എന്റെ അനുഭവം ഇനി ഒരു മക്കൾക്കും ഉണ്ടാകരുത് ; വീടുകളിലെ അസൗകര്യം പഠനത്തിന് തടസമാകില്ല ; വിദ്യാർത്ഥികൾക്ക് പഠനമുറി പദ്ധതിയുമായി മന്ത്രി എ.കെ. ബാലൻ

എന്റെ അനുഭവം ഇനി ഒരു മക്കൾക്കും ഉണ്ടാകരുത് ; വീടുകളിലെ അസൗകര്യം പഠനത്തിന് തടസമാകില്ല ; വിദ്യാർത്ഥികൾക്ക് പഠനമുറി പദ്ധതിയുമായി മന്ത്രി എ.കെ. ബാലൻ

സ്വന്തം ലേഖിക

തിരുവനന്തപുരം: പട്ടികജാതി വിഭാഗങ്ങൾക്കിടയിലെ വിദ്യാർത്ഥികൾക്ക് പഠനമുറി എന്ന പദ്ധതിയുമായി മന്ത്രി എകെ ബാലൻ. തന്റെ കുട്ടിക്കാലത്തെ അനുഭവം കൂടി പങ്കുവെച്ചാണ് അദ്ദേഹം വിദ്യാർത്ഥികളുടെ പഠനത്തിന് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നത്. കുട്ടിക്കാലത്ത് വീട്ടിലിരുന്ന് പഠിക്കുമ്‌ബോൾ ഞാനും ഒരു പഠനമുറി ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിരുന്നു. ആ കാലത്ത് അതൊരു സ്വപ്നം മാത്രമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം കുട്ടിക്കാല അനുഭവം വെളിപ്പെടുത്തിയത്.

സമാനമായ ആഗ്രഹം സൂക്ഷിക്കുന്ന എത്രയോ വിദ്യാർത്ഥികളും അന്ന് ചുറ്റും ഉണ്ടായിരുന്നു. ആ അവസ്ഥയിൽ നിന്നും കേരളം ഒരുപാട് മാറിയെങ്കിലും പട്ടികജാതി വിഭാഗക്കാർക്കിടയിൽ ഇപ്പോഴും പഠനമുറി സ്വപ്നം കാണുന്ന കുട്ടികളുണ്ടെന്ന് അദ്ദേഹം കുറിച്ചു. ഈ സാഹചര്യത്തിലാണ് കുട്ടികൾക്കായി പഠനമുറി എന്ന പദ്ധതി ആവിഷ്‌കരിച്ചത്. പുതിയ തലമുറയിലൂടെ പട്ടികജാതി വിഭാഗങ്ങളുടെ ജീവിതനിലവാരത്തിൽ സ്ഥായിയായ മാറ്റം വരുത്താൻ ലക്ഷ്യമിട്ടുകൊണ്ടാണ് പഠനമുറി എന്ന പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രയാസകരമായ ചുറ്റുപാടിൽ നിന്നും വരുന്ന കുട്ടികൾക്ക് നല്ല വിദ്യാഭ്യാസ അന്തരീക്ഷം വീട്ടിലുണ്ടാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്നും മന്ത്രി കുറിച്ചു. വീട്ടിലെ കഷ്ടപ്പാടുകളും ദാരിദ്രാവസ്ഥയും നല്ലൊരു വീടില്ലാത്ത അസൗകര്യവും എല്ലാം അഭിമുഖീകരിക്കുന്ന മിടുക്കരായ കുട്ടികളെ കൈപിടിച്ചുയർത്തേണ്ടത് നമ്മുടെ കടമയാണ്. ഇവരിലൂടെ ഈ സമൂഹത്തിൽ വലിയ മാറ്റം തന്നെ സാധ്യമാകുമെന്ന് സർക്കാരിന് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എട്ടാംക്ലാസ് മുതൽ കോളേജ് തലം വരെ പഠിക്കുന്ന വിദ്യാർത്ഥികളുള്ള വീടുകളോട് ചേർന്നാണ് പഠനമുറികൾ അനുവദിക്കുന്നത്. രണ്ട് ലക്ഷം രൂപയാണ് ഇതിനായി സർക്കാർ നീക്കിവെച്ചിരിക്കുന്നത്. 120 ചതുരശ്ര അടിയിൽ മികച്ച സൗകര്യങ്ങളോട് കൂടിയാണ് മുറി ഒരുക്കുന്നത്. മേശ, കസേര, ബുക്ക്റാക്ക്, കമ്ബ്യൂട്ടർ എന്നിവ പഠനമുറിയിൽ ഒരുക്കും. ആകെ 11597 വീടുകളോട് ചേർന്ന് പഠനമുറികൾ നിർമ്മിക്കാനുള്ള അനുമതി ഇതിനകം നൽകി കഴിഞ്ഞു. ഇതിൽ 7482 പഠനമുറികളുടെ നിർമ്മാണം പൂർത്തിയാക്കിയതായി മന്ത്രി കുറിച്ചു. വീടുകളിലെ അസൗകര്യം കാരണം ഒരു വിദ്യാർത്ഥി പോലും പഠനത്തിൽ പിറകോട്ട് പോകരുത് എന്ന് ഈ സർക്കാരിന് നിർബന്ധമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;

