video
play-sharp-fill

Saturday, May 17, 2025
HomeMainലീഗ് രാഷ്ട്രീയത്തിലെ സൗമ്യമുഖമുള്ള അതിശക്തൻ; സംഘടനാ കാര്യങ്ങൾക്കൊപ്പം ജീവിതചര്യയായി കാരുണ്യ പ്രവർത്തനവും; 'തങ്ങൾ' എന്ന സൗമ്യ...

ലീഗ് രാഷ്ട്രീയത്തിലെ സൗമ്യമുഖമുള്ള അതിശക്തൻ; സംഘടനാ കാര്യങ്ങൾക്കൊപ്പം ജീവിതചര്യയായി കാരുണ്യ പ്രവർത്തനവും; ‘തങ്ങൾ’ എന്ന സൗമ്യ സാന്നിധ്യം ഇനി ഓര്‍മ; കൊടപ്പനക്കൽ തറവാടിൻ്റെ ഉമ്മറത്തിനി പാണക്കാട്​ ഹൈദരലി തങ്ങളില്ല; നഷ്ടമായത് നേതാക്കളുടെ നേതാവിനെ; ഖബറടക്കം നാളെ

Spread the love

സ്വന്തം ലേഖിക

മലപ്പുറം: മുസ്​ലിം ലീഗ്​ സംസ്​ഥാന അധ്യക്ഷനും സമസ്​ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അനിഷേധ്യ നേതാക്കളിലൊരാളും ചന്ദ്രിക ദിനപത്രം മാനേജിങ്​ ഡയറക്​ടറും നിരവധി മഹല്ലുകളുടെ ഖാദിയുമായ പാണക്കാട്​ ഹൈദരലി തങ്ങള്‍ (74) എന്ന സൗമ്യ സാന്നിധ്യം ഇനി ഓര്‍മ.

സംസ്ഥാനത്തിനകത്തും പുറത്തും ആയിരങ്ങളുടെ രാഷ്ട്രീയ, സാമുദായിക, ആത്​മീയ നേതൃസ്​ഥാനം അലങ്കരിച്ച തങ്ങള്‍ ഏതാനും ദിവസങ്ങളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആ​ശുപത്രിയില്‍ ഞായറാഴ്ച ഉച്ച 12.30ഓടെയായിരുന്നു മരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2009ല്‍ പാണക്കാട്​ മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടര്‍ന്നാണ്​ മുസ്​ലിം ലീഗ്​ സംസ്​ഥാന അധ്യക്ഷ​ന്‍റെ പദവിയിലെത്തിയത്​. പാണക്കാട്​ തങ്ങള്‍ കുടുംബം മുസ്​ലിം ലീഗി​ന്‍റെ അധ്യക്ഷ സ്​ഥാനം അലങ്കരിക്കുക എന്ന കീഴ്​വഴക്കമനുസരിച്ചായിരുന്നു സ്​ഥാനാരോഹണം.

1990 മുതല്‍ മുസ്​ലിംലീഗ് ജില്ല പ്രസിഡന്‍റായിരുന്നു. ശിഹാബ് തങ്ങള്‍ ലീഗ്​ സംസ്​ഥാന അധ്യക്ഷനായതോടെയാണ്​ ജില്ല ലീഗ്​ നേതൃത്വത്തില്‍ ഹൈദരലി തങ്ങള്‍ അവരോധിതനായത്​.

19 വര്‍ഷം മുസ്ലിം ലീഗ് മലപ്പുറം ജില്ല പ്രസിഡന്‍റായിരുന്നു. മുസ്​‌ലിംലീഗ് ഉന്നതാധികാര സമതി അംഗവും രാഷ്​ട്രീയകാര്യ സമിതി ചെയര്‍മാനുമായിരുന്നു. ഇതോടൊപ്പം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്‍റ്​, സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്‍റ്​ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു.

