ഒരു യാത്രയില്‍ ബാഗില്‍ ഇത്രയേറെ തുണിത്തരങ്ങളോ? അടിക്കടി വേഷം മാറുന്നവരെ ജനം തിരിച്ചറിയണം; അന്വേഷണം ഒരാളിലേക്ക് മാത്രം ചുരുങ്ങിയാല്‍ ഇരുട്ടത്ത് നില്‍ക്കുന്ന പലരും രക്ഷപ്പെടുo;പാലക്കാട്ടെ പാതിരാ റെയ്ഡിലും നീല ട്രോളി ബാഗ് വിവാദത്തിലും പ്രതികരണവുമായി ഡോ പി സരിന്‍
പാലക്കാട്: പാലക്കാട്ടെ പാതിരാ റെയ്ഡിലും നീല ട്രോളി ബാഗ് വിവാദത്തിലും പ്രതികരണവുമായി പാലക്കാട്ടെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഡോ പി സരിന്‍. കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്നുമുണ്ടായത് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന സമീപനമെന്ന് ഡോ പി സരിന്‍ വിമര്‍ശിച്ചു.
മൂന്ന് മണിക്കൂര്‍ കൊണ്ട് എത്താവുന്ന സ്ഥലത്തേക്ക് ബാഗില്‍ ഇത്രയധികം തുണിത്തരങ്ങള്‍ കൊണ്ടുപോകുന്നത് എന്തിനാണെന്ന് ചോദിച്ച സരിന്‍ അടിക്കടി വേഷം മാറുന്നവരെ ജനം തിരിച്ചറിയണമെന്നും പറഞ്ഞു.
അന്വേഷണം ഒരാളിലേക്ക് മാത്രം ചുരുങ്ങിയാല്‍ ഇരുട്ടത്ത് നില്‍ക്കുന്ന പലരും രക്ഷപ്പെടുമെന്നും സരിന്‍ ചൂണ്ടിക്കാട്ടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാലക്കാട്ടെ ജനങ്ങള്‍ ആഗ്രഹിക്കുന്ന ചര്‍ച്ച ഇതല്ലെങ്കിലും പക്ഷേ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നവരെ എക്‌സ്‌പോസ് ചെയ്യുക എന്നതും ഈ നാട്ടിലെ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയമാണ് എന്ന് സരിന്‍ പറഞ്ഞു. കൃത്യമായ രാഷ്ട്രീയം ജനങ്ങളിലേക്ക് എത്തുന്നതിന് പകരം ചിലര്‍ നടത്തുന്ന ബോധപൂര്‍വമായ ശ്രമങ്ങള്‍ ജനങ്ങളുടെ യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയാണ്.
സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ പരസ്പര വിരുദ്ധമായി സംസാരിക്കുകയാണ്. ജില്ലാ സെക്രട്ടറി നടത്തിയ പത്രസമ്മേളനത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവന്നു. അതിന് മുന്‍പ് വരെ ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് രക്ഷപ്പെടാന്‍ നോക്കിയവര്‍ പ്രതിക്കൂട്ടിലായി. പ്രതിക്കൂടെന്നാല്‍ പ്രതികള്‍ക്കുള്ള കൂടെന്ന് തന്നെയെന്ന് പാലക്കാട്ടെ ജനങ്ങള്‍ കാണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോട്ടമൈതാനിയില്‍ ട്രോളി ബാഗും ചാക്കുകെട്ടുമായി ഡിവൈഎഫ്‌ഐ പ്രതിഷേധം പുരോഗമിക്കുകയാണ്. അതില്‍ പങ്കെടുത്തുകൊണ്ടായിരുന്നു പി സരിന്റെ പ്രതികരണം.
ട്രോളി ബാഗില്‍ പണമായിരുന്നെന്ന് കണ്ടെത്തേണ്ടത് പൊലീസാണ് അതിനെക്കുറിച്ച് ഇപ്പോള്‍ പറയുന്നില്ലെന്നും സരിന്‍ മാധ്യമങ്ങളോട് പറഞ്ഞു.