യാത്ര ഇനി കറുത്ത ഇന്നോവ ക്രിസ്റ്റയിൽ; വാഹനം ഏറ്റുവാങ്ങി പി ജയരാജൻ ; കണ്ണൂരിലെ ഖാദി ബോർഡിൽ എത്തി കാർ കൈമാറി കമ്പനി അധികൃതർ
കണ്ണൂർ: വിവാദങ്ങൾക്കിടയിൽ ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജന് സർക്കാർ അനുവദിച്ച പുതിയ ഇന്നോവ ക്രിസ്റ്റ കാർ എത്തി. കണ്ണൂർ ഖാദി ബോർഡ് ഓഫീസായ ഖാദിഭവൻ അങ്കണത്തിൽ വെച്ചു ജയരാജൻ കമ്പനി അധികൃതരിൽ നിന്നും കാറിന്റെ താക്കോൽ ഏറ്റുവാങ്ങി.
32,11, 729 രൂപയാണ് കാറിന്‍റെ വില. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ജയരാജന് പുത്തൻ കാർ വാങ്ങുന്നതിന് 35 ലക്ഷം രൂപ അനുവദിച്ചത് വിവാദമായിരുന്നു. പത്ത് വർഷത്തിലധികം പഴക്കമുള്ള കാറാണ് മാറ്റിയതെന്നാണ് ഖാദി ബോർഡിന്റെ വിശദീകരണം.
ബുള്ളറ്റ് പ്രൂഫ് വാഹനമെത്തുന്നു എന്നത് വലതുപക്ഷ മാധ്യമ സൃഷ്ടിയാണെന്ന് പി ജയരാജൻ താക്കോൽ കൈമാറൽ ചടങ്ങിനിടെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. താൻ ഉപയോഗിച്ചിരുന്ന പഴയ വാഹനം രണ്ടു ലക്ഷം കിലോമീറ്റർ ദൂരം സഞ്ചരിച്ചതായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ കാർ വാങ്ങാനുള്ള ആവശ്യം സർക്കാർ പരിഗണിക്കുന്നതും അനുമതി നൽകികൊണ്ട് ഉത്തരവിറക്കുന്നതും. നവംബർ 17 നാണ് വ്യവസായ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. പഴയ വാഹനം വയനാട് പ്രൊജക്ടിനായി കൈമാറുമെന്നും പി ജയരാജൻ അറിയിച്ചു. ഖാദി ബോർഡിന് പുതിയ കാർ അനുവദിച്ചത് വ്യവസായ വകുപ്പാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group