
അൻപത് വർഷത്തിൻ്റെ പഴക്കമുള്ള ഊട്ടി ലോഡ്ജിൻ്റെ പല ഭാഗങ്ങളും അടർന്ന് വീഴുന്നു; എന്നിട്ടും പുതിയ ഒരു നില കൂടി പണിത് നഗരസഭ; ഊട്ടി ലോഡ്ജിന്റെ നാലാം നിലയ്ക്ക് നിർമാണ ചിലവ് ഒരു കോടി..! കോട്ടയം നഗരസഭ എന്തിന് ഈ ഊട്ടി ലോഡ്ജിനെ തീറ്റിപ്പോറ്റുന്നു; പൊളിച്ച് പണിതാൽ ലക്ഷങ്ങൾ വരുമാനം കിട്ടുമെന്നിരിക്കേ നഗരസഭയുടെ ഒളിച്ചുകളി
സ്വന്തം ലേഖകൻ
കോട്ടയം: നഗരമധ്യത്തിൽ തലയെടുപ്പോടെ ഊട്ടി ലോഡ്ജ് നിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. കോട്ടയം നഗരത്തിലെ തിലകക്കുറി തന്നെ ഈ ലോഡ്ജായിരുന്നു. എന്നാൽ, കാലം മാറി .. ഭരണം മാറി.. മഴ മാറി വെയിൽ മാറി… ഒടുവിൽ ഊട്ടി ലോഡ്ജിനും പ്രായമായി. എന്നാൽ, ഊട്ടി ലോഡ്ജിന്റെ പ്രായത്തിന്റെ അവശതകളെ അംഗീകരിച്ചു നൽകാൻ കോട്ടയം നഗരസഭ ഇനിയും തയ്യാറാകുന്നില്ല.
അൻപത് വർഷത്തിന്റെ പഴക്കമുണ്ട് കോട്ടയം നഗരമധ്യത്തിൽ തിരുനക്കര ബസ് സ്റ്റാൻഡിനു മുകളിൽ നിൽക്കുന്ന ഊട്ടി ലോഡ്ജിന്. ഭിത്തികൾ ഇടിഞ്ഞും, വിണ്ടുകീറിയും പണ്ടേ ദുർബലയാണ് ലോഡ്ജ്. എന്നാൽ, ഒന്നോ രണ്ടോ വർഷം മുൻപാണ് കോട്ടയം നഗരസഭ ഇടിഞ്ഞു വീഴാറായ ഈ കെട്ടിടത്തിന്റെ മുകളിൽ വീണ്ടും നാലാം നില പണിതത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു കോടി രൂപയ്ക്കു മുകളിലാണ് ഈ കെട്ടിടത്തിനു മുകളിൽ ഷീറ്റിടാൻ നഗരസഭ ചിലവഴിച്ചത്. കെട്ടിടം അവകടാസ്ഥയിലായതോടെ നഗരസഭയുടെ ഉടമസത്ഥതയിലുള്ള ഊട്ടി ലോഡ്ജിനെ ഉപേക്ഷിച്ച് വ്യാപാരികളിൽ ഏറെപ്പേരും പുറത്തായി. ആകെ ഒരു ലക്ഷം രൂപയിൽ താഴെ മാത്രമാണ് കോട്ടയം നഗരസഭയ്ക്കു വരുമാനം ഇനത്തിൽ വാടകയായി ഇവിടെ നിന്നും ലഭിക്കുന്നത്.
നേരത്തെ ഇവിടെ പ്രവർത്തിച്ചിരുന്ന കൽപ്പക സൂപ്പർമാർക്കറ്റും അടച്ചു പോയി. ഇതോടെ ഊട്ടി ലോഡ്ജ് ബിൽഡിംങിലെ വാടകയുടെ സിംഹഭാഗവും നഗരസഭയ്ക്കു നഷ്ടമാകുന്ന സ്ഥിതിയായി. പിന്നീട് ഇപ്പോൾ ഉള്ളത് ലോഡ്ജ് മുറിയും, ചെറിയ ഒന്നോ രണ്ടോ കടമുറികളും മാത്രമാണ്. ലോഡ്ജിലാകട്ടെ കാര്യമായ ആളുകൾ എത്തുന്നതുമില്ല. ഇതിനിടെയാണ് നേരത്തെ ഈ കെട്ടിടത്തിന്റെ ഒരു ഭാഗം അടർന്നു വീണത്.
ഏതു നിമിഷവും തകർന്നു വീണ് അപകടാവസ്ഥയിലാകാം ഊട്ടി ലോഡ്ജ്. ഈ സാഹചര്യത്തിൽ നേരത്തെ കോട്ടയം നഗരത്തിലെ സാമൂഹ്യ പ്രവർത്തകർ അടക്കമുള്ളവർ വിഷയത്തിൽ ഇടപെട്ട് പരാതി അടക്കം നൽകിയിരുന്നു. എന്നാൽ, ഊട്ടി ലോഡ്ജിനെ ഉപേക്ഷിക്കാൻ നഗരസഭ ഇനിയും തയ്യാറായിട്ടില്ല.പുതിയ കെട്ടിടം പണിതാൽ നൂറ് കണക്കിന് കടമുറികളും ഒന്നോ രണ്ടോ നിലകളിൽ വാഹന പാർക്കിംഗുമൊക്കെ ലഭിക്കുമിവിടെ,, മാത്രമല്ല സ്ഥലപരിമിതി മൂലം വീർപ്പുമുട്ടുന്ന നഗരസഭ തന്നെ പുതിയ കെട്ടിടത്തിലേക്ക് മാറ്റാവുന്നതാണ് .എന്നിട്ടും ഈ ഒളിച്ചുകളി ആരെ സഹായിക്കാനാണെന്ന് മാത്രം മനസിലാകുന്നില്ല