.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങൾക്കും ഇടയിലെ തർക്കം രൂക്ഷമാകവേ അതിർത്തിയിൽ സേനകൾക്ക് ജാഗ്രത നിർദ്ദേശം നൽകി. സിന്ധു നദീജല കരാറിലെ വ്യവസ്ഥകൾ ലംഘിക്കുന്നത് യുദ്ധമായി കണക്കാകുമെന്ന് പാകിസ്ഥാൻ ഇന്നലെ പറഞ്ഞിരുന്നു. എന്നാൽ രാത്രിയോടെ കരാർ മരവിപ്പിച്ച് ഇന്ത്യ വിജ്ഞാപനമിറക്കി. കശ്മീരിലെ സ്ഥിതി ആഭ്യന്തരമന്ത്രിയും പ്രതിരോധ മന്ത്രിയും ഇന്ന് വിലയിരുത്തും.