
കാക്കനാട്: പ്ലൈവുഡ് മില്ലുകളിലേക്ക് മറ്റ് ജില്ലകളില്‍നിന്ന് തടികയറ്റിവരുന്ന വാഹനങ്ങള്‍ അമിതഭാരവും അപകടകരമായ വിധത്തില്‍ ലോറിക്ക് പുറത്തേക്ക് തടികള്‍ തള്ളി നില്‍ക്കുന്നതും ഒഴിവാക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പ്.
പെരുമ്പാവൂര്‍-മൂവാറ്റുപുഴ മേഖലയില്‍ എംസി റോഡിലെയും പരിസരപ്രദേശങ്ങളിലെയും പ്ലൈവുഡ് മില്ലുകളിലേക്ക് മറ്റ് ജില്ലകളില്‍നിന്ന് തടികയറ്റിവരുന്ന വാഹനങ്ങള്‍ക്കാണ് എംവിഡിയുടെ മുന്നറിയിപ്പ്. കോതമംഗലം പെരുമ്പാവൂര്‍, മൂവാറ്റുപുഴ പ്രദേശങ്ങളില്‍ സ്ഥിതിചെയ്യുന്ന പ്ലൈവുഡ് കമ്പനികളിലേക്കായി ദിവസവും തടിയുമായി എം.സി. റോഡ് വഴി അഞ്ഞൂറിലധികം ഭാരവാഹനങ്ങള്‍ എത്തുന്നുണ്ട്.
ഇവ പെരുമ്പാവൂരിലെ മാര്‍ക്കറ്റുകളിലെ വെയ്ബ്രിഡ്ജുകളില്‍ തൂക്കം നോക്കി വില നിശ്ചയിച്ചുകഴിഞ്ഞ ശേഷമാണ് കമ്പനികളില്‍ എത്തുന്നത്. ഈ വാഹനങ്ങള്‍ അപകടകരമായ രീതിയില്‍ പുറത്തേക്ക് തള്ളി നില്‍ക്കുന്നതും അമിതഭാരം കയറ്റുന്നതുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിച്ചതിനേത്തുടര്‍ന്നാണ് എറണാകുളം എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. കെ. മനോജ് ഉത്തരവിട്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവിധ പഞ്ചായത്തുകളില്‍നിന്നും തടികയറ്റിവരുന്ന വാഹനംമൂലം പഞ്ചായത്ത് റോഡ് തകരുകയും വൈദ്യുതിക്കമ്പികള്‍ പൊട്ടുകയും മറ്റ് നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നതായി പരാതികള്‍ ലഭിക്കുന്നുണ്ട്. ഭാരവാഹനങ്ങള്‍ ചെറിയ റോഡുകള്‍ ഒഴിവാക്കി സഞ്ചരിക്കണം.ഡ്രൈവര്‍ക്ക് പുറമേ ഒരു സഹായികൂടി ഈ വാഹനങ്ങളില്‍ ഉറപ്പാക്കണം.
പരിചയസമ്പന്നരായ ഡ്രൈവര്‍മാരെ വാഹനങ്ങളില്‍ നിയോഗിക്കേണ്ടതും ഇവര്‍ ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടതുമാണ്. അമിതഭാരം കയറ്റുന്നത് ഒഴിവാക്കുന്നതിലൂടെ വാഹനത്തിന്റെയും റോഡുകളുടെയും സുരക്ഷയും ഉറപ്പാക്കാന്‍ സാധിക്കുമെന്നും ആര്‍.ടി.ഒ. അറിയിച്ചു.