ഭീകരവാദത്തിന് മുന്നിൽ മുട്ടുമടക്കില്ല; പഹൽഗാമിലേയ്ക്ക് വീണ്ടും സഞ്ചാരികൾ എത്തുന്നു

Spread the love

പഹൽഗാം: ഏപ്രിൽ 22ന് നടന്ന ഭീകരാക്രമണത്തിന്റെ ആഘാതത്തിൽ നിന്ന് കരകയറുകയാണ് പഹൽഗാമിലെ വിനോദസഞ്ചാര മേഖല. പഹൽഗാമിന്റെ ആത്മാവ് തീവ്രവാദത്തിന് അടിമപ്പെടില്ല എന്ന ഉറച്ച വിശ്വാസത്തോടെ വിനോദസഞ്ചാരത്തിന്റെ പുനരുജ്ജീവനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രദേശവാസികൾ. ഇതിന് കരുത്തേകി വിനോദസഞ്ചാരികൾ വീണ്ടും പഹൽഗാമിലേയ്ക്ക് എത്തുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഭീകരാക്രമണത്തിന് ശേഷം ഒഴിഞ്ഞുകിടന്ന പഹൽഗാമിലെ ഹോട്ടലുകളിൽ ഇപ്പോൾ അവധിക്കാലം ചെലവഴിക്കാൻ ധൈര്യസമേതം മുന്നോട്ടുവരുന്ന വിനോദസഞ്ചാരികളെ കാണാൻ കഴിയും. 1988ന് ശേഷം ഇപ്പോൾ കുടുംബത്തോടൊപ്പം പഹൽഗാമിൽ അവധിക്കാലം ചെലവഴിക്കാൻ തീരുമാനിച്ച താനെ സ്വദേശിയാണ് സച്ചിൻ വാഗ്മാരെ. പഹൽഗാമിലെ നാട്ടുകാര്‍ വിനോദസഞ്ചാരികളുടെ സുരക്ഷയെക്കുറിച്ച് കൂടുതൽ ശ്രദ്ധാലുക്കളാണെന്നും എല്ലാ സഹായത്തിനും നാട്ടുകാരുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പഹൽഗാം വിനോദസഞ്ചാര മേഖലയുടെ പുനരുജ്ജീവനം ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞതായും സന്ദർശകർ എത്തിത്തുടങ്ങിയതായും അഹാദ് ഹോട്ടൽസ് ആൻഡ് റിസോർട്ട്‌സ് മാനേജിംഗ് ഡയറക്ടർ ആസിഫ് ബർസ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിൽ നിന്നും കേന്ദ്രസര്‍ക്കാരിൽ നിന്നും ഇതിനായി വലിയ പരിശ്രമങ്ങളുണ്ടായി. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര ഷെഖാവത്തും ഇതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടാക്സി യൂണിയൻ പ്രസിഡന്റ് ഗുലാം നബിയും സമാനമായ അഭിപ്രായമാണ് പങ്കുവെച്ചത്. മുമ്പത്തെ സാഹചര്യങ്ങളിൽ വലിയ മാറ്റമുണ്ടായെന്നാണ് ഗുലാം നബിയുടെ വിലയിരുത്തൽ. നിലവിൽ പുരോഗമിക്കുന്ന അമര്‍നാഥ് യാത്ര പൂര്‍ത്തിയായ ശേഷം പഹൽഗാമിലേയ്ക്ക് വീണ്ടും സഞ്ചാരികള്‍ ഒഴുകിയെത്തുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ. അമർനാഥിലെ ഗുഹാക്ഷേത്രത്തിലേക്കുള്ള 38 ദിവസത്തെ തീർത്ഥാടന യാത്ര ജൂലൈ 3നാണ് ആരംഭിച്ചത്. ഇതുവരെ 3.25 ലക്ഷത്തിലധികം തീർത്ഥാടകർ അമര്‍നാഥിലെത്തി കഴിഞ്ഞു. ഓഗസ്റ്റ് 9നാണ് ഈ വര്‍ഷത്തെ യാത്ര അവസാനിക്കുക.