play-sharp-fill
കോവിഡിന്റെ പിടിയിൽ നൂറാം പിറന്നാൾ, മൂത്രത്തിലെ അണുബാധയാൽ വീണ്ടും ആശുപത്രിയിലേക്ക്..ആയുർവേ​ദ കുലപതിയുടെ അവസാന നാളുകൾ…

കോവിഡിന്റെ പിടിയിൽ നൂറാം പിറന്നാൾ, മൂത്രത്തിലെ അണുബാധയാൽ വീണ്ടും ആശുപത്രിയിലേക്ക്..ആയുർവേ​ദ കുലപതിയുടെ അവസാന നാളുകൾ…

മലപ്പുറം: കേരളത്തിന്റെ ആയുർവേ​ദ കുലപതി എന്ന് അറിയപ്പെടുന്ന കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയും മെഡിക്കൽ ഡയറക്ടറുമായ പത്മഭൂഷൺ ഡോ. പികെ വാരിയർ വിടപറഞ്ഞത് വൈദ്യശാസ്ത്രത്തിന് അനേകം സംഭാവനകൾ നൽകികൊണ്ട്.

കോവിഡിന്റെ പിടിയിൽ ആയിരിക്കെ കഴിഞ്ഞ ജൂൺ 8ന് തന്റെ നൂറാം പിറന്നാളും ആഘോഷിച്ച അദ്ദേഹം പിന്നീട് കോവിഡിൽ നിന്ന് മുക്തി നേടിയെങ്കിലും മൂത്രത്തിലെ അണുബാധയെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തെങ്കിലും ഇന്ന് ഉച്ചയ്ക്ക് 12.25- ഓടെ മരണം സംഭവിച്ചു.


ഇടവ മാസത്തിലെ കാർത്തിക നക്ഷത്രത്തിൽ ‍ജനിച്ച അദ്ദേഹത്തിന്റെ നൂറാം പിറന്നാൾ ആഘോഷം ജൂൺ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തിരുന്നു. കോവിഡ് സാഹചര്യങ്ങൾ മാറിയാൽ പുസ്തകപ്രകാശനം സാംസ്‌കാരിക-സാഹിത്യ കവി സമ്മേളനങ്ങൾ ചിത്രപ്രദർശനം വാർഷിക ആയുർവേദ സെമിനാർ തുടങ്ങിയവയും നടത്താനും, ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തോടുള്ള ആദര സൂചകമായി കോട്ടയ്ക്കൽ നഗരസഭയിലെ ഭവനരഹിതരായ രണ്ടു കുടുംബങ്ങൾക്ക് കോട്ടക്കൽ ആയുർവേദശാല ജീവനക്കാർ വീട് നിർമ്മിച്ചുനൽകാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇതൊന്നും നേരിട്ട് കാണാതെയാണ് അദ്ദേഹം ഇപ്പോൾ ലോകത്തു നിന്ന് വിട പറഞ്ഞിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്തിനകത്തും പുറത്തുമുള്ള സാധാരണക്കാരടക്കമുള്ളവർ ഡോ.പി.കെ.വാരിയറെ തേടി എത്തി. കോട്ടക്കൽ എന്ന ചെറിയ ​ഗ്രാമത്തെ ലോകത്തിന് മുന്നിൽ ആയുർവേദത്തിന്റെ കേന്ദ്രമാക്കി ഉയർത്തിയത് കാട്ടാൻ അദ്ദേഹം വഹിച്ച പങ്ക് ചെറുതല്ല.

ആര്യവൈദ്യശാലയുടെ സ്ഥാപകനായ ഡോ.പി.എസ്.വാരിയരുടെ അനന്തരവനായ പി.കെ.വാരിയർ അമ്മാവൻ തുടങ്ങിവച്ച സ്ഥാപനത്തെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തിയതിൽ വാരിയർ അവർണ്ണനീയമായ പങ്കുവഹിച്ചിട്ടുണ്ട്. ആയുർവേ​ദത്തെ അറിയുന്നവർ കോട്ടക്കലിനെ അറിയാതെ പോകില്ല എന്ന് ചുരുക്കം.

2009 ൽ കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ച സ്മൃതിപർവം എന്നത് അദ്ദേഹത്തിന്റെ ആത്മകഥയാണ്. 1999 ൽ പത്മശ്രീ, 2010 ൽ പത്മഭൂഷൺ, കൂടാതെ നിരവധി അവാർഡുകളും പികെ വാരിയറെ തേടിവന്നിട്ടുണ്ട്. 1987 ൽ കോപ്പൻഹേഗനിൽ നിന്ന് ഡോക്ടർ ഓഫ് മെഡിസിൻ അവാർഡ് നേടി. 1999 ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിലിറ്റ് നൽകി ആദരിച്ചു.

1997 ൽ ആൾ ഇന്ത്യാ ആയുർവേദിക് കോൺഗ്രസ് ആയുർവേദ മഹർഷിപട്ടം നൽകി ആദരിച്ചിട്ടുണ്ട്. കോടി തലപ്പണ ശ്രീധരൻ നമ്പൂതിരി, പാർവ്വതി എന്ന കുഞ്ചി വാരസ്യാർ എന്നിവരാണ് പി.കെ.വാരിയരുടെ മാതാപിതാക്കൾ.ഭാര്യ: അന്തരിച്ച കവയിത്രിയായിരുന്ന മാധവിക്കുട്ടി കെ.വാരിയർ. മക്കൾ: ഡോ.കെ.ബാലചന്ദ്ര വാരിയർ, കെ.വിജയൻ വാരിയർ (പരേതൻ), സുഭദ്രാ രാമചന്ദ്രൻ. മരുമക്കൾ: രാജലക്ഷ്മി,രതി വിജയൻ വാരിയർ, കെ.വി.രാമചന്ദ്ര വാരിയർ