
സ്വന്തം ലേഖകൻ
തിരുവനന്തപുരം : പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയുമായ പി.ഗോപിനാഥന്‍ നായർ (99) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയിലെ നിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
ന്യൂമോണിയ ബാധിച്ചതായി പരിശോധനയിൽ വ്യക്തമായിട്ടുണ്ടെന്നും ആശുപത്രി പുറത്തു വിട്ട ബുള്ളറ്റിനിൽ വ്യക്തമാക്കിയിരുന്നു. തലച്ചോറിൽ രക്തം കട്ട പിടിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ജൂൺ ആദ്യ വാരം അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്ക് ശേഷം ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും വീണ്ടും വഷളാവുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
1922 ജൂലൈയിൽ നെയ്യാറ്റിൻകരയിൽ ജനിച്ച ഗോപിനാഥൻ നായര്‍ വളരെ ചെറിയ പ്രായത്തിൽ ഗാന്ധിമാർഗ്ഗത്തിൽ എത്തിയ ആളാണ്. കുട്ടിയായിരുന്നപ്പോൾ നെയ്യാറ്റിൻകരയിൽ വന്ന ഗാന്ധിജിയെ നേരിൽ കാണുകയും ചെയ്തു. കോളജ് വിദ്യാർഥിയായിരുന്നപ്പോൾ സ്വാതന്ത്ര്യസമരത്തിനിറങ്ങി. ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത് ജയിലിലായിട്ടുണ്ട്. ജീവിതത്തിൽ ശക്തമായ സ്വാധീനം ചെലുത്തിയത് ശാന്തിനികേതനിലെ പഠനമാണ്.
1946-48 കാലത്ത് ചീനാഭവനിൽ വിശ്വഭാരതി സർവകലാശാലയിൽ ഗവേഷണ വിദ്യാർഥിയായി. 1951ൽ കെ. കേളപ്പൻെറ അധ്യക്ഷതയിൽ രൂപംകൊണ്ട ഗാന്ധി സ്മാരകനിധിയിൽ പ്രവർത്തിച്ചുകൊണ്ടാണ് കേരളത്തിലെ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് അതിൻെറ അധ്യക്ഷ സ്ഥാനത്തത്തെി.
സർവസേവാ സംഘത്തിൻ്റെ കർമസമിതി അംഗമായും അഖിലേന്ത്യാ പ്രസിഡൻറായും സംഘത്തെ നയിച്ചിട്ടുണ്ട്.ഭൂദാനയജ്ഞത്തിന് നേതൃത്വം നൽകിയ വിനോബാഭാവെയുടെ പദയാത്രയിൽ 13 വർഷവും ഗോപിനാഥൻനായർ പങ്കെടുത്തു. ജയപ്രകാശ് നാരായണൻ നയിച്ച സത്യഗ്രഹങ്ങളിൽ പ്രധാന പങ്കുവഹിച്ചു. 2016ല്‍ രാജ്യം പത്മശ്രീ നല്‍കിയ ആദരിച്ചിരുന്നു.
മുൻ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദ് അധ്യക്ഷനായി ദേശീയ നേതാക്കൾ സംഘടിപ്പിച്ച ‘അഖിലേന്ത്യാ ഗാന്ധി സ്മാരക നിധി’യുടെ പ്രാരംഭം മുതൽ കഴിഞ്ഞ ആറു ദശാബ്ദമായി സേവനം അനുഷ്ഠിച്ചവരിൽ ഏറ്റവും മുതിർന്ന പ്രവർത്തകനായിരുന്നു ഗോപിനാഥൻ നായർ.