കുറ്റം ചെയ്ത ഒരാളെയും സംരക്ഷിക്കില്ല; വിദ്യ എസ്എഫ്ഐ നേതാവല്ല ; ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രതയുണ്ടാവും : മന്ത്രി പി രാജീവ്
സ്വന്തം ലേഖകൻ
കൊച്ചി : എറണാകുളം മഹാരാജാസ് കോളജിലെ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയ സംഭവത്തിൽ വിദ്യ എസ്എഫ്ഐ നേതാവ് അല്ലെന്ന് മന്ത്രി പി രാജീവ്. കുറ്റം ചെയ്ത ഒരാളെയും സംരക്ഷിക്കില്ലെന്നും രാജീവ് കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
ഇത്തരമൊരു കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ ഇപ്പോഴാണ് വന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. കുറ്റക്കാരെ ആരെയു സംരക്ഷിക്കില്ലെന്ന് രാജീവ് പറഞ്ഞു. എന്നാൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രതയും നന്നായി ഉണ്ടാകണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇപ്പോൾഎസ്എഫ്ഐയെ ആകെ അധിക്ഷേപിക്കാനുള്ള പ്രചാരവേലകളാണ് നടക്കുന്നത്. എംബി രാജേഷ് പറഞ്ഞതുപോലെ എസ്എഫ്ഐക്കെതിരെ വാർത്തകൾ എഴുതുന്ന പലരും എസ്എഫ്ഐയുടെ യൂണിയൻ ഭാരവാഹികളായി പ്രവർത്തിച്ചവരാണ്. ഇവരെല്ലാം നടത്തുന്ന അധിക്ഷേപത്തിന് എസ്എഫ്ഐക്ക് മറുപടി പറയാൻ പറ്റുമോയെന്നും രാജീവ് ചോദിച്ചു.
എസ്എഫ്ഐ വലിയ ഒരു സംഘടനയാണ്. അതിൽ പലരും വരും. തെരഞ്ഞടുപ്പിൽ ചിലർ ജയിച്ചെന്ന് വരും. ചിലർ അതുകഴിഞ്ഞ് എസ്എഫ്ഐയെയും ഇടതുപക്ഷത്തെയും കുറ്റപ്പെടുത്തുന്ന ജോലിയിൽ തന്നെ കേന്ദ്രീകരിക്കുമെന്നും രാജീവ് പറഞ്ഞു. ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ അന്വേഷണം നടക്കുന്നുണ്ട്. അതിന്റെ റിപ്പോർട്ട് വരട്ടെയെന്നും രാജീവ് പറഞ്ഞു.