
വീണ്ടും പത്മ ആശുപത്രിക്കെതിരെ ചികിത്സ പിഴവ് ആരോപണം: മുഴ നീക്കം ചെയ്യാനുള്ള സർജറി നടത്തിയതിന് ശേഷം മൂത്രസഞ്ചി ലീക്കായി, കുടുംബത്തിന്റെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി ഡോക്ടർമാർ
കാസർകോട്: കാഞ്ഞങ്ങാട് പത്മ ആശുപത്രിയിൽ വീണ്ടും ചികിത്സാ പിഴവെന്ന് ആരോപണം. ബേക്കൽ ചേറ്റുക്കുണ്ട് സ്വദേശി ചന്ദ്രികയും കുടുംബവുമാണ് പരാതിയുമായി രംഗത്തെത്തിയത്. മുഴ നീക്കം ചെയ്യാനുള്ള സർജറി നടത്തിയതിന് ശേഷം മൂത്രസഞ്ചി ലീക്കായി എന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതരുമായും ഡോക്ടറുമായും സംസാരിച്ചെങ്കിലും അവർ ഇറക്കിവിട്ടെന്ന് കുടുംബം പറഞ്ഞു.
ഗർഭപാത്രത്തിൽ മുഴ ഉണ്ടായതിനെ തുടർന്ന് പത്മ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.രേഷ്മയെ സമീപിച്ചിരുന്നു. പിന്നീട് സർജറി നടത്തി മുഴ നീക്കം ചെയ്യുകയും ചെയ്തു, ഇതിന് പിന്നാലെ മൂത്രസഞ്ചി ലീക്കായി എന്നും പരാതിയിൽ പറയുന്നു. ഇക്കാര്യത്തെ കുറിച്ച് ഡോക്ടർ രേഷ്മയോട് സംസാരിച്ചപ്പോൾ വ്യക്തമായ കാരണം പറയാതെ ഒഴിഞ്ഞു മാറി. ആശുപത്രിയിലെ യൂറോളജിസ്റ്റ് മഞ്ജുനാഥ് ഷെട്ടിയെ സമീപിച്ചപ്പോൾ തങ്ങളെ കാരണം പറയാതെ ഭീക്ഷണിപ്പെടുത്തി ഇറക്കിവിട്ടെന്നും കുടുംബം പറഞ്ഞു.
തുടർന്ന് മംഗലാപുരത്തുളള ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ പരിശോധിച്ചപ്പോഴാണ് മുഴ നീക്കം ചെയ്യാൻ നടത്തിയ സർജറിയിൽ മൂത്രസഞ്ചിയ്ക്ക് ഹോൾ വീണെന്ന വിവരം ഇവർ അറിഞ്ഞത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം പ്രസവത്തെ തുടർന്ന് യുവതിയും നവജാത ശിശുവും മരിച്ച സംഭവത്തിൽ പത്മ ആശുപത്രിക്കെതിരെ ആരോപണം ഉയർന്നിരുന്നു. ചേറ്റുക്കുണ്ട് സ്വദേശിനി ദീപയും കുഞ്ഞുമാണ് മരിച്ചത്.