കുട്ടിക്കാലത്ത് വീട്ടിലിരുന്ന് പഠിക്കുമ്‌ബോൾ ഞാനും ഒരു പഠനമുറി ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിരുന്നു. ആ കാലത്ത് അതൊരു സ്വപ്നം മാത്രമായിരുന്നു. സമാനമായ ആഗ്രഹം സൂക്ഷിക്കുന്ന എത്രയോ വിദ്യാർത്ഥികളും അന്ന് എനിക്ക് ചുറ്റും ഉണ്ടായിരുന്നു. ആ അവസ്ഥയിൽ നിന്നും കേരളം ഒരുപാട് മാറിയെങ്കിലും പട്ടികജാതി വിഭാഗക്കാർക്കിടയിൽ ഇപ്പോഴും പഠനമുറി സ്വപ്നം കാണുന്ന കുട്ടികളുണ്ട്.

പുതിയ തലമുറയിലൂടെ പട്ടികജാതി വിഭാഗങ്ങളുടെ ജീവിതനിലവാരത്തിൽ സ്ഥായിയായ മാറ്റം വരുത്താൻ ലക്ഷ്യമിട്ടുകൊണ്ടാണ് പഠനമുറി എന്ന പദ്ധതി ആവിഷ്‌കരിച്ചത്. പ്രയാസകരമായ ചുറ്റുപാടിൽ നിന്നും വരുന്ന കുട്ടികൾക്ക് നല്ല വിദ്യാഭ്യാസ അന്തരീക്ഷം വീട്ടിലുണ്ടാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വീട്ടിലെ കഷ്ടപ്പാടുകളും ദാരിദ്രാവസ്ഥയും നല്ലൊരു വീടില്ലാത്ത അസൗകര്യവും എല്ലാം അഭിമുഖീകരിക്കുന്ന മിടുക്കരായ കുട്ടികളെ കൈപിടിച്ചുയർത്തേണ്ടത് നമ്മുടെ കടമയാണ്. ഇവരിലൂടെ ഈ സമൂഹത്തിൽ വലിയ മാറ്റം തന്നെ സാധ്യമാകുമെന്ന് സർക്കാരിന് ഉറപ്പുണ്ട്.

എട്ടാംക്ലാസ് മുതൽ കോളേജ് തലം വരെ പഠിക്കുന്ന വിദ്യാർത്ഥികളുള്ള വീടുകളോട് ചേർന്നാണ് പഠനമുറികൾ അനുവദിക്കുന്നത്. 2 ലക്ഷം രൂപ സർക്കാർ സഹായത്തോടെ 120 ചതുരശ്ര അടിയിൽ മികച്ച സൗകര്യങ്ങളോട് കൂടിയാണ് മുറി ഒരുക്കുന്നത്. മേശ, കസേര, ബുക്ക്റാക്ക്, കമ്ബ്യൂട്ടർ എന്നിവ പഠനമുറിയിൽ ഒരുക്കും. ആകെ 11597 വീടുകളോട് ചേർന്ന് പഠനമുറികൾ നിർമ്മിക്കാനുള്ള അനുമതി ഇതിനകം നൽകി കഴിഞ്ഞു. ഇതിൽ 7482 പഠനമുറികളുടെ നിർമ്മാണം പൂർത്തിയാക്കി.

പൊതുസമൂഹത്തിൽ വലിയ സ്വീകാര്യതയാണ് ഈ പദ്ധതിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. കേന്ദ്ര പട്ടികജാതി, പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ പഠനമുറികളെ കുറിച്ചും സൂചിപ്പിക്കുകയുണ്ടായി. രാജ്യത്തിനാകെ മാതൃകയായ പദ്ധതിയാണ് ഇത് എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഈ സർക്കാരിന്റെ കാലാവധിക്കുള്ളിൽ 25,000 പഠനമുറികൾ നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. പൊതുസമൂഹത്തിന് കൂടി പങ്കാളിയാകാൻ സാധിക്കുന്ന വിധത്തിൽ പദ്ധതിയെ വിപുലീകരിക്കാനും ഉദ്ദേശിക്കുന്നുണ്ട്.

വീടുകളിലെ അസൗകര്യം കാരണം ഒരു വിദ്യാർത്ഥി പോലും പഠനത്തിൽ പിറകോട്ട് പോകരുത് എന്ന് ഈ സർക്കാരിന് നിർബന്ധമുണ്ട്.