മലപ്പുറം, വയനാട്​, തൃശൂര്‍ ജില്ല ഖാദി സ്​ഥാനം അടക്കം 1000ത്തോളം പള്ളി-മഹല്ലുകളുടെ ഖാദിയാണ്​. 1994ല്‍ നെടിയിരുപ്പ് പോത്ത്​വെട്ടിപ്പാറ മഹല്ല്​ ഖാദിയായാണ്​ തുടക്കം. സംസ്​ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ മഹല്ലുകളുടെ ഖാദി സ്ഥാനം വഹിച്ച ബഹുമതി​​ ഹൈദരലി തങ്ങള്‍ക്കാണ്​.

1977ല്‍ പുല്‍പ്പറ്റ പഞ്ചായത്തിലെ പൂക്കൊളത്തൂര്‍ മഹല്ല് പള്ളിയുടെയും മദ്രസയുടെയും പ്രസിഡന്‍റായി തുടക്കം കുറിച്ച തങ്ങള്‍ ചെമ്മാട് ദാറുല്‍ ഹുദ, പട്ടിക്കാട് ജാമിഅ, കുണ്ടൂര്‍ മര്‍ക്കസ്, വളാഞ്ചേരി മര്‍ക്കസ്, കരുവാരകുണ്ട് ദാറുന്നജാത്ത് തുടങ്ങി എണ്ണം പറഞ്ഞ നിരവധി സ്ഥാപനങ്ങളുടെ പ്രസിഡന്‍റ്​ പദവിയും അലങ്കരിച്ചു. കേരളത്തില്‍ ഏറ്റവും കൂടു​തല്‍ മത, ഭൗതിക കലാലയങ്ങളുടെയും അനാഥശാലകളുടെയും അമരത്തിരിക്കാനും ഭാഗ്യം ലഭിച്ചു.

പുതിയ മാളിയേക്കല്‍ സയ്യിദ്​ അഹ്​മദ്​ പൂക്കോയ തങ്ങളുടെയും (പി.എം.എസ്.എ) ഹാമിദ് കുഞ്ഞി സീതിക്കോയ തങ്ങളുടെ മകള്‍ ആയിശ ചെറുകുഞ്ഞിബീവിയുടെയും മൂന്നാമത്തെ മകനായി 1947 ജൂണ്‍ 15ന്​ ജനനം. ഹുസൈന്‍ ശിഹാബ് ആറ്റക്കോയ തങ്ങള്‍, കുഞ്ഞിക്കോയ തങ്ങള്‍, അലി പൂക്കോയ തങ്ങള്‍, പി.എം.എസ്.എ പൂക്കോയ തങ്ങള്‍ എന്നിവരിലൂടെ ആത്​മീയ മേല്‍വിലാസമുള്ള പാണക്കാട് തങ്ങള്‍ കുടുംബ പരമ്പരയിലെ കണ്ണികളിലൊന്ന്​.

ചെറുപ്പത്തിലേ ഉമ്മ മരിച്ചതിനാല്‍ പിതൃസഹോദരി മുത്തു ബീവിയുടെ സംരക്ഷണത്തിലായിരുന്നു കുട്ടിക്കാലം. വീട്ടുകാര്‍ക്ക്​ അദ്ദേഹം ആറ്റപ്പൂ ആയിരുന്നു. സ്വന്തക്കാര്‍ക്കും കുടുംബക്കാര്‍ക്കും നാട്ടുകാര്‍ക്കും ഇന്നും തങ്ങള്‍ ‘ആറ്റക്ക’യാണ്. പാണക്കാട് ദേവധാര്‍ എല്‍.പി സ്‌കൂളില്‍ പ്രാഥമിക പഠനം. കോഴിക്കോട് എം.എം ഹൈസ്‌കൂളില്‍ 1959ല്‍ എസ്.എസ്.എല്‍.സി പഠനം പൂര്‍ത്തിയാക്കി. തിരുനാവായക്കടുത്ത കോന്നല്ലൂരില്‍ മൂന്ന് വര്‍ഷം ദര്‍സ് പഠനം നടത്തി. ജീവിച്ചിരിക്കുന്ന പ്രമുഖ പണ്ഡിതന്‍ കാട്ടിപ്പരുത്തി കുഞ്ഞാലന്‍കുട്ടി മുസ്​ലിയാരുടെ ശിക്ഷണത്തിലായിരുന്നു പഠനം.

