play-sharp-fill
പാഡി ഓഫിസുകളില്‍ വിജിലന്‍സ് റെയ്ഡ്; കോട്ടയത്തും നിരവധി ക്രമക്കേടുകള്‍; ഏജന്‍റുമാര്‍ വന്‍തുക തട്ടിയെടുക്കുന്നതായി കണ്ടെത്തൽ; വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കും

പാഡി ഓഫിസുകളില്‍ വിജിലന്‍സ് റെയ്ഡ്; കോട്ടയത്തും നിരവധി ക്രമക്കേടുകള്‍; ഏജന്‍റുമാര്‍ വന്‍തുക തട്ടിയെടുക്കുന്നതായി കണ്ടെത്തൽ; വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കും

സ്വന്തം ലേഖിക

കോട്ടയം: സംസ്ഥാന വ്യാപകമായി സപ്ലൈകോ പാഡി ഓഫിസുകള്‍, റൈസ് മില്ലുകള്‍ എന്നിവ കേന്ദ്രീകരിച്ച്‌ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കോട്ടയത്തും ക്രമക്കേടുകള്‍.


ജില്ല പാഡി മാര്‍ക്കറ്റിങ്, പാഡി പ്രോക്യൂര്‍മെന്‍റ് ഓഫിസുകളിലായിരുന്നു കോട്ടയം വിജിലന്‍സിന്‍റെ പരിശോധന. ഇതില്‍ ഏജന്‍റുമാര്‍ വന്‍തുക തട്ടിയെടുക്കുന്നതായി കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിഴിവ് ഇനത്തില്‍ രണ്ടുമുതല്‍ എട്ടു കിലോവരെ നെല്ല് കര്‍ഷകരില്‍ നിന്ന് ശേഖരിച്ച്‌ ഏജന്‍റുമാര്‍ മില്ലുകള്‍ക്ക് നല്‍കുന്നു. ഇതിലൂടെ കര്‍ഷകര്‍ക്ക് ലഭിക്കേണ്ട തുക ഏജന്‍റുമാര്‍ കൈപ്പറ്റുന്നതായി വിജിലന്‍സ് കണ്ടെത്തി.

പാഡി മാര്‍ക്കറ്റിങ് ഓഫിസിലെ അലോക്കേഷന്‍ രജിസ്റ്റര്‍, ഡിസ്ട്രിബ്യൂഷന്‍ രജിസ്റ്റര്‍ എന്നിവ കൃത്യമായി എഴുതി സൂക്ഷിക്കുന്നില്ല. അതിനാല്‍, സംഭരിക്കുന്ന നെല്ലിന്‍റെ അളവും വിതരണം ചെയ്യുന്ന അരിയുടെ അളവും കണ്ടെത്താന്‍ കഴിയുന്നില്ല.

ജില്ല അടിസ്ഥാനത്തില്‍ സംഭരിക്കുന്ന നെല്ലിന്‍റെ അളവും അരിയാക്കി തിരികെ വിതരണം ചെയ്യുന്നതിന്‍റെ അളവും മില്ലുകളില്‍ സൂക്ഷിക്കുന്നില്ലെന്നും കണ്ടെത്തി. കല്ലറ കൃഷി ഓഫിസ് പരിധിയില്‍ കിണറ്റുകര പാടശേഖരത്തിലെ ഒരു കര്‍ഷകന്‍റെ യഥാര്‍ഥത്തിലുള്ള കൃഷി ഭൂമിയെക്കാള്‍ രണ്ട് ഏക്കര്‍ സ്ഥലം കൂടുതല്‍ സപ്ലൈകോ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായും കണ്ടെത്തി.

മില്ലുകളും പാഡി ഉദ്യോഗസ്ഥരും ഒത്തുകളിച്ച്‌ നെല്ല് സംഭരണത്തില്‍ വ്യാപകക്രമക്കേടുകള്‍ നടത്തുന്നുവെന്നതടക്കം നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനെതുടര്‍ന്നായിരുന്നു പരിശോധന. വിവിധ രേഖകള്‍ ശേഖരിച്ച വിജിലന്‍സ് കൂടുതല്‍ പരിശോധന നടത്തുമെന്നും അറിയിച്ചു.