
കിഴിവ് കൊള്ളയുടെ പേരിലുള്ള നെല്ല് സംഭരണ തടസത്തിനു താത്‌കാലിക പരിഹാരമായെങ്കിലും പടിഞ്ഞാറന്‍ പാടങ്ങള്‍ ഇപ്പോഴും ആശങ്കയിലാണ്.
നെല്ല് വിളഞ്ഞു കൊയ്തെടുക്കാനുള്ള പാകമായിട്ടും ആവശ്യത്തിന് യന്ത്രങ്ങള്‍ ഇല്ലാത്തതാണു ഇപ്പോള്‍ പല പാടശേഖരങ്ങളിലെയും കർഷകർ നേരിടുന്ന പ്രധാന പ്രശ്നം. കിഴിവിന്റെ പേരില്‍ രണ്ടാഴ്‌ചയിലേറെ സംഭരണം തടസപ്പെട്ട തിരുവാര്‍പ്പ് ജെ ബ്ലോക്ക് 9000 പാടശേഖരത്തില്‍ പോലും ആവശ്യത്തിനു യന്ത്രങ്ങള്‍ കിട്ടാനില്ല. 500 ഏക്കറിൽ കൂടുതൽ പാടങ്ങൾ ഇവിടെ കൊയ്യാനുണ്ട്.
കൃത്യമായ സമയത്ത് കൊയ്ത്ത് നടക്കാത്തതിൽ കർഷകർ അങ്കലാപ്പിലാണ്. കൊയ്ത്ത് വൈകിയാൽ നെല്‍ച്ചെടികള്‍ ഉണങ്ങി വീണും കതിര്‍മണികള്‍ കൊഴിഞ്ഞും നഷ്‌ടമുണ്ടാകും എന്നതാണ് പ്രധാന പ്രശ്നം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അപ്പര്‍കുട്ടനാടന്‍ പാടശേഖരങ്ങളിലെ നെല്‍ച്ചെടികള്‍ 120 ദിവസമാകുമ്ബോള്‍ കൊയ്ത്തിന് പാകമാകുന്നു, 125 ദിവസമായിട്ടും കൊയ്‌ത്ത് ആരംഭിച്ചില്ലെങ്കില്‍ കര്‍ഷകനു നഷ്‌ടം സംഭവിക്കും. പക്ഷേ, 120 ദിവസം കഴിഞ്ഞിട്ടും കൊയ്ത്ത് യന്ത്രങ്ങൾ ലഭിക്കാതെ വന്നതോടെ പലയിടങ്ങളിലും നെല്ല് പാടത്തു തന്നെ കിടക്കുന്ന അവസ്ഥയാണ്. 135 ദിവസം പ്രായമുള്ള നെല്‍ച്ചെടികള്‍ പോലും ജെ ബ്ലോക്കില്‍ നിലവില്‍ കൊയ്യാതെ നിലനിൽക്കുകയാണ്.
കൊയ്‌ത്തു യന്ത്രങ്ങള്‍ ഈ ഭാഗത്ത് ഇനി എത്തുമ്ബോള്‍ കൊഴിയുന്ന നെല്‍മണികളുടെ എണ്ണം കൂടുമെന്നാണ് കർഷകർ പറയുന്നത്. കുറച്ചുനാളുകളായി മഴ ഇല്ലാത്തതിനാൽ കൊയ്ത്ത് കുറച്ചു വൈകിയാലും പ്രശ്നമില്ലന്ന നിലപാടായിരുന്നു കർഷകർക്ക്. എന്നാല്‍, ഇന്നലെ വൈകിട്ട് പെയ്‌ത ശക്‌തമായ മഴയും കാറ്റും, വരും ദിവസങ്ങളില്‍ വേനല്‍ മഴ ശക്‌തമാകുമെന്ന മുന്നറിയിപ്പും കര്‍ഷകരുടെ ആശങ്ക വർദ്ധിപ്പിക്കുകയാണ്.
ആദ്യ ഘട്ടത്തില്‍, പാടശേഖരങ്ങളില്‍ കൊയ്‌ത്ത് യന്ത്രങ്ങള്‍ കൃത്യമായി എത്തിയിരുന്നു. എന്നാല്‍, സംഭരണത്തില്‍ തടസം വന്നതാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കമായത്. കൂടാതെ പല പാടശേഖരങ്ങളിലും കൊയ്തെടുത്ത നെല്ല് സംഭരിക്കാന്‍ ഇടമില്ലാതെ വന്നു. ഇതോടെ, കൊയ്‌ത്ത് തടസപ്പെടുകയോ, വേഗം കുറയുകയോ ചെയ്‌തു. ഇതിനു പിന്നാലെ ജെ ബ്ലോക്കില്‍ നിന്നുള്‍പ്പെടെ പല യന്ത്രങ്ങളും ഏജന്റുമാര്‍ മറ്റു പാടങ്ങളിലേക്കു മാറ്റി. ഇവ കൃത്യസമയത്ത് തിരികെ എത്തിക്കാന്‍ ഏജന്റുമാര്‍ തയാറാകുന്നില്ലെന്നാണു കര്‍ഷകരുടെ പ്രധാന പരാതി. ജില്ലാ പഞ്ചായത്തിന്റേതും നഗരസഭയുടേതുമുള്‍പ്പെടെയുള്ള കൊയ്‌ത്തു യന്ത്രങ്ങള്‍ പലതും പണിമുടക്കിലാണ്.