കോണ്‍ഗ്രസുകാരാണ് ബിജെപിയാക്കിയത് ; മോദി നല്ലൊരു ലീഡറാണ് ; എന്റെ വേദനയാണ് എന്നെ ബിജെപിയിലേക്ക് എത്തിച്ചത് ; സിപിഎമ്മായിരുന്നു അച്ഛന്റെ പ്രധാന രാഷ്ട്രീയ എതിരാളി. ആ സിപിഎമ്മുമായി പോലും പിന്നീട് സഹകരിച്ചു ഇപ്പോള്‍ മുരളീയേട്ടൻ പറയുന്നതെല്ലാം പിന്നീട് തിരുത്തും ; ബിജെപിയില്‍ ചേരുമെന്ന വാർത്തയോട് പ്രതികരിച്ച് പത്മജാ വേണുഗോപാല്‍ ; ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് ബിജെപിയില്‍ ചേരും 

Spread the love

സ്വന്തം ലേഖകൻ 

video
play-sharp-fill

തൃശൂർ: താൻ ബിജെപിയില്‍ ചേരുമെന്ന് സ്ഥിരീകരിച്ച്‌ കോണ്‍ഗ്രസ് നോതാവ് പത്മജാ വേണുഗോപാല്‍. ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് പത്മജാ വേണുഗോപാല്‍ ബിജെപിയില്‍ ചേരുമെന്ന് ഭർത്താവ് വേണുഗോപാലും അറിയിച്ചു. കോണ്‍ഗ്രസുകാരാണ് തന്നെ ബിജെപിയാക്കിയതെന്ന് പത്മജാ വേണുഗോപാല്‍ പ്രതികരിച്ചു.

മോദി നല്ലൊരു ലീഡറാണ്. അതുകൊണ്ടാണ് ബിജെപിയിലേക്ക് പോകുന്നതെന്ന് കേരളത്തിലെ ലീഡറുടെ മകള്‍ എന്ന് അറിയപ്പെടുന്ന പത്മജാ വേണുഗോപാല്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിച്ചവരെ തന്റെ മൂക്കിന് താഴെ കൊണ്ടു വച്ചു. ഇത് സഹിക്കുന്നതിലും അപ്പുറമായിരുന്നു. കുറച്ചു കാലമായി ഒന്നിലും ഇടപെട്ടില്ല. എന്റെ വേദനയാണ് എന്നെ ബിജെപിയിലേക്ക് എത്തിച്ചത്. കോണ്‍ഗ്രസ് നേതൃത്വം എന്ന ബിജെപിയിലേക്ക് തള്ളി വിടുകയായിരുന്നു-പത്മജ പ്രതികരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അച്ഛന്റെ ആത്മാവ് പൊറുക്കില്ലെന്നാണ് പത്മജയുടെ ചേട്ടനായ കെ മുരളീധരൻ പ്രതികരിച്ചത്. ഇനി അനുജത്തിയുമായി ഒരു ബന്ധവുമില്ലെന്നും കെ മുരളീധരൻ പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെ പരിഹസിക്കുകയായിരുന്നു പത്മജ. ഇപ്പോള്‍ പറയുന്നത് മുരളീയേട്ടൻ പിന്നീട് തിരുത്തും. അച്ഛൻ ജീവിച്ചിരിക്കും വരെ താൻ അച്ഛനെ വേദനിപ്പിച്ചിട്ടില്ല. സിപിഎമ്മായിരുന്നു അച്ഛന്റെ പ്രധാന രാഷ്ട്രീയ എതിരാളി. ആ സിപിഎമ്മുമായി പോലും പിന്നീട് അച്ഛൻ സഹകരിച്ചു.

രാഷ്ട്രീയത്തില്‍ അച്ഛൻ അപമാനിക്കപ്പെട്ടപ്പോഴായിരുന്നു ഇത്. കെ മുരളീധരന്റെ വാദങ്ങളെല്ലാം പത്മജ തള്ളുകയാണ്. ഇതിനിടെയാണ് പത്മജയുടെ ഭർത്താവും പ്രതികരണവുമായി എത്തിയത്. പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപി.യില്‍ ചേരുമെന്ന് സ്ഥിരീകരിച്ച്‌ ഭർത്താവ് ഡോ.വേണുഗോപാല്‍ എത്തുകായണ്. പാർട്ടിയില്‍നിന്നും കിട്ടിയ വലിയ അവഗണനയില്‍ പത്മജ വേദനിക്കുന്നത് കണ്ടിട്ടുണ്ടെന്നും അതുകൊണ്ടായിരിക്കാം ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

പത്മജ എന്തുതീരുമാനമെടുത്താലും ഞാൻ അതിനെ പിന്തുണക്കാറാണ് പതിവ്. രാഷ്ട്രീയമായി ഇക്കാര്യത്തില്‍ അഭിപ്രായം പറയുന്നില്ല. കെ.കരുണാകരൻ സ്മാരക നിർമ്മാണം വൈകുന്നതിനും അവർ അസ്വസ്ഥയായിരുന്നു. പലരും അതിന് എതിരുനിന്നു. രാഷ്ട്രീയമാറ്റമെന്ന തീരുമാനം നേരത്തെ ഉണ്ടായിരുന്നില്ല. രാഷ്ട്രീയം അവസാനിപ്പിച്ച്‌ വീട്ടിലിരിക്കാനാണ് താൻ പറയാറ്.