പൊന്നാനി മഊനത്തുല്‍ ഇസ്​ലാം അറബി കോളേജിലും അല്‍പകാലം പഠിച്ചിട്ടുണ്ട്. പിന്നീട് പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിക്കോളേജില്‍ ചേരുകയും 1974 ല്‍ മൗലവി ഫാസില്‍ ഫൈസി ബിരുദം കരസ്ഥമാക്കുകയും ചെയ്തു. സൂഫിവര്യനായ ചാപ്പനങ്ങാടി ബാപ്പു മുസ്​ലിയാരുടെ കൈകളില്‍ നിന്നാണ്​ സനദ് ഏറ്റുവാങ്ങിയത്​. യശശ്ശരീരനായ ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്​ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്​ലിയാര്‍, കെ.സി ജമാലുദ്ദീന്‍ മുസ്​ലിയാര്‍ തുടങ്ങിയ പണ്​ഠിത വര്യരായിരുന്നു ജാമിഅയിലെ ഉസ്താദുമാര്‍.

1973ല്‍ സമസ്ത എസ്.എസ്.എഫ്​ എന്ന വിദ്യാര്‍ഥി സംഘടനക്ക്​ ബീജാവാപം നല്‍കിയപ്പോള്‍ പ്രഥമ പ്രസിഡന്‍റായി നിയോഗിക്കപ്പെട്ടു​.
സഹപാഠിയും ഇപ്പോള്‍ ചെമ്മാട് ദാറുല്‍ ഹുദ യൂണിവേഴ്‌സിറ്റി വൈസ്​ ചാന്‍സലറുമായ ബഹാഉദ്ദീന്‍ നദ്​വി കൂരിയാടായിരുന്നു ജനറല്‍ സെക്രട്ടറി. യു.എ.ഇ, ഖത്തര്‍, കുവൈത്ത്​, ഒമാന്‍, ബഹ്​റൈന്‍, സൗദി അറേബ്യ, തുര്‍ക്കി, സിംഗപ്പൂര്‍, മലേഷ്യ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.

കൊയിലാണ്ടി അബ്​ദുല്ല ബാഫഖിയുടെ മകള്‍ ശരീഫ ഫാത്തിമ സുഹ്‌റയാണ്​ ഭാര്യ. മക്കള്‍: ഇരട്ട സഹോദരങ്ങളായ സാജിദ-വാഹിദ, നഈം അലി ശിഹാബ്, മുഈന്‍ അലി ശിഹാബ്. മരുമക്കള്‍: നിയാസ് അലി ജിഫ്‌രി കോഴിക്കോട്, ഹബീബ് സഖാഫ് തിരൂര്‍. സഹോദരങ്ങള്‍: സാദിഖലി ശിഹാബ് തങ്ങള്‍ (മുസ്​ലിംലീഗ്​ ജില്ല പ്രസിഡന്‍റ്​), അബ്ബാസലി ശിഹാബ് തങ്ങള്‍ (എസ്​.കെ.എസ്​.എസ്​.എഫ്​ സംസ്​ഥാന പ്രസിഡന്‍റ്​), മുല്ല ബീവി, പരേതരായ മുഹമ്മദലി ശിഹാബ്​ തങ്ങള്‍, ഉമറലി ശിഹാബ് തങ്ങള്‍, ഖദീജ ബീ കുഞ്ഞിബീവി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments