എ പത്മകുമാറിനെ പുറത്താക്കാനൊരുങ്ങി സിപിഎം; തെരഞ്ഞെടുപ്പിന് മുൻപ് തന്നെ നടപടി വേണമെന്ന് ഉന്നത സ്വാധീനമുള്ള വ്യക്തി; നടപടി തീരുമാനിക്കാൻ നിര്‍ണായക ജില്ലാ സെക്രട്ടറിയേറ്റ് യോഗം തിങ്കളാഴ്ച

Spread the love

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസില്‍ പ്രതിയായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാറിനെ സിപിഎം പുറത്താക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.

നടപടി തീരുമാനിക്കാൻ നിർണായക ജില്ലാ സെക്രട്ടറിയേറ്റ് തിങ്കളാഴ്ച ചേരും. കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുക്കും.

പത്മകുമാറിന് എതിരായ നടപടി ഈ യോഗത്തിലുണ്ടാകുമെന്നാണ് വിവരം. എ. പത്മകുമാറിനെതിരെ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ നടപടി വേണമെന്ന് സമ്മർദ്ദം ചെലുത്തിയത് പത്തനംതിട്ട ജില്ലയിലെ ഉന്നത സ്വാധീനമുള്ള വ്യക്തിയാണെന്നാണ് സൂചന. ഈ ആവശ്യം ഉന്നയിച്ച്‌ സംസ്ഥാന നേതൃത്വത്തെ ഉന്നത വ്യക്തി നേരിട്ട് സമീപിക്കുകയായിരുന്നു.

അതിനിടെ സ്വർണക്കൊള്ള കേസില്‍ പ്രതിയായതില്‍ എ. പത്മകുമാർ പാർട്ടിക്ക് വിശദീകരണം നല്‍കി. തെറ്റ് ചെയ്തിട്ടില്ലെന്നും പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയിട്ടില്ലെന്നുമാണ് വിശദീകരണം. തപാലിലൂടെ ആയിരുന്നു പത്മകുമാറിനോട് പത്തനംതിട്ട ജില്ലാ നേതൃത്വം വിശദീകരണം തേടിയത്. മറുപടി ദൂതൻ വഴിയാണ് പത്മകുമാര്‍ കൈമാറിയത്.