പത്മജയുടെ മനസ്സിലും ഇതുതന്നെയായിരുന്നു. എന്നാല്‍, മികച്ച ഒരു അവസരം വന്നപ്പോള്‍ ശ്രമിച്ചുനോക്കാമെന്ന് വിചാരിച്ചു. പത്മജയുടെ തീരുമാനത്തിന് എല്ലാവിധ പിന്തുണയും ഉണ്ട്. ഭാര്യയുടെ വ്യക്തിപരമായ തീരുമാനങ്ങള്‍ എതിർക്കാറില്ല- വേണു?ഗോപാല്‍ വ്യക്തമാക്കി. ചിലമണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ലെന്നും പത്മജ സ്ഥാനാർത്ഥിയാകാൻ സാധ്യതയുണ്ടോയെന്നുമുള്ള ചോദ്യത്തിന്, ഒരിക്കലും തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നായിരുന്നു പ്രതികരണം.

രാഷ്ട്രീയം സംസാരിക്കാറില്ല, രാഷ്ട്രീയത്തില്‍ ഇടപെടാറില്ല. പക്ഷെ ഭാര്യ യുക്തിസഹമായ ഒരു തീരുമാനമെടുത്താല്‍ അതിനെ പിന്തുണയ്ക്കാറുണ്ട്. അത്തരത്തിലുള്ളതാണ് ഇപ്പോള്‍ വന്നത്. പാർട്ടിക്കുവേണ്ടി കഷ്ടപ്പെട്ടിട്ടും വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്നും അവഗണിക്കപ്പെടുകയാണെന്നും കുറേനാളായി പത്മജ പറയാറുണ്ട്. സർക്കാർ സൗജന്യമായി സ്ഥലം നല്‍കിയിട്ടും കരുണാകരൻ സ്മാരകം പൂർത്തീകരിക്കാനാകാത്തതിലാണ് പത്മജ ഏറ്റവും കൂടുതല്‍ വേദനിച്ചത്- വേണുഗോപാല്‍ വ്യക്തമാക്കി.

ബുധനാഴ്ച ഉച്ചയോടെ പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേരുമെന്ന വാർത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യം നിഷേധിച്ചുകൊണ്ട് പത്മജ തന്നെ വൈകിട്ട് ഫേസ്‌ബുക്കില്‍കൂടി രംഗത്തെത്തി. ‘ഒരു തമാശ പറഞ്ഞതാണ്, ഇങ്ങിനെയാകുമെന്ന് വിചാരിച്ചില്ല’ എന്നായിരുന്നു ഫേസ്‌ബുക്ക് പോസ്റ്റ്. എന്നാല്‍ പിന്നീട് ഇത് പിൻവലിക്കുകയായിരുന്നു. അതിന് ശേഷമാണ് സ്ഥിരീകരണം ഉണ്ടാകുന്നത്. തുടർച്ചയായി കോണ്‍ഗ്രസ് നേതൃത്വം അവഗണിച്ചതാണു തീരുമാനത്തിനു പിന്നിലെന്നു പത്മജ അടുത്ത സുഹൃത്തുക്കളെ അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അറിവോടെയാണ് പത്മജ ബിജെപിയിലേക്ക് എത്തുന്നതെന്നാണു സൂചന.

വാഗ്ദാനം ചെയ്തിരുന്ന രാജ്യസഭാ സീറ്റ് നല്‍കാത്തതും തന്നേക്കാള്‍ ജൂനിയറായവരെ രാജ്യസഭയിലേക്ക് അയച്ചതുമാണു പത്മജയെ ചൊടിപ്പിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണ റാലിക്കിടെ പ്രിയങ്ക ഗാന്ധിയുടെ വാഹനത്തില്‍ പത്മജ കയറുന്നതു ജില്ലാ നേതാക്കള്‍ തടഞ്ഞതോടെയാണു പ്രശ്‌നം തുടങ്ങിയത്. കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തൃശൂർ മണ്ഡലത്തില്‍ പത്മജ മത്സരിച്ചെങ്കിലും വിജയിച്ചില്ല. കെ.കരുണാകരന്റെ സ്മാരകം നിർമ്മിക്കുന്നതു കോണ്‍ഗ്രസ് നീട്ടിക്കൊണ്ടു പോകുന്നതും പത്മജയുടെ തീരുമാനത്തെ സ്വാധീനിച്ചതായാണു സൂചന.

തൃശൂർ ഡിസിസി പ്രസിഡന്റിന്റെ ചുമതല വഹിച്ച ആദ്യ വനിതയാണ് പത്മജ. ഇന്ത്യൻ നാഷനല്‍ ട്രേഡ് യൂണിയൻ കോണ്‍ഗ്രസ് വർക്കിങ് കമ്മിറ്റി അംഗം, തഴപ്പായ എംപ്ലോയീസ് യൂണിയൻ, ടെക്‌നിക്കല്‍ എജ്യുക്കേഷനല്‍ സൊസൈറ്റി ഓഫ് ഇന്ത്യ എന്നീ സംഘടനകളുടെ ഭാരവാഹിയായിരുന്നു. കെടിഡിസി അധ്യക്ഷയായും പ്രവർത്തിച്ചു. മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെയും കല്യാണിക്കുട്ടി അമ്മയുടെയും മകളാണ്. പാർട്ടി വിടുന്നതു സംബന്ധിച്ച്‌ ഒരു സൂചനയും പത്മജ തനിക്കു നല്‍കിയിട്ടില്ലെന്നും ഫോണില്‍ വിളിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്നും സഹോദരൻ കൂടിയായ കെ.മുരളീധരൻ എംപി പറഞ്ഞു.

ഇന്നലെ മുതല്‍ പത്മജ തന്നെ ഫോണില്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും അവർ പോയാല്‍ കോണ്‍ഗ്രസിന് ഒരു ക്ഷീണവുമുണ്ടാകില്ലെന്നും മുരളീധരൻ പ്രതികരിച്ചു.