
കോട്ടയം: മീനച്ചിലാറ്റിലും അനുബന്ധമായ ഇടത്തോടുകളിലും നീര്‍നായ ശല്യം രൂക്ഷമാകുന്നു. വിജയപുരം, കുമരകം, അയ്മനം, ആർപ്പൂക്കര, തിരുവാർപ്പ്, കോട്ടയം, താഴത്തങ്ങാടി എന്നിവിടങ്ങളിലാണ് നീർനായ ശല്യം ഏറ്റവും രൂക്ഷമായുള്ളത്.
ഇതോടെ ആറിന്റെ തീരത്ത് താമസിക്കുന്നവർ ഭീതിയോടെയാണ് കഴിയുന്നത്.
കഴിഞ്ഞ ഞായറാഴ്ച നീർനായ കടിച്ചു കുത്തിവെയ്പ്പ് എടുത്തതിനുശേഷം വീട്ടില്‍ എത്തിയ വേളൂർ സ്വദേശിയായ വീട്ടമ്മ ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. കൂടാതെ മാസങ്ങള്‍ക്ക് മുൻപ് തിരുവാർപ്പ് മീൻചിറ ഭാഗത്ത് തോട്ടില്‍ കുളിക്കാനിറങ്ങിയ ആളെ നീർനായ കടിച്ചു. കടവില്‍ വസ്ത്രം അലക്കുകയായിരുന്ന വീട്ടമ്മയെയും നീർനായ കടിച്ചു. നട്ടാശേരിക്കു സമീപം വെട്ടിയ മീൻ കഴുകാനെത്തിയ വീട്ടമ്മയെ നീർനായ ആക്രമിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആറുകളുടെയും കായലുകളുടെയും സമീപം താമസിക്കുന്നവർ വെള്ളത്തില്‍ ഇറങ്ങാൻ ഭയപ്പെടുകയാണ്. തുണിഅലക്കാനും പാത്രങ്ങള്‍ കഴുകാനും വെള്ളത്തില്‍ ഇറങ്ങാൻ കഴിയാത്ത സ്ഥിതിയാണിപ്പോൾ. ലക്ഷങ്ങള്‍ മുടക്കി മീൻ വളർത്തലില്‍ ഏർപ്പെട്ട കർഷകരും നീർനായ ശല്യം മൂലം പൊറുതിമുട്ടുകയാണ്. കൂട്ടമായെത്തുന്ന ഇവ കുളങ്ങളിലെ മീനുകളെ തിന്നുതീർക്കുകയാണ്. കുളങ്ങള്‍ക്ക് ചുറ്റും കട്ടികൂടിയ വലകള്‍ കൊണ്ട് സുരക്ഷ ഒരുക്കിയിട്ടും ഇവയുടെ ശല്ല്യത്തില്‍ നിന്ന് രക്ഷയില്ലെന്ന് കർഷകർ പറയുന്നു.