നാഗമാണിക്യം അടക്കം ബൽജിയം രത്നം, സ്വർണമാലകൾ, സ്വര്‍ണ്ണ പ്രതിമകള്‍; ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിത്യനിഗൂഢമായ ബി നിലവറ തുറക്കുമോ?

Spread the love

തിരുവനന്തപുരം; വർഷങ്ങൾക്ക് ശേഷം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ‘ബി നിലവറ’ തുറക്കണമെന്ന് സർക്കാർ പ്രതിനിധി ഭരണസമിതി യോഗത്തിൽ ആവശ്യപ്പെട്ടതോടെ നിധിയെ സംബന്ധിച്ച ചർച്ചകൾ വീണ്ടുമുയരുന്നു.

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിശേഖരത്തിന് ഏകദേശം ഒരു ലക്ഷം കോടി രൂപയോളം വിലമതിക്കുമെന്നാണ് കരുതുന്നത്. 4 നിലവറകളിലായി സൂക്ഷിച്ചിരിക്കുന്ന ഈ നിധിയില്‍ സ്വര്‍ണ്ണം, രത്‌നങ്ങള്‍, സ്വര്‍ണ്ണ പ്രതിമകള്‍, സ്വര്‍ണ്ണാഭരണങ്ങള്‍ തുടങ്ങിയ പലതരം വിലപിടിപ്പുള്ള വസ്തുക്കളുണ്ട്. ഇതില്‍ ബി നിലവറയിലെ നിധിക്ക് ഏറ്റവും കൂടുതല്‍ മൂല്യമുണ്ടെന്നു കരുതുന്നു.

നാഗമാണിക്യം അടക്കം ഈ അറയില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു.ചില വിശ്വാസങ്ങളുടെ പേരിലാണ് ഈ അറ മുഖ്യമായും തുറക്കാതിരുന്നതെങ്കിലും രാജകുടുംബത്തിനും ഈ നീക്കത്തോട് താത്പര്യമുണ്ടായിരുന്നില്ല. ബി നിലവറയുടെ താക്കോല്‍ നഷ്ടപ്പെട്ടതിനാലാണ് തുറക്കാതിരുന്നതെന്ന മറ്റൊരു പക്ഷവുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതല്ല, മന്ത്രാക്ഷരങ്ങള്‍ ഉപയോഗിച്ചുള്ള അക്ഷരപ്പൂട്ടിട്ടാണ് നിലവറ ഭദ്രമാക്കിയിട്ടുള്ളതെന്ന് വിശ്വസിക്കുന്നവരുമുണ്ട്. 16 അടി നീളത്തിലുള്ള ശ്രീപദ്മനാഭ വിഗ്രഹത്തിന്റെ അടിയിലായിട്ടാണ് ഈ നിലവറ സ്ഥിതി ചെയ്യുന്നത്. കടുശര്‍ക്കര യോഗക്കൂട്ടു കൊണ്ടാണ് വിഗ്രഹം നിര്‍മ്മിച്ചിട്ടുള്ളത്.കുറഞ്ഞത് രണ്ടു തവണയെങ്കിലും ഇത് തുറന്നിട്ടുണ്ടാവാമെന്നാണ് സുപ്രീം കോടതി നിയോഗിച്ച ആഡിറ്റര്‍ വിനോദ് റോയി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

നിലവറകളില്‍ സൂക്ഷിച്ചിരുന്ന അമൂല്യ വസ്തുക്കളില്‍ ചിലത് അപഹരിക്കപ്പെട്ടതായി ചില ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും അതിന് സാദ്ധ്യതയില്ലെന്നാണ് ചില മുന്‍ ഉദ്യോഗസ്ഥ മേധാവികളുടെ പക്ഷം. നിത്യനിഗൂഢമായ ബി നിലവറയെ കേന്ദ്ര ബിന്ദുവാക്കി പ്രമുഖ ചലച്ചിത്ര സംവിധായകന്‍ രാജീവ് അഞ്ചല്‍ ഒരു സിനിമ സംവിധാനം ചെയ്യാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്നും അറിയുന്നു.

ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം ഭരണസമിതിയെ നിയോഗിച്ചിട്ടുണ്ട്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജഡ്ജി, രാജകുടുംബാഗം, ക്ഷേത്രം തന്ത്രി തരണനല്ലൂര്‍ ഗോവിന്ദന്‍ നമ്പൂതിരിപ്പാട്, കേന്ദ്രസര്‍ക്കാര്‍ പ്രതിനിധി കരമന ജയന്‍,? സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി അഡ്വ.എ.വേലപ്പന്‍നായര്‍ എന്നിവരാണ് ഭരണസമിതി അംഗങ്ങള്‍.