
പാലാരിവട്ടം പാലം അഴിമതിക്കേസ് ; അന്വേഷണത്തിൽ ഗുരുതര വീഴ്ച്ച വരുത്തിയതിനെത്തുടർന്ന് അന്വേഷണ സംഘത്തിൽ നിന്ന് ഡി.വൈ.എസ്.പി അശോക് കുമാറിനെ നീക്കം ചെയ്തു
സ്വന്തം ലേഖിക
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിന്റെ അന്വേഷണ സംഘത്തലവനായ ഡി.വൈ.എസ്.പി. അശോക് കുമാറിനെ മാറ്റി. അന്വേഷണത്തിൽ ഗുരുതര വീഴ്ചയും അലംഭാവവും കണ്ടെത്തിയതിനെ തുടർന്ന് വിജിലൻസ് ഡയറക്ടറാണ് നടപടിയെടുത്തത്. ഇതിനുപുറമെ കേസിലെ പ്രതികളെന്ന് സംശയിക്കുന്നവർക്ക് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്തി കൊടുക്കുന്നുണ്ടെന്ന് തെളിഞ്ഞതിനെത്തുടർന്ന എ.എസ്.ഐ ഇസ്മായിലിനെയും വിജലൻസിൽ നിന്ന് നീക്കം ചെയ്തു. വിജിലൻസ് തിരുവനന്തപുരം സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിലെ ഡിവൈ.എസ്.പി ശ്യാംകുമാറാണ് അന്വേഷണ സംഘത്തിന്റെ പുതിയ തലവനായി നിയമിച്ചിരിക്കുന്നത്.
കേസിൽ പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി.ഒ സൂരജ് ഉൾപ്പെടെ നാലു പ്രതികളെ ആഗസ്റ്റ് 30നാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. കരാറുകാരന് ചട്ടം ലംഘിച്ച് വായ്പ അനുവദിക്കാൻ ഉത്തരവിട്ടതിനു പിന്നിൽ മുൻമന്ത്രി ഇബ്രാംഹീം കുഞ്ഞിന് ഗൂഢലക്ഷ്യമുണ്ടെന്ന് വിജിലൻസ് ഹൈകോടതിയെ അറിയിച്ചിരുന്നു. എന്നാൽ പിന്നീട് തുടർനടപടിയൊന്നും അശോക് കുമാർ സ്വീകരിച്ചില്ല. അന്വേഷണം തടസ്സപ്പെടുത്തുന്ന രീതിയിൽ പ്രവർത്തിക്കുന്നതായി പ്രോസിക്യൂഷൻ അടക്കം പരാതിപ്പെട്ടതോടെയാണ് അശോക് കുമാറിനെ മാറ്റിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
