
സ്വന്തം ലേഖിക
പാലാ : മുഖ്യമന്ത്രി പിണറായി വിജയന് തന്നോടുള്ള പക ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്ന് മുൻ എം എൽ എ പി സി ജോർജ്. രണ്ടു പതിറ്റാണ്ടുകൾക്ക് മുകളിലായ പിണറായി പകയാണ് ഇന്ന് ഒരു സാധാരണ പൊതുപ്രവർത്തകനായ തനിക്കെതിരെ ഉയരുന്നതെന്ന് പി സി ജോർജ് പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാന കമ്മിറ്റിയിൽ നിങ്ങൾ അധിപധ്യം ഉറപ്പിച്ച അന്ന് മുതൽ ഇവിടെ കമ്മ്യൂണിസം മരിച്ചുവെന്നും പിണറായിസമാണ് ഇപ്പോൾ നടപ്പിലാവുന്നതെന്നും പി സി ജോർജ് കുറ്റപ്പെടുത്തി. ‘വി എസ് ഇന്ന് ആരോഗ്യവാനായിരുന്നുവെങ്കിൽ നിങ്ങളുടെ രാജി ആദ്യം ആവശ്യപ്പെടുക അദ്ദേഹമായിരിക്കും. കാരണം, ഭാരതത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഒരേ ഒരു കമ്മ്യൂണിസ്റ്റ് , യഥാർത്ഥ കമ്മ്യൂണിസ്റ്റ് വി എസ് മാത്രമാണെന്നും പി സി ജോർജ് പറഞ്ഞു. എന്നാൽ പി സി ജോർജിന്റെ പോസ്റ്റിനെതിരെ വലിയ തോതിലുള്ള സൈബർ ആക്രമണമാണുണ്ടായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പിണറായിക്ക് തന്നോടുള്ള പകയുടെ ആരംഭം 25 വർഷങ്ങൾക്ക് മുൻപ് 96-97ൽ അദ്ദേഹം നായനാർ മന്ത്രിസഭയിൽ മന്ത്രി കസേരയിൽ എത്തി ചേർന്നതിനു ശേഷമാണെന്നും പി സി ജോർജ് കുറിച്ചു. ‘കേരളം കണ്ടതിൽ വെച്ചേറ്റവും മിടുക്കനായ വൈദ്യുതി മന്ത്രിയാണ് പിണറായി എന്ന് ഞാൻ ആ കാലയളവിൽ നിയമസഭയിൽ പ്രസംഗിക്കുകയുണ്ടായി . എന്നാൽ അതിനു ശേഷം നടന്ന ലാവ്‌ലിൻ ഇടപാടിൽ പിണറായിയുടെ കൈകൾ ശുദ്ധമല്ല എന്ന് മനസിലാക്കിയ ഞാൻ ഇടതു മുന്നണിയിൽ നിന്നുകൊണ്ട് തന്നെ എൻറെ അഭിപ്രായം തിരുത്തുകയും ചെയ്തു .
വി എസ്സുമായി എനിക്കുള്ള ബന്ധവും എൻറെ ചില സ്റ്റെമെന്റ്സും കൂട്ടിവായിച്ച പിണറായി അന്ന് മുതൽ എന്നെ ശത്രുപക്ഷത്തു നിർത്തി തുടങ്ങി . അവിടെ തുടങ്ങുന്നു എന്നോടുള്ള പിണറായി പകയുടെ ആദ്യ അദ്ധ്യായം – പി സി ഫെയ്സ്ബുക്ക് കുറിപ്പിൽ കുറിച്ചു. വി എസ് അച്യുതാനന്ദന്റെ ചിത്രത്തിനൊപ്പമാണ് പി സി ജോർജ് കുറിപ്പ് പങ്കുവച്ചത്. എന്നാൽ പോസ്റ്റിന് താഴെ പി സി ജോർജിനെ വിമർശിച്ച് നിരവധി ആളുകളാണ് കമന്റ് ചെയ്തിരിക്കുന്നത്.




