പഞ്ചായത്തുകൾ ഒരുക്കുന്ന പച്ചത്തുരുത്തുകൾക്ക് ഹരിത കേരളം മിഷൻ പുരസ്‌കാരം: മികച്ച മൂന്ന് പച്ചത്തുരുത്തുകൾക്ക് ജില്ലാതല പുരസ്‌കാരം

Spread the love

കോട്ടയം : ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഒരുക്കിയ ഏറ്റവും മികച്ച പച്ചത്തുരുത്തുകൾക്ക് ഹരിതകേരളം മിഷൻ പുരസ്‌കാരം നൽകും. ഏറ്റവും മികച്ച മൂന്ന് പച്ചത്തുരുത്തുകൾക്ക് ജില്ലാതല പുരസ്‌കാരം നൽകും. ജില്ലകളിലെ പച്ചത്തുരുത്തുകളിൽനിന്ന് തിരഞ്ഞെടുത്ത മികച്ച അഞ്ച് പച്ചത്തുരുത്തുകൾക്ക് സംസ്ഥാനതല പുരസ്‌കാരവും നൽകും.

ജില്ലാതല പുരസ്‌കാരം സെപ്റ്റംബർ ആദ്യവാരം കോട്ടയത്ത് വെച്ച് സമ്മാനിക്കും. സംസ്ഥാനതല പുരസ്‌കാരം ഓസോൺ ദിനമായ സെപ്റ്റംബർ 16ന് തിരുവനന്തപുരത്ത് വെച്ചാണ് സമ്മാനിക്കുക.

പച്ചത്തുരുത്തുകളിലെ വൃക്ഷ-സസ്യ വൈവിധ്യങ്ങൾ, പച്ചത്തുരുത്ത് സംരക്ഷണത്തിന് സംഘാടകസമിതി വഹിക്കുന്ന പങ്ക്, ജൈവ വേലി, വിവര വിജ്ഞാന ബോർഡുകൾ തുടങ്ങിയ ഘടകങ്ങൾ പരിശോധിച്ചായിരിക്കും പുരസ്‌കാരങ്ങൾ നൽകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ സംസ്ഥാന തലങ്ങളിൽ രൂപീകരിച്ച വിദഗ്ധസമിതികളുടെ സന്ദർശനത്തിലൂടെയാണ് മികച്ചവയെ കണ്ടെത്തുക. പച്ചത്തുരുത്തുകളുടെ വ്യാപനവും വൈവിധ്യവും വർധിപ്പിക്കാൻ വിപുലമായ പ്രവർത്തനങ്ങളാണ് കോട്ടയം ജില്ലയിൽ നടക്കുന്നത്.

കോട്ടയം ജില്ലയിൽ 153 പച്ചത്തുരുത്തുകളാണ് നിലവിൽ ഉള്ളത്. ഓഗസ്റ്റ് 30 നകം 404 പച്ചത്തുരുത്തുകൾ ഒരുക്കലാണ് ലക്ഷ്യം. ജില്ലയിലെ പച്ചത്തുരുത്തുകളിൽ തൈകൾക്ക് വളർച്ചയുള്ള പത്ത് പച്ചത്തുരുത്തുകളുടെ കാർബൺ സംഭരണശേഷി കണക്കാക്കുന്ന പ്രവർത്തനങ്ങളും സംഘടിപ്പിക്കും. സ്ഥലനാമവൃക്ഷങ്ങൾ നട്ടുവളർത്തുന്ന പച്ചത്തുരുത്തുകളും വംശനാശം വന്നുകൊണ്ടിരിക്കുന്ന വൃക്ഷങ്ങൾ നട്ടുവളർത്തുന്ന പച്ചത്തുരുത്തുകളും ജില്ലയിൽ വ്യാപിപ്പിക്കും.